പാറശ്ശാല : പാറശ്ശാല ഗ്രാമപ്പഞ്ചായത്ത് മേഖലയിൽ മഴക്കാലപൂർവ ശുചീകരണം കൃത്യമായി ചെയ്യാത്തതുമൂലം ചെറിയ മഴയിലും ഓടകൾ നിറഞ്ഞുകവിയുന്നു. റോഡിൽക്കൂടി ഒഴുകുന്ന ചെളിവെള്ളത്തിൽ കുളിച്ച് യാത്രചെയ്യേണ്ട ഗതികേടിലാണ് കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും.കരമന- കളിയിക്കാവിള പാതയിൽ പവതിയാൻവിള സരസ്വതി ആശുപത്രിക്കു മുന്നിലാണ് ചെറിയ മഴയിൽപ്പോലും ഓട നിറഞ്ഞുകവിഞ്ഞ് റോഡിൽക്കൂടി വെള്ളം മറുഭാഗത്തേക്ക് ഒഴുകുന്നു. മഴ കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞാൽപ്പോലും ഓടയിൽനിന്ന് വെള്ളം റോഡിലേക്ക് ഒഴുകുന്നത് കാൽനടയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്.

To advertise here,

മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളത്തിന് ഓടയിൽക്കൂടി സുഗമമായി ഒഴുകിപ്പോകുവാൻ സാധിക്കാത്തതാണ് ഓട നിറഞ്ഞുകവിയാൻ കാരണമാകുന്നത്.

സ്വകാര്യ ആശുപത്രിയുടെ മുന്നിലായി ഇടതുഭാഗത്തുനിന്ന് റോഡിന്റെ മറുവശത്തേക്ക് റോഡിന് അടിയിൽക്കൂടിയുള്ള പൈപ്പ് വഴിയാണ് വെള്ളം ഒഴുകിപ്പോകുന്നത്. ഈ ഭാഗത്തായി പ്ലാസ്റ്റിക് കുപ്പികളും മാലിന്യവും മണ്ണും അടിഞ്ഞ് പൈപ്പ് പൂർണമായും തടസ്സപ്പെട്ടനിലയിലാണ്. പ്ലാസ്റ്റിക് മാലിന്യത്തിനുപുറമേ മണ്ണും വലിയതോതിൽ ഈ ഭാഗത്ത് കുന്നു കൂടിയിട്ടുണ്ട്.

ഓടയിൽക്കൂടിയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതോടെ ഓട നിറഞ്ഞ് താഴ്ന്നഭാഗത്തുകൂടി വെള്ളം റോഡിലേക്ക് ഒഴുകുകയാണ്.

കരമന കളിയിക്കാവിള പാതയിൽ വാഹനങ്ങൾ വേഗത്തിൽ കടന്നുപോകുന്ന ഭാഗത്തുകൂടിയാണ് ഓടയിൽനിന്നുള്ള വെളളം റോഡിൽക്കൂടി ഒഴുകുന്നത്.

വാഹനങ്ങൾ കടന്നുപോകുമ്പോൾ ഓടയിൽനിന്നുള്ള മലിനജലം ഇരുവശത്തേക്കും തെറിക്കുകയും ഇത് കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും ശരീരത്തിൽ പതിക്കുകയാണ്.

ഈ ഭാഗത്തായി റോഡിൽക്കൂടി ഒഴുകുന്ന മലിനജലത്തിൽ ചവിട്ടി നടക്കേണ്ട ഗതികേടിലാണ് കാൽനടയാത്രക്കാർ.

മുൻകാലങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തുക പതിവായിരുന്നു.

എന്നാൽ, ഇക്കൊല്ലം മഴക്കാലപൂർവ ശുചീകരണത്തിൽ വീഴ്ചയുണ്ടായതായി ആരോപണം ഉയരുന്നു.

പാറശ്ശാല ടൗൺ മേഖല, പരശുവയ്ക്കൽ, ഇടിച്ചക്കപ്ലാമൂട് മേഖലകളിൽ കരമന കളിയിക്കാവിള പാതയുടെ ഇരു വശത്തെയും ഓടകൾ പലയിടങ്ങളിലും മണ്ണുനിറഞ്ഞ് പൂർണമായും അടഞ്ഞനിലയിലാണ്.