തിരുവനന്തപുരം : സ്വകാര്യ പങ്കാളിത്തത്തോടെ നഗരത്തിലെ പാർക്കുകൾ നവീകരിക്കാനൊരുങ്ങി കോർപ്പറേഷൻ. നവീകരണം, പരിപാലനം, ശുചിത്വം എന്നിവ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. നവീകരണത്തിനായി കരാർ അടിസ്ഥാനത്തിൽ മുഴുവൻ പാർക്കുകളുടെയും ചുമതല ഒരൊറ്റ ഏജൻസിയെ ഏൽപ്പിക്കുകയോ ബാങ്കുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകുകയോ ചെയ്യും.
നവീകരണ കരാറേറ്റെടുക്കുന്ന സ്ഥാപനങ്ങൾ അടിസ്ഥാന സൗകര്യങ്ങളൊരുക്കും. ശുചിമുറികളും കംഫർട്ട് സ്റ്റേഷനുകളുമാണ് ഒരുക്കുക.ടെൻഡറിലൂടെ പാർക്കുകൾ ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾ കോർപ്പറേഷന് നിശ്ചിത തുക നൽണം. ചായ, മറ്റ് പലഹാരങ്ങൾ വിൽക്കുന്നതിനായി പ്രീ ഫാബ്രിക്കേറ്റഡ് കഫറ്റീരിയ സ്ഥാപിക്കും. അതിലൂടെ സ്ഥാപനങ്ങൾക്ക് വരുമാനമുണ്ടാക്കാം. പരിപാലനം നടത്തുന്ന സ്ഥാപനങ്ങൾക്ക് അവരവരുടെ സ്ഥാപനങ്ങളെക്കുറിച്ച് പരസ്യ ബോർഡുകൾ സ്ഥാപിക്കാം. പാർക്കിലുള്ള കംഫർട്ട് സ്റ്റേഷനുകളുടെ ഉപയോഗത്തിനുശേഷം നിശ്ചിത തുക ഈടാക്കും. ഐ.ടി.വർക്ക് സ്റ്റേഷനുകൾക്കൊപ്പം ഇന്റർനെറ്റ് കണക്ഷനും സ്ഥാപിക്കും.ഭാവിയിൽ പ്രദർശന മേളകളും പാർക്കുകളിൽ നടക്കും. വലിയ പാർക്കുകളിൽ സൈക്കിളുകൾ വാടകയ്ക്ക് നൽകുന്നതിനുള്ള സൗകര്യമൊരുക്കും. ട്രാക്കുകൾ ഉപയോഗിച്ചാൽ വാടക ഈടാക്കും. പൊതുജനങ്ങൾക്കായി ജിമ്മുൾപ്പെടെയുള്ള സൗകര്യങ്ങളും വരും. പാർക്കിൽനിന്ന് ലഭിക്കുന്ന പണമുപയോഗിച്ച് വൈദ്യുതി ബില്ല്, കുടിവെള്ളച്ചാർജ്, ശുചീകരണം, ചെടികളുടെ പരിപാലനം എന്നിവ സ്ഥാപനങ്ങൾ ചെയ്യണം.
പുത്തരിക്കണ്ടം, ഗാന്ധി പാർക്ക് തുടങ്ങി ഉയർന്ന വരുമാന സാധ്യതയുള്ള സ്ഥലങ്ങളിൽ ക്വട്ടേഷൻ വിളിച്ച് ഉയർന്ന തുക പറയുന്നവർക്ക് ലേലം ചെയ്യാനാണ് ആലോചിക്കുന്നത്. സർക്കിളുകളിലുള്ള അയ്യങ്കാളി പാർക്ക്, അക്കാമ്മ ചെറിയാൻ പാർക്ക്, ക്യാപ്റ്റൻ ലക്ഷ്മി പാർക്ക് തുടങ്ങിയ ചെറിയ സ്ഥലങ്ങളിൽ നിന്ന് വരുമാനം ലഭിച്ചില്ലെങ്കിലും പരിപാലനമാണ് ലക്ഷ്യം.
മുൻപ് പല പാർക്കുകളും എത്ര കാലത്തേക്ക് ആർക്കാണ് അറ്റകുറ്റപ്പണിക്ക് നൽകിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകളോ കരാറുകളോ ലഭ്യമായിരുന്നില്ല. വിവിധ സെക്ഷനുകൾ തമ്മിൽ ഉത്തരവാദിത്വം കൈമാറുന്ന സ്ഥിതി നിലനിന്നിരുന്നതിനാൽ നിലവിലെ ഭരണസമിതി നഗരസഭാ പരിധിയിലെ പാർക്കുകൾ, മീഡിയനുകൾ, റൗണ്ട് എബൗട്ടുകൾ എന്നിവയുടെ പൂർണമായ ലിസ്റ്റ് കോർപ്പറേഷൻ തയ്യാറാക്കിയിട്ടുണ്ട്.
പാർക്കുകൾ നവീകരിക്കുന്നതിനു പിന്നാലെ ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരെ ഉപയോഗിച്ച് പാർക്കുകൾ ആഴ്ചതോറും വൃത്തിയാക്കുന്ന നിലവിലെ രീതി മാറുമെന്ന് നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ പറഞ്ഞു.
Published: 18 Sept 2026, 01:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented