തിരുവല്ലം : കഴക്കൂട്ടം-കാരോട് ദേശീയപാതയിലെ അമ്പലത്തറ കുമരിച്ചന്ത-തിരുവല്ലം റൂട്ടിനെ അപകടരഹിത പാതയാക്കുന്നതിന് റിഫ്‌ളക്ടറുകൾ പതിപ്പിച്ച ഡിവൈഡറുകൾ സ്ഥാപിച്ചുതുടങ്ങി.

To advertise here,

ഈ റൂട്ടിൽ അമിതവേഗത്തിൽ കടന്നുപോകുന്നതും അപകടമുണ്ടാക്കുന്നതുമായ ഇരുചക്രവാഹനങ്ങൾ അടക്കമുള്ള വാഹനങ്ങളെ കണ്ടെത്തുന്നതിനുമായി മൂന്നുകിലോമീറ്ററോളം ദൂരത്തിൽ രാത്രിയിലും പകലും ഒരുപോലെ ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള രണ്ട് ക്യാമറകളും സ്ഥാപിക്കുന്നു. ദേശീയപാതാ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഡിവൈഡറുകൾ സ്‌ഥാപിച്ചത്. അടുത്തയാഴ്ച ക്യാമറകളും സ്ഥാപിക്കും.

ദേശീയപാതയിലെ അമ്പലത്തറ-കുമരിച്ചന്ത വഴിയും മണക്കാട്-അമ്പലത്തറ-കരിമ്പുവിള പി.ഡബ്ല്യു.ഡി. റോഡിലൂടെ എത്തുന്ന വാഹനങ്ങളും തിരുവല്ലം പാലം കടന്നാണ് കോവളം-തമിഴ്‌നാട് റൂട്ടിലേക്കു പോകുന്നത്.

അതേസമയം വാഴമുട്ടം-പാച്ചല്ലൂർ എന്നിവിടങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളും തിരുവല്ലം പാലം കടന്നാണ് തിരുവനന്തപുരത്തേക്കു പോകുന്നത്.

14 മീറ്റർ വീതിയുള്ള പാലത്തിലൂടെ വൺവേ സംവിധാനമാണ് ഏർപ്പെടുത്തിട്ടുള്ളത്. എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങളെയും ലൈൻ ട്രാഫിക് സംവിധാനത്തെയും അവഗണിച്ചുമാണ് രണ്ടുവരിപ്പാതയിലൂടെ ഇരു റൂട്ടിലേക്കും ഒരേസമയം വാഹനങ്ങൾ കടന്നുപോകുന്നത്.

ട്രാഫിക് നിയമങ്ങൾ ലംഘിച്ചെത്തുന്ന വാഹനങ്ങൾ കൂട്ടിയിടിച്ചാണ് തിരുവല്ലം പാലം മേഖലയിൽ അപകടങ്ങളുണ്ടാകുന്നത്. നാലുവർഷത്തിനിടെ 10 പേരാണ് തിരുവല്ലം പാലത്തിലുണ്ടായ അപകടത്തിൽ മരിച്ചത്.

വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങൾക്കു കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് തിരുവല്ലം പാലത്തിന്റെ താഴെയുള്ള കരിമ്പുവിളമുതൽ ജങ്ഷൻവരെ റിഫ്‌ളക്ടർ ഉള്ള ഡിവൈഡറുകൾ സ്ഥാപിച്ച് അപകടരഹിത പാതയാക്കാൻ ദേശീയപാതാ അധികൃതർ തീരുമാനിച്ചത്.

50-ലധികം ഡിവൈഡറുകളാണ് സ്ഥാപിച്ചത്. ഈ റൂട്ടിൽ സ്ഥാപിക്കുന്ന ക്യാമറകൾ ശേഖരിക്കുന്ന ദൃശ്യങ്ങൾ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് കൈമാറുക.

തിരുവല്ലം കരമനയാറിനു കുറുകേ നിർമിക്കുന്ന സർവീസ് റോഡ് പാലം അടുത്ത ജനുവരിയിൽ തുറക്കുന്നതോടെ തിരുവല്ലം പാലത്തിലെ നിലവിലെ രണ്ടുവരിപ്പാത വൺവേയാക്കി മാറ്റും. മാത്രമല്ല, തിരുവല്ലം ജങ്ഷനിലെ ട്രാഫിക് പരിഷ്‌കരണത്തിന് ദേശീയപാതാ അതോറിറ്റി പുതിയ രൂപരേഖയും തയ്യാറാക്കുന്നുണ്ട്.