പോത്തൻകോട് : പഴകുറ്റി-മംഗലപുരം റോഡിന്റെ രണ്ടാംഘട്ട റീച്ചിന്റെ നിർമാണം അനിശ്ചിതത്വത്തിൽ.
റോഡിനായി ഏറ്റെടുത്ത വസ്തു ഉടമകൾക്ക് നഷ്ടപരിഹാരത്തുക കൈമാറിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും റോഡ് നിർമാണം നീണ്ടുപോകുകയാണ്. 44.64 കോടി രൂപയാണ് ഭൂ ഉടമകൾക്ക് കൈമാറിയത്.
പഴകുറ്റി-മംഗലപുരം റോഡ് 20 കിലോമീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലുമാണ് നവീകരിക്കുന്നത്. ഇതിൽ ഒന്നാം റീച്ചായ പഴകുറ്റി-തേക്കട റോഡും മൂന്നാം റീച്ചായ പോത്തൻകോട്- മംഗലപുരം റോഡും നവീകരണം പൂർത്തിയായിട്ടുണ്ട്.
റോഡിന് 170 കോടി രൂപയാണ് കിഫ്ബി ഫണ്ടിൽനിന്നു ചെലവഴിക്കുന്നത്. മുക്കംപാലമൂട് മുതൽ പോത്തൻകോട് വരെയുള്ള രണ്ടാം റീച്ചിൽ ഉൾപ്പെടുന്ന ഭൂമി വിട്ടുനൽകിയവർക്ക് പണം കൈമാറിയിട്ടുണ്ട്. രണ്ടാം റീച്ചിൽ 400 കുടുംബങ്ങളിൽനിന്നായി ഒരു ഏക്കർ 70 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്.
പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ട എട്ടുപേർക്ക് 9,50,000 രൂപയും നൽകി. കഴിഞ്ഞവർഷം സെപ്റ്റംബറിൽ തുക വിതരണം പൂർത്തിയാക്കി ടെൻഡർചെയ്യുന്ന തരത്തിൽ നടപടികൾ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.
ഒരു വർഷം കഴിഞ്ഞിട്ടും ടെൻഡർ നടപടികൾപോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യ റീച്ചിൽ 203 കുടുംബങ്ങളിൽനിന്നും 73.4 സെന്റ് ഭൂമി ഏറ്റെടുത്തു. ഇവർക്ക് 5.61 കോടി രൂപ നഷ്ടപരിഹാരത്തുക വിതരണം ചെയ്തിരുന്നു.
പഴകുറ്റിമുതൽ മുക്കംപാലമൂട് വരെയുള്ള ഏഴ് കിലോമീറ്റർ റോഡ് ജോലിക്കായി 35.52 കോടി രൂപയാണ് ചെലവഴിച്ചത്. ഈ റീച്ചിന്റെ പൂർത്തീകരണത്തിനായി 12.93 കോടി രൂപ അനുവദിച്ചിരുന്നു. മൂന്നാം റീച്ചായ പോത്തൻകോട്-മംഗലപുരം റോഡിൽ 247 കുടുംബങ്ങളിൽ നിന്നായി 66 സെന്റ് ഭൂമി ഏറ്റെടുത്തു. നഷ്ടപരിഹാരത്തുകയായി 9.46 കോടി രൂപ കൈമാറുകയും നിർമാണപ്രവൃത്തികൾക്കായി 47.83 കോടി രൂപ അനുവദിച്ച് നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.
ഉടൻ ടെൻഡർനടപടികളിലേക്ക് കടക്കും
തേക്കട-പോത്തൻകോട് റോഡിന്റെ നിർമാണപ്രവൃത്തികൾക്കായുള്ള ടെൻഡർ നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കും. ആദ്യം ടെൻഡർ വിളിച്ചെങ്കിലും ഒരു കമ്പനിമാത്രമേ എടുത്തുള്ളൂ. അതിനാലാണ് കാലതാമസം ഉണ്ടായത്.
ജി.ആർ.അനിൽ എം.എൽ.എ.
Published: 29 Sept 2026, 02:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented