പോളിടെക്‌നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്

To advertise here,

ആറ്റിങ്ങൽ : ഗവ. പോളിടെക്‌നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെത്തുടർന്ന് ആറ്റിങ്ങലിൽ കെ.എസ്.യു-എസ്.എഫ്.ഐ. പ്രവർത്തകർ ഏറ്റുമുട്ടി. എസ്.എഫ്.ഐ. പ്രവർത്തകരായ മൂന്നുപേർക്കും രണ്ട് കെ.എസ്.യു. പ്രവർത്തകർക്കും രണ്ടു പോലീസുകാർക്കും പരിക്കേറ്റു. എസ്.എഫ്.ഐ, കെ.എസ്.യു. പ്രവർത്തകരെ വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രാഥമികശുശ്രൂഷകൾക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസുകാർ താലൂക്ക്‌ ആശുപത്രിയിൽ ​പ്രാഥമിക ശുശ്രൂഷകൾക്കുശേഷം മടങ്ങി.

എസ്.എഫ്.ഐ. ആറ്റിങ്ങൽ ഏരിയാസെക്രട്ടറി അർജുൻ, ആരോമൽ, ബേഷ്മ, കെ.എസ്.യു. പ്രവർത്തകരായ ആശിഷ്, മുംതാസിം എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ ബേഷ്മ, മുംതാസിം എന്നിവർ പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥികളാണ്. പരിക്കേറ്റ മറ്റുള്ളവർ പുറത്തുനിന്നുള്ള പ്രവർത്തകരാണ്. പോലീസുകാരിൽ ഷെർഷ, അനന്തു എന്നിവർക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഗവ. പോളിടെക്‌നിക് കോളേജ് തിരഞ്ഞെടുപ്പിൽ യൂണിയൻ ഭരണം ഇത്തവണ കെ.എസ്.യു.വിനാണ് ലഭിച്ചത്. ഏഴു സീറ്റിലും കെ.എസ്.യു. വിജയിച്ചു. പത്തുവർഷത്തിനുശേഷമാണ് പോളിടെക്‌നിക് കോളേജിൽ കെ.എസ്.യു.വിന് ആധിപത്യമുണ്ടാകുന്നത്.

ഫലപ്രഖ്യാപനത്തെത്തുടർന്ന് കെ.എസ്.യു. പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി കോളേജിന് പുറത്തേക്കിറങ്ങുമ്പോൾ അവിടെ കൂടിയിരുന്ന എസ്.എഫ്.ഐ. പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. വാക്കേറ്റം ഉന്തിലും തള്ളിലുമെത്തിയതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇരുകൂട്ടരെയും പിരിച്ചയയ്ക്കാൻ ശ്രമിച്ചു. എന്നാൽ, വിദ്യാർഥികൾക്കൊപ്പം പുറമേനിന്നുള്ളവരും ഇരുഭാഗത്തും ചേർന്നതോടെ ഏറ്റുമുട്ടലായി. തുടർന്ന് പോലീസ് ചെറിയതോതിൽ ബലപ്രയോഗം നടത്തി. വിവരമറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷത്തിന് അയവ് വരുത്തിയത്.

തുടർന്ന് പരിക്കേറ്റവരെ വലിയകുന്ന് താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് ഇരുപക്ഷത്തെയും നേതാക്കളും ജനപ്രതിനിധികളും ആശുപത്രിയിലെത്തി. ഇതോടെ ആശുപത്രിവളപ്പിൽ വലിയ ആൾക്കൂട്ടമുണ്ടായി. ഡോക്ടറുടെ നിർദേശപ്രകാരം പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് ആശുപത്രിവളപ്പിൽനിന്നു വിദ്യാർഥികളും നേതാക്കളും പിരിഞ്ഞത്.