ഡ്രൈവറുടെ കാലിന് ഗുരുതര പരിക്ക്
വാണിയൻപാറ : മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ വാണിയൻപാറ മേലേച്ചുങ്കത്ത് അപകടത്തിൽപ്പട്ട് റോഡിൽക്കിടന്ന ചരക്കുലോറിക്കു പിറകിലിടിച്ച് കണ്ടെയ്നർലോറി ഡ്രൈവർക്ക് ഗുരുതരപരിക്ക്. കോട്ടയം സ്വദേശി മനു(48)വിന്റെ കാലുകൾക്കാണ് പരിക്കേറ്റത്. കണ്ടെയ്നറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഒരു മണിക്കൂർ സമയമെടുത്താണ് മനുവിനെ പുറത്തെടുത്തത്. ആലത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശ്ശൂർ-പാലക്കാട് പാതയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന അടിപ്പാതയ്ക്കു സമീപം സ്ഥാപിച്ച മിനി കോൺക്രീറ്റ് ഗർഡറിലാണ് ചരക്കുലോറി ഇടിച്ചു കിടന്നിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയ്ക്കായിരുന്നു അപകടം. യന്ത്രത്തകരാർമൂലം നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു അപകടം. പീച്ചി പോലീസും ഹൈവേ റിക്കവറിവിഭാഗവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അനാസ്ഥ തുടരുന്നു
മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ ഒരിടത്തുപോലും അപകടസാധ്യതയോ നിർമാണമോ കാണിക്കുന്ന സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ. എളനാട്, പഴയന്നൂർ, തിരുവില്വാമല, കണ്ണമ്പ്ര മേഖലകളിൽനിന്നു വരുന്ന ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ലോറിയപകടം. ഇവിടെ അടിപ്പാതനിർമാണം നടക്കുന്നതിനാൽ ഒറ്റവരിയായാണ് വാഹനങ്ങളെ കടത്തിവിടുന്നത്. എന്നാൽ, സംസ്ഥാനപാതയിൽനിന്ന് വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതു കാണിക്കുന്ന സൂചനാബോർഡ് എവിടെയുമില്ല.
സൗജന്യസേവനം എങ്ങനെ ലഭിക്കുമെന്നറിയില്ല
ദേശീയപാതയിൽ ടോൾ കൊടുത്ത് കടന്നുപോകുന്ന വാഹനങ്ങൾ കേടാകുകയോ അപകടത്തിൽപ്പെടുകയോ ചെയ്താൽ നിർമാണക്കമ്പനി സൗജന്യമായി സ്ഥലത്തെത്തി വാഹനം നീക്കംചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നാണ് ചട്ടം.
എന്നാൽ, ഇത്തരം അടിയന്തരസാഹചര്യങ്ങളിൽ ആരെ ബന്ധപ്പെടണമെന്നത് ആർക്കും വ്യക്തമല്ല. നിശ്ചിത ദൂരമിടവിട്ട് അടിയന്തരസാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺനമ്പർ സ്ഥാപിക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും നടപ്പായിട്ടില്ല.
ഒരിടത്തും വെളിച്ചമില്ല
വാണിയൻപാറയിലുണ്ടായ അപകടകാരണം വെളിച്ചക്കുറവാണ്. ആദ്യം അപകടത്തിൽപ്പെട്ട ലോറി റോഡിൽക്കിടക്കുന്നത് അതുവഴി കടന്നു വരുന്ന വാഹനങ്ങൾക്ക് കാണാൻ സാധിക്കില്ലായിരുന്നു. പ്രദേശത്ത് ചെറിയ വളവായതിനാലും ഒറ്റവരിഗതാഗതം മാത്രമേയുള്ളൂവെന്നതിനാലും അപകടസാധ്യതയും കൂടുതലാണ്.
ആദ്യം നിർമാണം പൂർത്തീകരിച്ച് തുറന്നുകൊടുത്ത വഴുക്കുംപാറ മേൽപ്പാലത്തിൽപ്പോലും വൈദ്യുതിവിളക്കുകളായിട്ടില്ല.
Published: 12 Sept 2026, 03:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented