പുഴയ്ക്കലിലെ വ്യവസായ പാർക്ക്

To advertise here,

തൃശ്ശൂർ: പുഴയ്ക്കലിലെ വ്യവസായ പാർക്കിന്റെ ഒന്നാം സമുച്ചയത്തിൽ വിതരണംചെയ്യുന്ന കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ 200 മടങ്ങ് അധികം. 2016-ൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ തുറന്നുകൊടുത്ത പാർക്കിന്റെ ഒന്നാം സമുച്ചയത്തിൽ ഇപ്പോൾ അഞ്ച് വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പണികളെല്ലാം പൂർത്തിയാക്കി എന്നെങ്കിലും പാർക്ക് സമ്പൂർണ സജ്ജീകരണങ്ങളോെട പ്രവർത്തനം തുടങ്ങുമെന്ന പ്രതീക്ഷയിൽ സംരംഭങ്ങൾ ആരംഭിച്ചവരാണിവർ. പത്തുവർഷം മുൻപ് പാർക്കിലേക്ക് വെള്ളമെടുക്കാനായി വലിയ കിണർ നിർമിച്ചിരുന്നു.

വലിയ ജലശുദ്ധീകരണശാലയും സ്ഥാപിച്ചു. പത്തുവർഷത്തോളം ഉപയോഗിക്കാതെ കിടന്നതോട ജലശുദ്ധീകരണി കേടായി. കിണറ്റിൽനിന്നുള്ള വെള്ളം ഉപയോഗിച്ചതോടെ ജീവനക്കാർക്ക് ത്വഗ്രോഗം പിടിപെട്ടു. വാട്ടർ അതോറിറ്റിയുടെ ലാബിൽ പരിശോധിച്ചപ്പോഴാണ് കോളിഫോം ബാക്ടീരിയയുടെ അളവ് 200 മടങ്ങ് അധികമാണെന്ന് കണ്ടെത്തിയത്. സമീപത്തെ താമസയിടങ്ങളിൽനിന്നും ആശുപത്രികളിൽനിന്നും മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. തുറന്ന കിണറിനോടൊപ്പം ഉപയോഗിക്കാനായി കുഴിച്ച കുഴൽകിണറിലെ മോട്ടോർ മോഷണം പോയി. ബഹുനില വ്യവസായ പാർക്കിന്റെ ഒന്നാം സമുച്ചയത്തിലെ ഹൈഡ്രന്റ് തുരുമ്പെടുത്ത് നശിച്ചു. എമർജൻസി കോണിക്ക് കൈവരിയില്ല.

അഗ്‌നിരക്ഷാസേനയുടെ അനുമതി കിട്ടാനുള്ള ഫയർ റാഡ് ഇല്ല. ലിഫ്റ്റും ട്രാൻസ്‌ഫോർമറുമില്ല. മോട്ടോറുകളെല്ലാം നന്നാക്കാനാകാത്ത വിധം നശിച്ചു. ഇതിനാൽ ഇവിടെ ആരംഭിക്കുന്ന കമ്പനികൾക്കും ജീവനക്കാർക്കും ഇൻഷുറൻസ് കിട്ടില്ല. പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത വ്യവസായ പാർക്കിൽ സാഹസം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നുമില്ല.