5 പേർക്ക് പരിക്ക്

To advertise here,

വെഞ്ഞാറമൂട് : വിദ്യാർഥി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് പിരപ്പൻകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പോലീസുകാരുടെ ലാത്തികൊണ്ടുള്ള അടിയിൽ അഞ്ചോളം വിദ്യാർഥികൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെ സ്കൂൾ കാമ്പസിനുള്ളിലാണ് സംഘർഷവും തുടർന്നുള്ള പോലീസ് ഇടപെടലും ഉണ്ടായത്.

സ്കൂളിൽ നടന്ന വിദ്യാർഥി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു.-എസ്.എഫ്.ഐ. പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് പിന്നീട് കൈയാങ്കളിയിലും സംഘർഷത്തിലും കലാശിച്ചത്.

സ്ഥിതിഗതികൾ നിയന്ത്രണതീതമായതോടെ സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വെഞ്ഞാറമൂട് എസ്.ഐ. ശ്രീഗോവിന്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനിടെ പോലീസ് വിദ്യാർഥികൾക്കുനേരേ അനാവശ്യമായി ലാത്തി വീശുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം.

പരിക്കേറ്റ വിദ്യാർഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തെ ത്തുടർന്ന് പ്രദേശത്ത് ഏറെനേരം കടുത്ത സംഘർഷാവസ്ഥ നിലനിന്നു.അതേസമയം, സംഘർഷം നിയന്ത്രിക്കാനും സ്ഥിതിഗതികൾ ശാന്തമാക്കാനുമാണ് തങ്ങൾ ഇടപെട്ടതെന്നാണ് പോലീസിന്റെ വിശദീകരണം.

എന്നാൽ, വിദ്യാർഥികൾക്കുനേരേ അനാവശ്യമായി ലാത്തിച്ചാർജ് നടത്തിയെന്നാരോപിച്ച് എസ്.എഫ്.ഐ. പ്രവർത്തകർ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പോലീസ് വിദ്യാർഥികളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.