പരിയാരത്തെ ശൗചാലയസമുച്ചയം പ്രവർത്തനസജ്ജമാക്കണമെന്നാവശ്യം

To advertise here,

പരിയാരം : അതിരപ്പിള്ളി റോഡിൽ പരിയാരം പഞ്ചായത്തിലെ കപ്പത്തോട് പാലത്തിനു സമീപം ഭാഗികമായി പ്രവർത്തിച്ചുവരുന്ന ടേക്ക് എ ബ്രേക്ക് വഴിയിട വിശ്രമകേന്ദ്രം അപകടഭീഷണിയിലാണെന്നും പ്രവർത്തനസജ്ജമാക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിഷേധിച്ചു.

പഞ്ചായത്ത് പ്ലാൻ ഫണ്ടും ശുചിത്വ മിഷൻഫണ്ടും ഉപയോഗിച്ച് രണ്ട് മുറികളും ശൗചാലയങ്ങളുമായി നിർമിച്ചതാണ് വിശ്രമകേന്ദ്രം. സ്ത്രീകൾക്ക് രണ്ട് ടോയ്‌ലറ്റും പുരുഷൻമാർക്കായി മൂന്ന് ടോയ്‌ലറ്റും മൂന്ന് യൂറിനലും സ്ഥാപിച്ചിട്ടുണ്ട്. വീൽച്ചെയറിൽ വരുന്നവർക്ക് ഉപയോഗിക്കാനായി റാമ്പ് സൗകര്യവുമുണ്ടെങ്കിലും ഇതെല്ലാം പൂട്ടിയിട്ടിരിക്കുകയാണ്.

2024 സെപ്റ്റംബറിൽ ആർ. ബിന്ദു മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്‌തെങ്കിലും പല കാരണങ്ങളാൽ ഏറെനാൾ അടഞ്ഞ് കിടന്നിരുന്നു. പിന്നീട് പ്രവർത്തനം പുനരാരംഭിച്ചെങ്കിലും വഴിയിടം പദ്ധതി ലക്ഷ്യം കാണാതെപോയി. കുടുംബശ്രീയുടെ ചായക്കട മാത്രമായാണ് പ്രവർത്തിക്കുന്നതെന്നും ശൗചാലയസമുച്ചയം തുറക്കുന്നില്ലെന്നും കെട്ടിടം തകർച്ചഭീഷണിയിലാണെന്നുമാണ് പരാതി.

നികത്തിയെടുത്ത സ്ഥലമാണ് വഴിയിടത്തിനായി കണ്ടെത്തിയത്. സ്ഥലം കണ്ടെത്തിയ സമയത്ത് ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും അവഗണിച്ചെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. ചുമരുകളിൽ വിള്ളലും ടൈലുകൾ താണുപോയനിലയിലുമാണ്.

അറ്റകുറ്റപ്പണികൾ നടത്തി അപകടഭീഷണി ഒഴിവാക്കി ശൗചാലയ സമുച്ചയം വിനോദസഞ്ചാരികൾക്കുപയോഗിക്കാൻ സൗകര്യമൊരുക്കണമെന്നും പഞ്ചായത്തംഗങ്ങളായ സ്മിതാ ജോയ്, ജോഷി മാളിയേക്കൽ, എ.വി. ബാബു, ജിസ്മി ബിനോയ്, പോളി വടക്കുമ്പാടൻ, ലിജി സെബാസ്റ്റ്യൻ, ഷാലി ആന്റോ, എം.എൽ. ജോസഫ് എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യക്കാർ വരുമ്പോൾ ശൗചാലയങ്ങൾ തുറന്നുകൊടുക്കുന്നുണ്ടെന്ന് നടത്തിപ്പുകാർ പറഞ്ഞു.