വൈദ്യുതിത്തകരാറുകൾ പതിവായിട്ടും പരിഹാരമില്ലെന്ന് ആക്ഷേപം
മൂലമറ്റം : തകരാറുകൾ പതിവായതോടെ മൂലമറ്റം സെക്‌ഷൻ ഓഫീസ് പരിധിയിലെ ആയിരക്കണക്കിന് ഉപഭോക്താക്കൾ ദുരിതത്തിൽ.
ദിവസവും എട്ടുംപത്തും തവണ വൈദ്യുതിപോകും. തിരികെ വരാൻ മണിക്കൂറുകളെടുക്കും. ഫ്യൂസ് പോകുന്ന കേസുകളിൽപോലും വേഗത്തിൽ പരിഹാരമുണ്ടാകുന്നില്ലെന്ന പരാതി ശക്തമാണ്.
അടിക്കടി വൈദ്യുതി മുടങ്ങുന്നത് വൈദ്യുതി ഉപകരണങ്ങളെയും കുഴപ്പത്തിലാക്കുന്നു. അറക്കുളം, മുട്ടം, കുടയത്തൂർ പഞ്ചായത്തുകളിലെ 20,000- ത്തോളം ഉപഭോക്താക്കളാണ് മൂലമറ്റം സെക്ഷന് കീഴിലുള്ളത്.
മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരില്ലാത്തതും കെടുകാര്യസ്ഥതയുമാണ് പരിഹാരം നീളാൻ കാരണമാകുന്നതെന്ന് താഴേത്തട്ടിലെ ജീവനക്കാർ പറയുന്നു.
നാഥനില്ലാത്തസെക്‌ഷൻ ഓഫീസ്
അസി. എൻജിനീയറും അസി. എക്‌സി. എൻജിനീയറുമില്ലാതായിട്ട് മാസങ്ങളായി.
മൂന്ന് സബ് എൻജിനീയർമാരാണുള്ളത്. ഇവരിലൊരാൾക്ക് എ.ഇ.യുടെ ചുമതലയും. എന്നാൽ, ഒന്നും നേരാംവണ്ണമല്ല നടക്കുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ജീവനക്കാരുടെ കുറവല്ല തകരാറുകൾ പരിഹരിക്കുന്നതിന് യഥാവിധം ജീവനക്കാരെ ക്രമീകരിക്കാത്തതാണ് പ്രശ്‌നമാകുന്നത്.
സാധാരണനിലയിൽ പതിവ് അവലോകന യോഗത്തിന് ശേഷം രാവിലെ എട്ടരയോടെ ജീവനക്കാർ ഫീൽഡിലിറങ്ങും. എന്നാൽ, ഇപ്പോൾ പത്തരയോടെയാണ് ഇത് നടക്കുന്നത്.
അതിനാലാണ് പരിഹരിക്കപ്പെടുന്ന കേസുകളുടെ എണ്ണം കുറയുന്നതെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം യോഗത്തിൽ ചൂണ്ടിക്കാട്ടിയ ജീവനക്കാരെ ഒറ്റപ്പെടുത്തി അപ്രധാന സെക്‌ഷനുകളിലേയ്ക്ക് മാറ്റിയ സംഭവവുമുണ്ട്.
വൈദ്യുതി വരും പോകും
ഇലപ്പള്ളി, അറക്കുളം, പറപ്പിൻകര, ഞരളംപുഴ, പതിപ്പള്ളി, കോട്ടയംമുന്നി, മൈലാടി, മുട്ടം ഹൈസ്‌കൂൾ ഭാഗം, കുടയത്തൂർ, കാഞ്ഞാർ തുടങ്ങിയ ഇടങ്ങളിലാണ് വൈദ്യുതിത്തകരാറുകൾ ഏറെയും.
അറക്കുളം പുത്തൻപള്ളി കവലയ്ക്ക് സമീപം ലൈനിലെ സ്ഥിരം തകരാറിന് പ്രധാന കാരണം എർത്തിങ് ആണെന്ന് കണ്ടെത്തിയിട്ട് ആറുമാസമായിട്ടും പരിഹരിച്ചിട്ടില്ല. ഇലപ്പള്ളിയിലെ വൈദ്യുതിത്തകരാറുകൾ ആഴ്ചകളായിട്ടും തുടരുന്നു.
ടച്ച് വെട്ട് കടലാസിൽമാത്രം
ലൈനിലെ ടച്ചിങ് നീക്കാത്തതും തകരാറുകൾക്ക് കാരണമായി ജീവനക്കാർ പറയുന്നു. എൽ.ടി. ലൈനിലെ ടച്ചിങ് നീക്കിയിട്ട് അഞ്ചുവർഷത്തിലേറെയായി. ഒൻപത് ഫീഡറുകളും മൂന്ന് സബ്‌സ്റ്റേഷനുമാണുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ തകരാറുകൾ വരുന്നത് അറക്കുളം ഫീഡറിലാണ്. മൂന്നുദിവസം വരെ പരിഹാരമില്ലാതെ വന്ന കേസുകളുണ്ട്.
തകരാറുകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അറക്കുളം ഒൻപതാം വാർഡംഗവും സി.പി.എം. നേതാവുമായ പി.ഡി. സുമോൻ വൈദ്യുതി ബോർഡധികൃതർക്ക് പരാതി നൽകി. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സെക്‌ഷൻ ഓഫീസിനുമുൻപിൽ സമരം നടത്തുമെന്നും സുമോൻ അറിയിച്ചു.
Published: 13 Oct 2026, 03:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented