ദുബായ് : ഗ്ലോബൽ വില്ലേജിന്റെ 31-ാം പതിപ്പിലെ വി.ഐ.പി. ടിക്കറ്റുകളുടെ വിൽപ്പന ഈ മാസം 26-ന് ആരംഭിക്കും. കൊക്കോകോള അറീന വെബ്സൈറ്റ് വഴിയായിരിക്കും ടിക്കറ്റ് വിൽപ്പന. വി.ഐ.പി. പാക്കുകൾക്കായുള്ള മുൻകൂർ ബുക്കിങ്ങുകൾ 21 മുതൽ 25 വരെ സ്വീകരിക്കും. ഉപഭോക്താക്കൾക്ക് 'പ്രയോറിറ്റി ബുക്കിങ് ഫീ' അടച്ച് ബുക്കിങ് നടത്തി ടിക്കറ്റുകൾ സ്വന്തമാക്കാം.

To advertise here,

വി.ഐ.പി. പാക്കുകൾ വാങ്ങുന്നവരിൽ ഒരാൾക്ക് 31,000 ദിർഹം മൂല്യമുള്ള ഒരു ചെക്ക് സമ്മാനമായി ലഭിക്കും. പുതിയ വി.ഐ.പി. പാക്കുകളിൽ ഗ്ലോബൽ വില്ലേജ് സ്റ്റോറി ബുക്ക് ബോക്സ്, യു.എ.ഇ.യോടുള്ള ആദരസൂചകമായി 31-ാം പതിപ്പിന്റെ ഏഴ് പിന്നുകൾ, വി.ഐ.പി. പാർക്കിങ്, പ്രവേശന ടിക്കറ്റുകൾ, വണ്ടർ പാസ് കാർഡുകൾ, ദുബായ് ഹോൾഡിങ് എന്റർടെയ്ൻമെന്റിന് കീഴിലുള്ള വിനോദകേന്ദ്രങ്ങളിൽ മികച്ച ആനുകൂല്യങ്ങൾ എന്നിവയും ഉൾപ്പെടും. ഡയമണ്ട് -7900 ദിർഹം, പ്ലാറ്റിനം -3490 ദിർഹം, ഗോൾഡ് -2490 ദിർഹം, സിൽവർ -1980 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.

ഇവയ്ക്ക് യഥാക്രമം 1000 ദിർഹം, 500 ദിർഹം, 300 ദിർഹം, 200 ദിർഹം എന്നിങ്ങനെ മുൻകൂർ ബുക്കിങ് ഫീസും നൽകണം. സാധുവായ എമിറേറ്റ്‌സ് ഐ.ഡി. കൈവശമുള്ള 18 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് ഈ പാക്കുകൾ വാങ്ങാം. ഒരു എമിറേറ്റ്‌സ് ഐ.ഡി. ഉപയോഗിച്ച് ഒരു വി.ഐ.പി. പാക്ക് മാത്രമേ വാങ്ങാൻ കഴിയൂള്ളൂ. മെഗാ ഗോൾഡ് ആൻഡ് സിൽവർ പാക്കിൽ ദുബായ് പാർക്ക് ആൻഡ് റിസോർട്‌സിലേക്കുള്ള പാസുകളും ടിക്കറ്റുകളും ഉൾപ്പെടും.

മൂന്നു മാസത്തെ 'മൾട്ടി-പാർക്ക് സീസണൽ പാസുകൾ' അല്ലെങ്കിൽ ഒരു ദിവസത്തെ ടു-പാർക്ക് ടിക്കറ്റ് എന്നിവയിൽനിന്ന് ഒരെണ്ണം തിരഞ്ഞെടുക്കാം. മെഗാ ഗോൾഡ് പാക്കിൽ എട്ട് സീസൺ പാസുകളും അല്ലെങ്കിൽ 12 പാർക്ക് ടിക്കറ്റുകളുമുണ്ടാകും. അതേസമയം സിൽവർ പാക്കിൽ അഞ്ച് സീസൺ പാസുകളും ഏഴ് പാർക്ക് ടിക്കറ്റുകളും ഉൾപ്പെടും. രണ്ടു മെഗാ പാക്കുകൾക്കും പ്രീ-ഓർഡർ കാലയളവിൽ 150 ദിർഹം പ്രയോറിറ്റി ബുക്കിങ് ഫീസ് ബാധകമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ലോകം ഉറ്റുനോക്കുന്ന ഷോപ്പിങ്-വിനോദകേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജ് അടുത്തമാസം 14-ന് വൈകീട്ട് ആറുമണിമുതൽ സന്ദർശകരെ സ്വീകരിക്കും.