കോതമംഗലം : മാർത്തോമ്മ ചെറിയപള്ളിയിൽ പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ 341-ാം ഓർമപ്പെരുന്നാളിന്റെ രണ്ടാം ദിവസം കൽക്കുരിശ് പെരുന്നാളായി ആഘോഷിച്ചു.

To advertise here,

രാവിലെ പള്ളിയിൽ നടന്ന അഞ്ചിന്മേൽ കുർബാനയ്ക്ക് മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പ്രധാനകാർമികത്വം വഹിച്ചു.

കുർബാനയ്ക്കുശേഷം പരിശുദ്ധ ബാവ കാലം ചെയ്തപ്പോൾ ദിവ്യ പ്രകാശം ചൊരിഞ്ഞ പടിഞ്ഞാറേ കൽക്കുരിശിലേക്ക് പ്രദക്ഷിണമായിട്ടായിരുന്നു ആഘോഷ പരിപാടി. വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ, സഹവികാരിമാർ, ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിങ് കമ്മിറ്റി അംഗങ്ങൾ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഞായറാഴ്ച രാവിലെ 6-ന് ആദ്യത്തെ കുർബാനയ്ക്ക് മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയും 7.30-ന് രണ്ടാമത്തെ കുർബാനയ്ക്ക് കുര്യാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്തയും 9-ന് മൂന്നാമത്തെ കുർബാനയ്ക്ക് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയും കാർമികത്വം വഹിക്കും. വൈകീട്ട് 5.45-ന് സന്ധ്യാ നമസ്‌കാരവും തുടർന്ന് 6.30-ന് ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കുർബാനയും ഉണ്ടാകും.

അവലോകനയോഗം നടത്തി

കോതമംഗലം : മർത്തോമ്മ ചെറിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് നഗരത്തിലും പള്ളിപ്പരിസരത്തും ആവശ്യമായ ക്രമീകരണങ്ങളും ശുചീകരണ പ്രവർത്തനങ്ങളും ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ അവലോകനവും നടത്തി. നഗരസഭാ ചെയർപേഴ്‌സൺ ഭാനുമതി രാജു മുഖ്യപ്രഭാഷണം നടത്തി.

വൈസ് ചെയർമാൻ പ്രിൻസ് വർക്കി അധ്യക്ഷനായി. തഹസിൽദാർ കെ.എസ്. സതീശൻ ക്രമീകരണങ്ങൾ വിശദീകരിച്ചു.

ചെറിയപള്ളി വികാരി ഫാ. സാജു കുരിക്കപ്പിള്ളി സംസാരിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, കൗൺസിലർമാർ എന്നിവർ സന്നിഹിതരായി. പ്രതിപക്ഷനേതാവ് സി.പി.എസ്. ബാലൻ നന്ദി പറഞ്ഞു.