പോത്തൻകോട് : ജങ്ഷനിലും സമീപപ്രദേശങ്ങളിലും നടപ്പാത കൈയേറി കച്ചവടം നടത്തുന്നതിൽ നടപടിയുമായി പഞ്ചായത്ത് അധികൃതർ. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ

To advertise here,

ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി. നടപ്പാത കൈയേറിയവർക്ക് നോട്ടീസ് നൽകി. ആവർത്തിച്ചാൽ പിഴ ചുമത്തുമെന്ന്‌ മുന്നറിയിപ്പു കൊടുത്താണ്‌ അധികൃതർ മടങ്ങിയത്‌. നടപ്പാതയിൽ നിരത്തിയിരിക്കുന്ന സാധനങ്ങൾ എടുത്തുമാറ്റുമെന്നും ലൈസൻസ് ഇല്ലാതെ കച്ചവടം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

നൂറുകണക്കിന് ആളുകൾ ദിവസവുമെത്തുന്ന പോത്തൻകോട് ചന്തയിലും പരിശോധന നടത്തി. മത്സ്യം മണൽചേർത്താണ് വിൽക്കുന്നതെന്ന് പരാതിയുണ്ടായിരുന്നു. ഇങ്ങനെ മീൻ വിൽക്കുന്നവർക്ക് നോട്ടീസ് നൽകി. ഇനിയും ആവർത്തിച്ചാൽ കച്ചവടം നടത്താൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. മാതൃകാ റോഡിൽ അനധികൃതമായി പ്രവർത്തിക്കുന്ന കടകൾ പൊളിച്ചുമാറ്റുമെന്നും അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ബിന്ദു, വൈസ് പ്രസിഡന്റ് എസ്. ഷിബു, പഞ്ചായത്ത് സെക്രട്ടറി കെ.സന്തോഷ് കുമാർ, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.