കല്ലമ്പലം : ദേശീയപാതയിലെ ഇരുപത്തിയെട്ടാം മൈൽ നാലുമുക്ക് ജങ്ഷൻ രാത്രിയായാൽ ഇരുട്ടിൽ. മാസങ്ങളായി ഹൈമാസ്റ്റ് ലൈറ്റ് കത്താതായതോടെയാണ് തിരക്കേറിയ ജങ്ഷനിൽ യാത്രക്കാർ ദുരിതത്തിലായത്. വെളിച്ചമില്ലാത്തതിനാൽ വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെ.

To advertise here,

നാലുഭാഗത്തുനിന്നും വാഹനങ്ങൾ എത്തുന്ന പ്രധാന ജങ്ഷനാണിത്. ദേശീയപാതയിലൂടെയുള്ള വാഹനങ്ങൾക്ക് പുറമെ വിവിധ പ്രദേശങ്ങളിലേക്കുള്ള വാഹനങ്ങളും ഇവിടെ സംഗമിക്കുന്നതിനാൽ രാത്രിയിലും തിരക്ക് കുറയാറില്ല.

ജങ്ഷന് ആവശ്യമായ വെളിച്ചം നൽകിയിരുന്ന ഹൈമാസ്റ്റ് ലൈറ്റാണ് പ്രവർത്തനരഹിതമായത്. ഇരുട്ടിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത് ഏറെ അപകടകരമാണ്. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം മാത്രമാണ് റോഡിലുള്ളത്. വിവിധ ദിശകളിൽനിന്ന് വാഹനങ്ങൾ എത്തുന്നതിനാൽ ഡ്രൈവർമാർക്ക് റോഡരികിലുള്ള കാൽനടയാത്രക്കാരെയും മറ്റ് വാഹനങ്ങളെയും കൃത്യമായി തിരിച്ചറിയാൻ പ്രയാസമുണ്ടാകുന്നതായും നാട്ടുകാർ പറയുന്നു. മഴസമയത്ത് സ്ഥിതി കൂടുതൽ ദുരിതമാകും.

ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാറിനൊപ്പം ദേശീയപാതയിലെ നിർമാണപ്രവൃത്തികൾ പാതിവഴിയിൽ തുടരുന്നതും യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നു. മഴ പെയ്തതോടെ നിർമാണം നടക്കുന്ന ഭാഗങ്ങൾ ചെളിക്കളമായി. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് പ്രയാസകരമാണ്.

രാത്രിയിൽ വെളിച്ചമില്ലാത്തതിനാൽ റോഡിലെ കുഴികളും ഉയർച്ചതാഴ്ചകളും നിർമാണാവശിഷ്ടങ്ങളും കൃത്യമായി കാണാൻ കഴിയുന്നില്ല. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രക്കാർക്ക്. നാലുമുക്ക് ജങ്ഷൻ ഇരുട്ടിലായിട്ടും ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണി നടത്തി വെളിച്ചമെത്തിക്കാൻ നടപടി ഉണ്ടാകാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്തണമെന്നും റോഡ് നിർമാണപ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.