തിരുവനന്തപുരം : ഈഞ്ചക്കൽ ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച മേൽപ്പാല നിർമാണജോലികൾ അനിശ്ചിതത്വത്തിൽ.

To advertise here,

നിലവിൽ നിർമാണം പൂർണമായും നിലച്ചിരിക്കുകയാണ്. ജില്ലയിലെ മറ്റ് പദ്ധതികളോട് കാണിക്കുന്ന നിലപാടും മെല്ലെപ്പോക്കും ദേശീയപാത അതോറിറ്റി തുടരുന്നതാണ് അനിശ്ചിതത്വത്തിന് കാരണം.

പദ്ധതിയുടെ രൂപരേഖയിൽ മാറ്റം വന്നതോടെയാണ് ജോലികൾ നിലച്ചത്. പുതുക്കിയ എസ്റ്റിമേറ്റ് കരാറുകാർ സമർപ്പിച്ചെങ്കിലും ഇതിൽ ദേശീയപാത അതോറിറ്റി തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ്.

2024-ലാണ് ഈഞ്ചക്കൽ മേൽപ്പാലത്തിന്റെ ജോലികൾ ആരംഭിച്ചത്. കഴക്കൂട്ടം- കാരോട് ദേശീയപാത നിർമാണവേളയിൽ ഈഞ്ചക്കലിൽ മേൽപ്പാലമുൾപ്പെടെ വിഭാവനം ചെയ്തിരുന്നുവെങ്കിലും പ്രാദേശികമായ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചു.

എന്നാൽ ഗതാഗതക്കുരുക്ക് രൂക്ഷമായി വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നതോടെ പുതിയ മേൽപ്പാലം നിർമിക്കാൻ തീരുമാനമാകുകയായിരുന്നു. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിയായിരുന്നു കരാറുകാർ.

ആദ്യഘട്ടത്തിൽ ആറ് സ്പാനുകളാണ് പാലത്തിനുണ്ടായിരുന്നത്. പിന്നീടിത് ദേശീയപാത അതോറിറ്റി നിർദേശപ്രകാരം ഏഴാക്കി ഉയർത്തി. ശേഷിക്കുന്ന ഇരുഭാഗത്തേക്കും അപ്രോച്ച് റോഡായിരുന്നു. ഇവിടെ പരമാവധി ഉയരം പത്ത് മീറ്ററോളമായിരുന്നു.

പുതിയ എസ്റ്റിമേറ്റിൽ തട്ടി മുടങ്ങുന്നു

ഇതേ മാതൃകയുമായി മുന്നോട്ട്‌പോകുമ്പോഴാണ് സംസ്ഥാനത്ത് പലയിടത്തും ദേശീയപാതകളിൽ മണ്ണിടിച്ചിലുൾപ്പെടെയുണ്ടായത്. ഇതോടെ അപ്രോച്ച് റോഡിന്റെ ഉയരം കുറയ്ക്കുന്നതിന് തത്വത്തിൽ തീരുമാനമായി.

മണ്ണ് പരിശോധനാ ഫലങ്ങളും തീരുമാനത്തെ അനുകൂലിക്കുന്നതായിരുന്നു. ഇതിനായി സ്പാനുകളുടെ എണ്ണം കൂട്ടണമായിരുന്നു. ഇരുവശത്തേക്കുമായി എട്ട് സ്പാനുകൾ പുതുതായി നിർമിക്കാനായിരുന്നു പ്ലാൻ.

ഇതോടെ സ്പാനുകളുടെ എണ്ണം പതിനഞ്ചായി ഉയർന്നു. ഇതിനുള്ള എസ്റ്റിമേറ്റ് കരാറുകാർ ദേശീയപാത അതോറിറ്റിക്ക് കൈമാറുകയും ചെയ്തു. പുതിയ പ്ലാൻ പ്രകാരം ഇരുപത് കോടിയോളം രൂപ അധികമായി വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

നിർമാണസാമഗ്രികളുടെ വില നിശ്ചയിക്കാൻ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അടിസ്ഥാനമാക്കുന്ന ഡി.എസ്.ആറിലെ 2021-ലെ നിരക്കാണ് കരാറുകാർ ആവശ്യപ്പെട്ടത്.

എന്നാൽ ഡി.എസ്.ആർ. 2018-ലെ നിരക്കേ നൽകാൻ കഴിയൂ എന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ നിലപാട്. പുതുക്കിയ എസ്റ്റിമേറ്റിലെ തർക്കത്തെത്തുടർന്നാണ് ഇപ്പോൾ നിർമാണം നിലച്ചിരിക്കുന്നത്.

സ്പാനുകളുടെ എണ്ണം ഇനിയും കൂടണം

അതേസമയം സ്പാനുകളുടെ എണ്ണം 15 ആക്കിയാലും സംരക്ഷണ മതിലിന്റെ ഉയരത്തിൽ കാര്യമായ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. 10 മീറ്റർ എന്നത് എട്ടരയായി മാത്രമേ കുറയൂ.ആറിനും ഏഴിനും ഇടയിലെങ്കിലും ഇത് എത്തിക്കണമെന്നാണ് വിലയിരുത്തൽ. റെയിൽവേ ഉൾപ്പെടെയുള്ളവയുടെ നിർമാണജോലികളുടെ അപ്രോച്ച് റോഡിന്റെ ഉയരം ഈ അളവിലാണ്. ഇതിനായി നാല് സ്പാനുകൾ കൂടിയെങ്കിലും ഇനിയും അധികമായി വേണ്ടിവരും. ഇതിലും ചർച്ചകൾ പുരോഗമിക്കുന്നു. ഒരു സ്പാനിന്റെ നീളം 30 മീറ്ററാണ്. ഇരുഭാഗത്തേക്കുമുള്ള അപ്രോച്ച് റോഡിന്റെ നീളം 200 മീറ്ററോളവും വരും.

ഗതാഗതക്കുരുക്ക് രൂക്ഷം

93 കോടി രൂപയായിരുന്നു ഈഞ്ചക്കൽ മേൽപ്പാലത്തിന്റെ ആദ്യത്തെ കരാർ തുക. ഇതിനോടൊപ്പമാണിപ്പോൾ പുതുക്കിയ എസ്റ്റിമേറ്റും നൽകിയത്. സാമ്പത്തിക കാര്യങ്ങളിലുടക്കി തീരുമാനമെടുക്കാൻ ദേശീയപാത അതോറിറ്റി തയ്യാറാകാത്തത് വൻ ഗതാഗതക്കുരുക്കിനുൾപ്പെടെ കാരണമാകുന്നു. പ്രതിഷേധം നീണ്ടതോടെയാണ് ജങ്ഷൻ ഗതാഗതത്തിന് താത്‌കാലികമായി തുറന്നത്. എട്ട് മാസമായി ജോലികൾ നടക്കാത്തതിന് കാരണം ദേശീയപാത അതോറിറ്റിയുടെ നിലപാടാണ്. ജോലികൾ ആരംഭിച്ചാലും പൂർത്തിയാകാൻ രണ്ട് വർഷമെങ്കിലുമെടുക്കും. സർക്കാർ തലത്തിൽ ഇടപെടലുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.