തകർന്നിട്ട് ഒന്നര പതിറ്റാണ്ട്

To advertise here,

തിരുവല്ല : വാഹനയാത്രികരെ വട്ടംകറക്കി വട്ടവങ്ങാട്ടിൽപ്പടി റോഡ്. കുറ്റൂർ പഞ്ചായത്തിൽ എം.സി. റോഡിലെ ആറാട്ടുകടവിൽനിന്ന് തുടങ്ങി വട്ടവങ്ങാട്ടിൽപ്പടിവഴി പുത്തൻപുരപ്പടിയിൽ തെങ്ങേലി റോഡിൽ ചേരുന്ന പാതയ്ക്കാണ് കാലങ്ങളായി ദുർഗതി. പലഭാഗത്തും മെറ്റൽ ചീളുകൾമാത്രം. ഇരുചക്രവാഹനങ്ങൾ കൽച്ചീളുകളിൽ തെന്നിമറിയുന്നു.

വാഹനങ്ങളുടെ ടയറിനടിയിൽപ്പെട്ട് തെന്നി ഉയരുന്ന ചീളുകൾ സ്‌കൂൾകുട്ടികളുടെ ശരീരത്തുവീണ് മുറിവേൽക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇടയ്ക്ക് ചില അറ്റകുറ്റപ്പണികൾ നടന്നതൊഴിച്ചാൽ റോഡ് പൂർണമായി ടാർചെയ്തിട്ട് 15 വർഷത്തിലധികമായി.

എം.സി. റോഡിൽനിന്ന്‌ രണ്ട് മീറ്ററോളം താഴ്ചയിലാണ് റോഡ് പോകുന്നത്. ഇവിടംമുതൽ റോഡിൽ കുഴികളുണ്ട്. വഞ്ചിമൂട്ടിൽ ക്ഷേത്രത്തിനു സമീപത്തുനിന്നും വട്ടവങ്ങാട്ടിൽപ്പടിയിലേക്ക് തിരിയുന്ന ഭാഗം മുതൽ യാത്രദുരിതമാണ്.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി വട്ടവങ്ങാട്ടിൽപ്പടിയിൽ 65 മീറ്റർ ഭാഗത്തെ കുഴി നിരപ്പാക്കി കൊരുപ്പുകട്ടകൾ പാകി. രണ്ട് ലക്ഷം രൂപയാണ് ചെലവിട്ടത്. കോയിക്കപ്പടിയിൽനിന്നും പ്ലാന്തറവരെ 200 മീറ്റർ 6.25 ലക്ഷം രൂപയ്ക്ക് ടാർ ചെയ്യുകയുംചെയ്തു. ചിലഭാഗത്ത് നാട്ടുകാർ പിരിവിട്ട് കുറേ കുഴികൾ അടയ്ക്കുന്ന സംഭവവും ഇതിനിടെ നടന്നു. ഇതൊഴിച്ചാൽ രണ്ടുകിലോമീറ്റർ റോഡിൽ കാര്യമായ പണികൾ നടന്നിട്ടില്ല. തകർന്ന റോഡിൽ രണ്ടുവട്ടം ഇരുചക്രവാഹനത്തിൽനിന്ന് വീണിട്ടുണ്ടെന്ന് മേപ്പള്ളിൽ ബിന്ദു കെ. കുറുപ്പ് പറഞ്ഞു. ഒരുവട്ടം കൈയൊടിഞ്ഞു. ഇത്തരത്തിൽ ഈ മേഖലയിൽ ചെറിയ അപകടങ്ങളിൽപ്പെട്ട പലരുണ്ട്. വഴി തകർന്നുകിടക്കുന്നതിനാൽ നേർവഴി ഉപേക്ഷിച്ച് തെങ്ങേലിവഴി ചുറ്റിയാണ് കുറ്റൂരിലേക്ക് പോകുന്നതെന്ന് വിനോദ്കുമാർ വട്ടവങ്ങാട്ടിൽ പറഞ്ഞു.

ഇങ്ങനൊരു വഴിയുണ്ടോ

ഗ്രാമീണപാതയാണെങ്കിലും തിരക്കേറെയുള്ള റോഡാണ്. നഗരത്തിലെ എല്ലാ സ്‌കൂൾ ബസുകളും ഇതുവഴി പോകുന്നുണ്ട്. കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അധികൃതർ കാണുന്നില്ല. കാലങ്ങളായി പാതയെ അവഗണിച്ചിട്ടിരിക്കുകയാണ്

-സുനിൽദത്ത്

അക്ഷയഭവൻ, തലയാർ