ചെറായി : തീരപ്രദേശത്ത് കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്ന മുന്നറിയിപ്പോടെ തീരം ആശങ്കയിൽ. കഴിഞ്ഞ രണ്ടുദിവസമായി ബീച്ചിലെത്തുന്ന സഞ്ചാരികൾ കടലിലിറങ്ങാതെ തിരിച്ചുപോകുകയാണ്. കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്ന സൂചന വന്നതോടെ കടലിലിറങ്ങരുതെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടാഴ്ച മുൻപുണ്ടായ കള്ളക്കടൽ പ്രതിഭാസത്തിൽ ചെറായി ബീച്ച്, കാറ്റാടി ബീച്ച് എന്നിവിടങ്ങളിൽ വെള്ളം കയറിയിരുന്നു.

To advertise here,

ഇടയ്ക്കിടെ കള്ളക്കടൽ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടാകാറുണ്ട്.

വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ മൊബൈൽഫോണുകളിൽ അടിയന്തര എസ്.എം.എസ്. തുടർച്ചയായ ബീപ് ശബ്ദത്തോടെ മുഴങ്ങുന്നതു കേട്ടാണ് തീരദേശ ജില്ലകളിലെ പലരും ഞെട്ടിയുണർന്നത്.

കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന ഔദ്യോഗിക മുന്നറിയിപ്പ്‌ തീരദേശത്ത് ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചു.

രാത്രി ഉറക്കത്തിനിടയിലുണ്ടായ ഈ മുന്നറിയിപ്പ് വൈപ്പിൻ ഉൾപ്പെടെയുള്ള വിവിധ തീരപ്രദേശങ്ങളിലെ ജനങ്ങളിൽ വലിയ തോതിൽ ആശങ്ക സൃഷ്ടിച്ചു.

ദേശീയ സമുദ്രസ്ഥാപനമായ ഇൻകോയിസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, കെ.എസ്.ഇ.ഒ.സി. എന്നിവയുടെ സംയുക്ത മുന്നറിയിപ്പ് പ്രകാരം 26-ന്‌ പുലർച്ചെ 2.30 മുതൽ 28 തിങ്കളാഴ്ച പുലർച്ചെ 2.30 വരെ കേരള തീരത്ത് ഒരു മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഈ ജാഗ്രതാ നിർദേശം 28 വരെ നിലവിലുണ്ട്.

തീരദേശവാസികൾക്ക് മുൻകൂട്ടി യാതൊരു മുന്നറിയിപ്പും നൽകാതെ പെട്ടെന്ന് കടലേറ്റം രൂക്ഷമാകുന്ന പ്രതിഭാസമാണ് 'കള്ളക്കടൽ'. സാധാരണയായി തീരത്ത് കാറ്റ് ഇല്ലാതിരിക്കുമ്പോഴോ, കാലാവസ്ഥ ശാന്തമായിരിക്കുമ്പോഴോ ആയിരിക്കും ഇത് സംഭവിക്കുക.

ആഴക്കടലിൽ രൂപപ്പെടുന്ന ശക്തമായ തിരമാലകൾ ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് തീരത്തേക്ക് അടിച്ചുകയറുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. താഴ്ന്ന പ്രദേശങ്ങളിലേക്ക് പെട്ടെന്ന് വെള്ളം ഇരച്ചുകയറാനും കടലേറ്റത്തിനും ഇത് ഇടയാക്കും.