വെള്ളറട : ചികിത്സാപ്പിഴവിലൂടെ കൈയിലെ മുറിവ് ഗുരുതരാവസ്ഥയിലായ വീട്ടമ്മയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊന്നമ്പി രുക്‌മിണി മെമ്മോറിയൽ ദേവി ആശുപത്രിയിലേക്ക് ബഹുജനമാർച്ച് സംഘടിപ്പിച്ചു.
ഒറ്റശേഖരമംഗലം വലിയവിളപ്പുറം നിർമല ഭവനിൽ ജിജിയുടെ (37) വലതുകൈയാണ് ചികിത്സാപ്പിഴവിലൂടെ മുറിച്ചുമാറ്റേണ്ട അവസ്ഥയിലായത്. കഴിഞ്ഞ മാസമാണ് രക്തസ്രാവത്തെത്തുടർന്ന് ജിജി പൊന്നമ്പിയിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. ഒൻപതുദിവസത്തെ ചികിത്സ പിന്നിട്ടപ്പോൾ ജിജിയുടെ വലതുകൈപ്പത്തിയിൽ നീര് വന്ന് പഴുത്തു. ചികിത്സാപ്പിഴവ് കാരണമാണ് കുത്തിവെയ്ക്കുന്നതിനായി കാനുല ഇട്ടിരുന്ന ഭാഗം പഴുത്ത് വ്രണമായതെന്ന് ജിജിയുടെ ബന്ധുക്കൾ ആരോപിക്കുന്നു, പിന്നീട് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈയുടെ കുറച്ച് ഭാഗം മുറിച്ചുമാറ്റേണ്ട നിലയിലാണ്.
തുടർചികിത്സയ്ക്കായി ആവശ്യമായ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ജിജിയുടെ കുടുംബം ആശുപത്രിയുടെ മുന്നിൽ ഉപവാസസമരം നടത്തിയെങ്കിലും പരിഹാരനടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ബഹുജനമാർച്ച് നടത്തിയത്. ജിജിക്ക് നീതി ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരക്കാർ പറഞ്ഞു. യൂത്ത് കോൺഗ്രസ് പാറശ്ശാല നിയോജകമണ്ഡലം പ്രസിഡന്റ് ജെ.എസ്. ബ്രഹ്മിൻ ചന്ദ്രൻ, സാംകുമാർ, ഉഷ സതീഷ്, ലീല സ്റ്റാൻലി, രാജേഷ് കുമാർ, ശാലിനി രാജേഷ്, മണ്ണാംകോണം ജോബിൻ, ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രമേഹരോഗം കാരണമാണ് കൈയിലെ മുറിവ് ഗുരുതരമായതെന്നും അധികൃതർ പറഞ്ഞു.
Published: 29 Sept 2026, 02:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented