പാഞ്ഞാൾ : കിള്ളിമംഗലം പുൽപ്പായ ഇന്ന് ഒരു പേര് മാത്രമല്ല, ബ്രാൻഡ് കൂടിയായി മാറിയിരിക്കുന്നു. സാമൂഹികമാധ്യമങ്ങളുടെ സാധ്യതകൂടി പ്രയോജനപ്പെടുത്തിയതോടെ പുൽപ്പായയ്ക്ക് മാർക്കറ്റിൽ ആവശ്യക്കാർ ഏറെയാണ്. ഇതോടെ, കൊറിയറിലൂടെ ആവശ്യക്കാർക്ക് എത്തിച്ച് നൽകി സ്മാർട്ടുമായി. പാഞ്ഞാൾ ഗ്രാമപ്പഞ്ചായത്തിലെ കിള്ളിമംഗലത്താണ് പുൽപ്പായ കേന്ദ്രമുള്ളത്. പാരമ്പര്യത്തനിമയോടെ മുത്തങ്ങപ്പുല്ലിൽ തറിയിൽ നെയ്താണ്‌ പായ നൽകുന്നത്. അത്ര ശ്രദ്ധിക്കപ്പെടാതിരുന്ന നെയ്ത്തുകേന്ദ്രത്തിന് അതിജീവനത്തിനായി കൈകോർത്തതിൽ മാതൃഭൂമിയോട് നന്ദി പറയുകയാണിവർ. മാതൃഭൂമി വാർത്തകളിലൂടെയാണ് ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാൻ സാധിച്ചത്, നെയ്‌ത്തുകേന്ദ്രത്തെ കൈപിടിച്ചുയർത്തിയതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്- സെക്രട്ടറി എം.എസ്. സിന്ധു പറഞ്ഞു.

To advertise here,

എൻ.സി. സുധാകരനാണ് ഇപ്പോൾ സംഘം പ്രസിഡന്റ്. ഇതിനുപുറമേ ആറങ്ങോട്ടുകര വയലി നാട്ടറിവ് സംഘത്തിന്റെയും അച്ചു ഉള്ളാട്ടിൽ എന്നിവരുടെ സഹായവുമാണ് കേന്ദ്രം നവീകരിക്കാൻ സഹായകമായത്.

സമൂഹികമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി കൂടുതൽ ആകർഷകമാക്കുകയാണിപ്പോൾ നെയ്‌ത്തുകേന്ദ്രം. പാലക്കാട് ചിറ്റൂരിൽനിന്നാണ് മുത്തങ്ങപ്പുല്ല് ശേഖരിച്ച് ഇവിടെ എത്തിക്കുന്നത്. ഇവ വൃത്തിയാക്കി ചീകിയെടുത്ത് പാകപ്പെടുത്തുന്നതും കളറുകൾ ചേർത്ത് മോടിയാക്കുന്നതും തറിയിൽ തയ്ച്ച് പുൽപ്പായ നിർമിക്കുന്നതുമെല്ലാം സമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബുക്കിങ് നമ്പർ ഉൾപ്പെടെയുള്ളവ നൽകിയതിലൂടെ ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലുമെല്ലാം റീച്ചും കൂടി. ചുമരുകളിൽ തൂക്കുന്ന വിവിധ കലാരൂപങ്ങളോടുകൂടിയ പായകൾ, നിസ്‌കാരപ്പായ, അലങ്കാരപ്പായകൾ, യോഗ പായ തുടങ്ങിയവും ഇവിടെയുണ്ട്. 2500 മുതൽ 8000 രൂപ വരെയുള്ള പായകൾ ഇവിടെ ലഭ്യമാണ്.

1950-ലാണ് പുൽപ്പായ നെയ്ത്തുകേന്ദ്രം ആരംഭിക്കുന്നത്. വീടുകളിലും മറ്റും നെയ്‌തെടുക്കുന്ന പായ കേന്ദ്രത്തിലെത്തിച്ച് വിൽപ്പന നടത്തിയിരുന്നു. വരുമാനം കുറഞ്ഞതോടെ പലരും തൊഴിൽ ഉപേക്ഷിച്ചു. ഇന്നിപ്പോൾ യുനെസ്‌കോ പുരസ്‌കാരത്തിലേക്കുവരെ നയിച്ചത് ഒട്ടനവധി പ്രതിസന്ധികൾ അതിജീവിച്ചാണ്.

പരമ്പരാഗത തൊഴിലിന് സർക്കാർ സഹായം ഉണ്ടെന്ന് പറയുമ്പോഴും നടപ്പായിട്ടില്ല. ക്ഷേമനിധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമില്ല. ഭൗമസൂചിക പദവിക്കായി അപേക്ഷ നൽകിയിട്ടുണ്ട്.