ചെറായി : കടൽ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവരെ ബുദ്ധിമുട്ടിക്കുന്ന സമീപനത്തിൽ നിന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ പിന്മാറണമെന്ന് ഹൈബി ഈഡൻ എം.പി. ചെറുമീൻ പിടിത്തം പോലുള്ള പ്രവണതകൾ എതിർക്കപ്പെടേണ്ടതാണെങ്കിലും അനാവശ്യമായ കടുംപിടുത്തം ഒഴിവാക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

മുനമ്പം ഫിഷിങ് ഹാർബർ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ, ഹൈബി ഈഡൻ എം.പി., ടോണി ചമ്മണി എം.എൽ.എ. എന്നിവർ മുനമ്പം ഫിഷിങ് ഹാർബർ സന്ദർശിച്ച ശേഷം മുനമ്പം മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുനമ്പം വ്യാസ നഗറിൽ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ചെയർമാൻ പി.പി. ഗിരീഷ് അധ്യക്ഷത വഹിച്ചു. മുനമ്പം ഹാർബറിന്റെ വികസനത്തെ നാടിന്റെ വികസനമായാണ് സർക്കാർ കാണുന്നത്. അക്കാര്യം മുൻനിർത്തി ഹാർബറിന് വേണ്ടി വൻ വികസന പദ്ധതികൾ ആവിഷ്‌കരിച്ച മന്ത്രിയും അതിന് പിന്തുണ നൽകുന്ന എം.എൽ.എ.യും അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പം ഹാർബറിന്റെ നവീകരണ പ്രവർത്തനം എത്രയുംവേഗം ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്ന് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു.

സമിതി കൺവീനർ കെ.ബി. രാജീവ്, ഐ.എൻ.ടി.യു.സി. പ്രസിഡന്റ് എം.ജെ. ടോമി, കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.കെ. ബാബു, പി.എസ്. ഷൈൻ കുമാർ, സി.എസ്. ശൂലപാണി, രഞ്ജൻ തേവാലിൽ, എ.ആർ. ബിജുകുമാർ, പി.എ. വില്യംസ്, ഷമീർ ബാവ, പി.എ. സോതിഷ്, കെ.എസ്. തമ്പി, ടി.എസ്. രത്‌നാകരൻ, സനൽ എന്നിവർ പ്രസംഗിച്ചു.