ചിറയിൻകീഴ് : സ്വകാര്യബസുകളിലെ ഡ്രൈവർമാരുടെ അമിതവേഗവും ജീവനക്കാരുടെ അശ്രദ്ധയും നിരത്തിൽ അപകടം ക്ഷണിച്ചുവരുത്തുകയാണ്. ചിറയിൻകീഴിൽ അലക്ഷ്യമായി വളവുതിരിഞ്ഞ സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് സ്ത്രീ മരിക്കുകയും ഒപ്പമുണ്ടായിരുന്ന കൊച്ചുമകൻ രക്ഷപ്പെടുകയും ചെയ്തതാണ് അവസാന സംഭവം.
ചിറയിൻകീഴ് താലൂക്കിൽ തിരക്കേറിയതും കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതുമായ പ്രദേശമാണ് ആറ്റിങ്ങൽ- ചിറയിൻകീഴ് മേഖല. ബസുകൾ തമ്മിലുള്ള സമയവ്യത്യാസം രണ്ടുമിനിട്ടിൽ താഴെയാണ്. കൂടാതെ കെ.എസ്.ആർ.ടി.സി.യുടെ സർവീസുകളും. സർവീസ് നടത്തേണ്ട സമയത്തിന്റെ കുറവും യാത്രക്കാരെ കുത്തിനിറയ്ക്കാനുള്ള ജീവനക്കാരുടെ ധൃതിയും കാരണം സ്വകാര്യബസ് ജീവനക്കാർ തമ്മിൽ കടുത്തമത്സരമാണ് ഉണ്ടാകുന്നത്.
യാത്രക്കാർക്ക് പുല്ലുവില കൽപ്പിച്ചുകൊണ്ടുള്ള മത്സരയോട്ടം ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ആറ്റിങ്ങലിൽനിന്ന് ഏഴുകിലോമീറ്റർ ദൂരമാണ് ചിറയിൻകീഴിലെത്താൻ വേണ്ടത്. പതിനഞ്ചുമുതൽ ഇരുപത് മിനിറ്റു വരെയാണ് ആറ്റിങ്ങലിൽനിന്ന് ചിറയിൻകീഴിലെത്താൻ ഒരു ബസിന് അനുവദിച്ചിരിക്കുന്നത്. രാവിലെ 5.30 മുതൽ രാത്രി ഒൻപത് മണിവരെയാണ് ആറ്റിങ്ങൽ-ചിറയിൻകീഴ് പാതയിൽ സ്വകാര്യബസുകൾ സർവീസ് നടത്തുന്നത്. നൂറോളം സർവീസുകളാണ് ഈ പാതയിലുള്ളത്. ബസ് ജീവനക്കാർ തമ്മിലുള്ള മത്സരവും ഇവിടെ പതിവാണ്.
വളവുകൾ അപകടകാരണം
ഏഴുകിലോമീറ്ററിനുള്ളിൽ ഏഴ് കൊടുംവളവുകളാണ് ആറ്റിങ്ങൽ- ചിറയിൻകീഴ് പാതയിലുള്ളത്. ഇതിൽ ചെറുവള്ളിമുക്ക്, പുരവൂർ, പുളിമൂട് ഭാഗങ്ങളിലെ വളവുകൾ ബ്ലാക്ക് സ്പോട്ടാണ്. കൂടുതൽ അപകടങ്ങൾ നടക്കുന്നത് ഈ മേഖലയിലാണ്. കൊടുംവളവുകളിലും വേഗനിയന്ത്രണമില്ലാതെയാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. ചെറുതും വലുതുമായ നൂറുകണക്കിന് അപകടങ്ങളാണ് അഞ്ചുവർഷത്തിനുള്ളിൽ ഈ മേഖലയിലുണ്ടായത്.
ഇതിനുപുറമെയാണ് പാതയരികിലെ അനധികൃത പാർക്കിങ്ങും അശ്രദ്ധമായ ഡ്രൈവിങ്ങും. കച്ചവടസ്ഥാപനങ്ങളിൽനിന്നും പെട്രോൾ പമ്പുകളിൽനിന്നും അശ്രദ്ധമായി പുറത്തിറക്കുന്ന വാഹനങ്ങളും അപകട കാരണമാകുന്നു. പ്രധാന ജങ്ഷനുകളിലും ട്രാഫിക് സിഗ്നലും ട്രാഫിക് വാർഡർമാരോ ഇല്ല.
ഗേൾസ് ഹൈസ്‌കൂൾ ജങ്ഷൻ, വലിയകട, പുളിമൂട്, ശാർക്കര, ചിറയിൻകീഴ് ജങ്ഷനുകളിൽ തോന്നുംപടിയാണ് ഗതാഗതം. പാത വീതികൂട്ടുന്നതിനുള്ള നടപടി ആരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ല.
പൊതുമരാമത്ത്, ഗതാഗത, ആഭ്യന്തരവകുപ്പുകളുടെ ഏകോപനം സാധ്യമായാലേ ആറ്റിങ്ങൽ- ചിറയിൻകീഴ് പാതയിലെ സ്വകാര്യ ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും അമിതവേഗവും അപകടസാധ്യതയും നിയന്ത്രിക്കാൻ കഴിയുകയുള്ളു.
ജീവനക്കാരെ കുറച്ചത് വിനയാകുന്നു
സ്വകാര്യ ബസ് സർവീസ് മേഖലയിലെ വർധിച്ചുവരുന്ന പ്രതിസന്ധി കാരണം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് അപകടങ്ങൾക്ക് കാരണമാണ്. കഴിഞ്ഞ ദിവസം അപകടമുണ്ടാക്കിയ ബസിൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ രണ്ട് ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. മുന്നിലും പിന്നിലുമുണ്ടായിരുന്ന ക്ലീനർമാരെ ഒഴിവാക്കിയതിനാൽ കണ്ടക്ടർമാരോ യാത്രക്കാരോ വേണം വാതിലടച്ച് സുരക്ഷ ഉറപ്പാക്കേണ്ടത്. തിരക്ക് അധികമാകുമ്പോൾ സുരക്ഷാ കാര്യങ്ങളിൽ ജീവനക്കാർക്ക് ശ്രദ്ധിക്കാൻ കഴിയാതെ വരുന്നു. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു.
ഇടുങ്ങിയ റോഡും പാലവും
ആറ്റിങ്ങൽ- ചിറയിൻകീഴ് റോഡിന്റെ വീതി കൂട്ടാത്തതും ഈ പാതയിലെ പുരവൂർ, ഇരട്ടകലുങ്ക് പാലങ്ങളുടെ വീതിക്കുറവും രൂക്ഷമായ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. ഒരു വാഹനത്തിനു മാത്രമേ ഈ പാലങ്ങളിലൂടെ ഒരുസമയം കടന്നുപോകാൻ കഴിയൂ.
Published: 18 Sept 2026, 01:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented