തിരുവനന്തപുരം : വാഴോട്ടുക്കോണം കൗൺസിലർ ആർ. സുഗതനെതിരേ പോലീസ് കാപ്പാ കേസ് ചുമത്തിയതിൽ പ്രതിഷേധിച്ച് കോർപ്പറേഷനിലെ ബി.ജെ.പി. കൗൺസിലർമാർ നിയമസഭയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് നിയമസഭയ്ക്ക് മുന്നിലായി ബാരിക്കേഡ് വെച്ച് തടഞ്ഞു. ധർണ വി. മുരളീധരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കോർപ്പറേഷൻ ഭരണം അട്ടിമറിക്കാനാണ് യു.ഡി.എഫ്. സർക്കാരിന്റെ നിർദേശപ്രകാരം സുഗതനെതിരേ പോലീസ് കാപ്പാ കേസ് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സർക്കാരും പ്രതിപക്ഷവും അട്ടിമറിക്കാൻ ശ്രമിക്കുന്നു.
ഡൽഹിയിലെ കോൺഗ്രസ് നേതൃത്വം നൽകുന്ന സമരത്തിലും കേന്ദ്രസർക്കാരിനെ ഭരണത്തിൽനിന്നു താഴെയിറക്കാനാണ് ലക്ഷ്യം. ഇതേ മാതൃകയാണ്
കോർപ്പറേഷനിൽ ഭരണം നഷ്ടപ്പെട്ടവരും കാണിക്കുന്നത്. ഫെയ്‌സ് ബുക്കിലൂടെ ജനപിന്തുണ ഉറപ്പിക്കാനാണ് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുഗതനെതിരേ കാപ്പാ ചുമത്തിയത് നിയമവിരുദ്ധമായാണെന്ന് കൗൺസിലർ ആർ. ശ്രീലേഖ പറഞ്ഞു. കാപ്പാ പോലുള്ള ഗുരുതരവകുപ്പ് ചേർത്തതിൽ പോലീസിന് മറ്റ് ലക്ഷ്യങ്ങളുണ്ട്. സുഗതനെ വിയ്യൂരിലേക്ക് കൊണ്ടുപോയത് മനഃപൂർവം കുടുംബത്തെ വേട്ടയാടാൻ വേണ്ടിയാണ്.
കോർപ്പറേഷനിലെ ബി.ജെ.പി. ഭരണം അട്ടിമറിക്കാനാണ് ഇത്തരമൊരു കേസ് പോലീസ് എടുത്തിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. വിവാദ രാജിപ്രഖ്യാപനത്തിനുശേഷം ആദ്യമായാണ് ശ്രീലേഖ പാർട്ടി പരിപാടിക്കെത്തുന്നത്.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബി.ജെ.പി. ജനറൽ സെക്രട്ടറി എസ്. സുരേഷ്, ശോഭാ സുരേന്ദ്രൻ, ബി.ജെ.പി. സിറ്റി ജില്ലാപ്രസിഡന്റ് കരമന ജയൻ, കൗൺസിലർമാരായ കരമന അജിത്ത്, പാപ്പനംകോട് സജി, എസ്.കെ. ശ്രീദേവി, സിമി ജ്യോതിഷ്, എസ്.എസ്. സന്ധ്യാറാണി, സുമി ബാലു, അർച്ചന മണികണ്ഠൻ, ചെമ്പഴന്തി ഉദയൻ, ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് എന്നിവർ പങ്കെടുത്തു.
Published: 14 Oct 2026, 02:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented