റോഡുപണി ഉടൻ തുടങ്ങുമെന്ന് എൻ.കെ. അക്ബർ എം.എൽ.എ
ചാവക്കാട് : വർഷങ്ങളായി തകർന്നുകിടക്കുന്ന ചാവക്കാട് – ചേറ്റുവ റോഡിന്റെ നവീകരണത്തിനുള്ള ടെൻഡറിന് സർക്കാർ അനുമതി നൽകിയതായി എൻ.കെ. അക്ബർ എം.എൽ.എ. അറിയിച്ചു. റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കാൻ നിർദേശം നൽകിയതായി പൊതുമരാമത്ത് എൻ.എച്ച്. വിഭാഗം ചീഫ് എൻജിനീയർ എം.എൽ.എ.യെ അറിയിച്ചു.
ചാവക്കാട് - ചേറ്റുവ റോഡ് ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി 1.63 കോടി രൂപ ദേശീയപാത അതോറിറ്റി രണ്ടുമാസം മുൻപാണ് അനുവദിച്ചത്. ദേശീയപാത അതോറിറ്റിയിലും സംസ്ഥാന സർക്കാർ മുഖേനയും നിരന്തരമായി നടത്തിയ സമ്മർദത്തെത്തുടർന്നാണ് ഫണ്ട് അനുവദിക്കാൻ തയ്യാറായത്. റോഡിന്റെ നവീകരണത്തിന് എം.എൽ.എ. ഫണ്ടിൽനിന്ന് തുക അനുവദിച്ചിരുന്നെങ്കിലും ഇത് ദേശീയപാത അതോറിറ്റി അംഗീകരിക്കാതിരുന്നതാണ് നവീകരണം നീണ്ടുപോകാൻ കാരണമായത്. ദേശീയപാത അതോറിറ്റിക്കു മാത്രമേ റോഡ് അറ്റകുറ്റപ്പണി നടത്താൻ സാധിക്കുകയുള്ളൂവെന്ന യാഥാർഥ്യം മറച്ച് വലിയ ആക്ഷേപമാണ് നേരിടേണ്ടി വന്നതെന്ന് എം.എൽ.എ. പറഞ്ഞു. റോഡിലെ കുഴികൾ അടച്ച് അടിയന്തര അറ്റകുറ്റപ്പണി നടത്താൻ കരാറുകാരന് നിർദേശം നൽകിയതായും എം.എൽ.എ. അറിയിച്ചു.
ഈ റോഡ് ഇപ്പോഴും ദേശീയപാത അതോറിറ്റിയുടെ ഉടമസ്ഥതയിൽ തന്നെയാണ് ഉള്ളതെന്നും നവീകരിക്കുന്ന പുതിയ ദേശീയപാതയുടെ ഭാഗമാകാത്ത പഴയ എൻ.എച്ച്. ബൈലൈനുകൾ സംസ്ഥാന പൊതുമരാമത്ത് റോഡ് വിഭാഗത്തിന് കൈമാറി നൽകാൻ നടപടി ഉണ്ടാകണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. ചേറ്റുവ റോഡിന്റെ തകർച്ച കാരണം കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ മൂന്നു ദിവസമായി ചേറ്റുവ വരെ മാത്രം സർവീസ് നടത്തി പ്രതിഷേധിക്കുകയാണ്.
Published: 25 Oct 2026, 03:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented