തൃശ്ശൂർ : അഷ്ടമൂർത്തിയുടെ ‘ജമന്തിപ്പൂക്കൾ- നീണ്ടകഥയുടെ കഥ’യുടെ പ്രകാശനവേദി മലയാളത്തിന്റെ ജനപ്രിയ നോവൽക്കാലത്തിന്റെ ഓർമപുതുക്കലായി. ഇത്തരം കഥകളിൽനിന്നാണ് എത്രയോ സൂപ്പർഹിറ്റ് സിനിമകളുണ്ടായതെന്ന് പ്രകാശനം നിർവഹിച്ച സംവിധായകൻ കമൽ ഓർമിച്ചു. ഈ നോവലിന് ചരിത്രപരമായ പ്രാധാന്യംകൂടിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൃഹാതുര ഓർമകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതാണ് നോവലെന്നു പുസ്തകം ഏറ്റുവാങ്ങിയ കവി സുഷമ ബിന്ദു പറഞ്ഞു. തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടുപോലുള്ള ഒരു എഴുത്തുകാലഘട്ടത്തിന്റെ ചരിത്രം ഇതിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

To advertise here,

 

1970-80 കാലങ്ങളിലുണ്ടായിരുന്ന ജനപ്രിയ എഴുത്തുകൾ മാറ്റങ്ങളോടെ ആവർത്തിക്കുന്ന സമയത്താണ് ഈ നോവൽ വരുന്നതെന്നു പുസ്തകം പരിചയപ്പെടുത്തിയ ശ്യാമ ശശിധരൻ പറഞ്ഞു. ജനപ്രിയതയോട് മലയാളിക്ക് അകൽച്ചയുണ്ടായിരുന്നുവെന്ന് അനുഭവം പങ്കുവെച്ച എഴുത്തുകാരൻ വി. ദിലീപ് പറഞ്ഞു. ജനപ്രിയമാസികകളിൽ എഴുതാൻ മുഖ്യധാരാസാഹിത്യകാരൻമാർ മടിച്ചിരുന്നുവെന്നും പലരും പേരുമാറ്റിയെഴുതിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

80-കളിലെ ജനപ്രിയ എഴുത്തുകളുടെ അവസാനത്തിനു കാരണം ഗുണനിലവാരം കുറഞ്ഞതാകാമെന്നും സീരിയലുകൾ അല്ലെന്നും മറുപടിപ്രസംഗത്തിൽ എഴുത്തുകാരൻ അഷ്ടമൂർത്തി അഭിപ്രായപ്പെട്ടു. പലപ്പോഴും മുന്നോട്ട് എന്ത് എന്നറിയാതെ നിൽക്കുന്ന അവസ്ഥ ഈ നോവലിന്റെ രചനാസമയത്തുണ്ടായി. പഴയ പ്രസിദ്ധീകരണങ്ങളിലൂടെയുള്ളത് വല്ലാത്ത യാത്രയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി ബുക്‌സ് നവീകരിച്ച പുസ്തകശാലയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായാണു പുസ്തകപ്രകാശനം നടന്നത്.