പുതുക്കാട് : സൂപ്രണ്ട് നിർദേശിച്ച സമയപരിധി കഴിഞ്ഞിട്ടും ഒഴിയാൻ തയ്യാറാകാതിരുന്ന സ്വകാര്യ പാലിയേറ്റീവ് സൊസൈറ്റി പ്രതിഷേധത്തെത്തുടർന്ന് അടപ്പിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രിക്കെട്ടിടത്തിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന സുസ്ഥിര പാലിയേറ്റീവ് സൊസൈറ്റിയാണ് കോൺഗ്രസ്, ബി.ജെ.പി. പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് അടപ്പിച്ചത്.

To advertise here,

കഴിഞ്ഞ ദിവസം കെട്ടിടമൊഴിയാൻ ആശുപത്രി സൂപ്രണ്ട് സൊസൈറ്റി അധികൃതർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ഉത്തരവിൽ പറഞ്ഞ 24 മണിക്കൂർ സമയപരിധി കഴിഞ്ഞിട്ടും കെട്ടിടം ഒഴിയാൻ തയ്യാറാകാതിരുന്നതോടെ കോൺഗ്രസ്, ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിന്റെ മുറിയിലിരുന്ന് പ്രതിഷേധിച്ചു. സൂപ്രണ്ട് വിവരമറിയിച്ചതിനെത്തുടർന്നെത്തിയ പുതുക്കാട് പോലീസിന്റെ സാന്നിധ്യത്തിലാണ് പാലിയേറ്റീവ് സൊസൈറ്റിയുടെ മുറി ആശുപത്രി സൂപ്രണ്ട് താഴിട്ടുപൂട്ടിയത്. അടുത്ത ദിവസം സൊസൈറ്റിയിലെ സാമഗ്രികൾ മാറ്റണമെന്ന് പോലീസ് നിർദേശിച്ചു.

കളക്ടറുടെ നിർദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവിലാണ് നടപടി. കോൺഗ്രസ് ബ്ലോക്ക് ജനറൽസെക്രട്ടറി വർഗീസ് തെക്കേത്തല, ബി.ജെ.പി. പുതുക്കാട് പഞ്ചായത്തുസമിതി അംഗങ്ങളായ ബേബി കീടായിൽ, ജോയ് മഞ്ഞളി എന്നിവരുടെ പരാതിയിലാണ് തീരുമാനം. 24 മണിക്കൂറിനുള്ളിൽ പ്രവർത്തനം നിർത്തിവെച്ച് കെട്ടിടത്തിൽനിന്ന് ഒഴിയാനായിരുന്നു സൂപ്രണ്ടിന്റെ ഉത്തരവിൽ പറഞ്ഞിരുന്നത്.

കാലപ്പഴക്കമുള്ള ആശുപത്രിക്കെട്ടിടത്തിലെ പുരുഷവാർഡ് അപകടാവസ്ഥയിലാണെന്ന് ബ്ലോക്ക് പഞ്ചായത്ത് അസി. എൻജിനീയറുടെ റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് സൂപ്രണ്ടും ജില്ലാ മെഡിക്കൽ ഓഫീസറും കളക്ടറും നിർദേശം നൽകിയിട്ടും സൊസൈറ്റി കെട്ടിടമൊഴിയാൻ തയ്യാറായിരുന്നില്ല. തുടർന്ന് കളക്ടറുടെ ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

പരാതിക്കാരായ വർഗീസ് തെക്കേത്തല, ജോയ് മഞ്ഞളി, ബേബി കീടായി, കോൺഗ്രസ് നേതാക്കളായ സുധൻ കാരയിൽ, രാജു തളിയപറമ്പിൽ, ഷാജു കാളിയേങ്ങര, സിജു പയ്യപ്പിള്ളി, ബി.ജെ.പി. മണ്ഡലം ജനറൽസെക്രട്ടറി വിജു തച്ചംകുളം, സെക്രട്ടറി ജിബിൻ പുതുപ്പുള്ളി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.