ആറന്മുള: പമ്പാനദിയിൽക്കൂടി ആറന്മുള-ചെങ്ങന്നൂർ യാത്രാബോട്ട് സർവീസ് യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത് സംബന്ധിച്ച് ട്രാവൻകൂർ കനാൽ ആൻഡ് ഫെറീസ് ആക്ടിൽ ആറന്മുളയെക്കൂടി ഉൾപ്പെടുത്തി പമ്പാനദിയിലൂടെ ആറന്മുള മുതൽ ചെങ്ങന്നൂർ വരെ യാത്രാബോട്ട് സർവീസ് നടത്തുന്നതിന് 2023 ജൂലായ് 24-ന് ഗസറ്റ് വിജ്ഞാപനം നടത്തിയിരുന്നു.
1920-ലെ ട്രാവൻകൂർ പബ്ലിക് കനാൽസ് ആൻഡ് ഫെറീസ് ആക്ട് അനുസരിച്ചാണ് കേരളത്തിൽ യാത്രാബോട്ടുകൾക്ക് സഞ്ചാരാനുമതി നൽകിയിരുന്നത്. ഇതിൽ പമ്പാനദി ഇല്ലാതിരുന്നതിനാൽ യാത്രാബോട്ട് സർവീസ് നടത്താൻ അനുവാദം ഇല്ലായിരുന്നു. വള്ളസ്സദ്യ, വള്ളംകളി സമയങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി ബോട്ടുപയോഗിക്കാൻ മാത്രമായിരുന്നു അനുവാദം.
പമ്പാ നദിയിൽ ബോട്ട് സർവീസ് നടത്താൻ അനുമതി വേണമെന്ന ആവശ്യവുമായി ആറന്മുള വികസനസമിതി അടക്കമുള്ള സംഘടനകൾ അന്നത്തെ മന്ത്രി വീണാ ജോർജിന് നിവേദനം നൽകിയിരുന്നു. ഈ നിവേദനം അന്നത്തെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് നൽകിയതിനെ തുടർന്നാണ് പമ്പാനദിയെ ഈ ആക്ടിൽ ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കിയത്. ഈ ഉത്തരവ് പ്രകാരം 2024-25 വർഷങ്ങളിൽ ആറന്മുള വള്ളസ്സദ്യക്കാലത്ത് ഉത്തമൻ ആറന്മുള, ജലവിഭവവകുപ്പിന് പെർമിറ്റ് പണം അടച്ച് സർവീസ് നടത്തുകയുംചെയ്തു. എന്നാൽ ബോട്ടുജെട്ടി അടക്കമുള്ള അടിസ്ഥാനസൗകര്യമില്ലാത്തതിനാൽ യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ട് മൂലം സർവീസ് നടത്തുന്നതിൽനിന്ന് പിൻവാങ്ങുകയായിരുന്നു.
മനംനിറയ്ക്കും കാഴ്ചകൾ
പമ്പാനദിയുടെ ഇരുകരകളിലും സഞ്ചാരികളെ കാത്തിരിക്കുന്നത് ചരിത്രവും ആചാരങ്ങളുമെല്ലാം ചേർന്ന അനുഭവങ്ങളാണ്. ജില്ലയുടെ പരിധിയിൽപ്പെട്ട നിരണം വലിയപള്ളി, പരുമല പള്ളി, പനയന്നാർകാവ് ദേവീക്ഷേത്രം, ചക്കുളത്ത്കാവ് ദേവീക്ഷേത്രം, മാന്നാർ ഓട്ട്-പിച്ചള വ്യവസായകേന്ദ്രം, ചെങ്ങന്നൂർ മഹാദേവക്ഷേത്രം, സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള ചെങ്ങന്നൂർ നരസിംഹസ്വാമിക്ഷേത്രം, പുത്തൻകാവ് പള്ളി, ആദി പമ്പയുടെ ഉദ്ഭവസ്ഥാനം, ആറന്മുള പാർഥസാരഥിയുടെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരം, തിരുവോണത്തോണി, പാർഥസാരഥിക്ഷേത്രം തുടങ്ങി വിവിധ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും ദർശിക്കാൻ ഈ സംരംഭം യാഥാർഥ്യമായാൽ സഞ്ചാരികൾക്ക് അവസരം ലഭിക്കും.
Published: 19 Sept 2026, 01:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented