പെരിങ്ങമ്മല : കർഷകരെല്ലാം കൈയൊഴിഞ്ഞ പെരിങ്ങമ്മല പാടശേഖരത്തിൽ യുവാക്കളുടെ കൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പ്. നാല് പഞ്ചായത്തുകളിൽ അവശേഷിക്കുന്ന ഏക പാടശേഖരമായ പെരിങ്ങമ്മല പാടശേഖരത്തിനാണ് പുനർജനി.

To advertise here,

ദുരിതങ്ങളുടെയും നഷ്ടങ്ങളുടെയും കണക്കുകൾ നിരത്തി സമീപ പ്രദേശങ്ങളിലെ പാടങ്ങളെല്ലാം മണ്ണിട്ടുനിരത്തി റബ്ബറും തെങ്ങും നട്ടു പിടിപ്പിച്ചപ്പോഴാണ് നെൽക്കൃഷിക്കായി പെരിങ്ങമ്മലയിലെ യുവാക്കൾ ഒത്തുചേർന്നത്.

പെരിങ്ങമ്മല കട്ടയ്ക്കാൽമുതൽ പ്ലാമൂട് പുള്ളിപ്പച്ചവരെ നീണ്ടുകിടന്നിരുന്ന ഏലയായിരുന്നു പെരിങ്ങമ്മല പാടശേഖരം.

എന്നാൽ, നിലവിൽ ഇവിടെ 30-ൽ താഴെ കർഷകർ മാത്രമാണ് വന്യമൃഗങ്ങളോടും പ്രകൃതിയോടും പടവെട്ടി കൃഷിചെയ്യുന്നത്.

നാളത്തെ പ്രതീക്ഷകൾ

:നെൽക്കൃഷി അന്യമായിപ്പോകുമെന്ന അവസ്ഥയെത്തിയപ്പോഴാണ് നാട്ടിലെ ഒരുകൂട്ടം യുവാക്കൾ രംഗത്തിറങ്ങിയത്. ഉഴുതുമറിക്കാനും വിളവെടുക്കാനും ഇവർ യന്ത്രങ്ങളെത്തിച്ചു. 120 ദിവസംകൊണ്ട് വിളവെടുക്കാവുന്ന പ്രത്യാശയെന്ന വിത്തിനമാണ് വിതച്ചത്. കടുത്ത വേനൽ കൃഷിക്കു തടസ്സമായി. എങ്കിലും ഇവർ പിന്നോട്ടുപോകാൻ തയ്യാറായില്ല. കഴിഞ്ഞദിവസം ആഘോഷപൂർവം കൊയ്ത്തുനടത്തി.

വിനോദ് രവീന്ദ്രൻ, സനിൽകുമാർ, വി.എൽ.സജി, ആൽഫ സെബാസ്റ്റ്യൻ, സോമശേഖരൻ നായർ, സന്തോഷ് കുമാർ, ബിജുകുമാർ തുടങ്ങിയവരാണ് നിലവിൽ ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്.

നെൽക്കർഷകർക്ക് അവഗണന

:നെൽക്കർഷകരോട് പഞ്ചായത്ത് ഭരണസമിതിക്കും കൃഷിഭവനും തികഞ്ഞ അവഗണനയാണെന്ന് കർഷകർ പറയുന്നു. കാട്ടുപന്നിശല്യം തടയാനായി രാത്രിസമയങ്ങളിൽ കർഷകർ ഊഴം അനുസരിച്ച് കാവൽ ഇരിക്കുമെങ്കിലും പുലർച്ചെ കാവൽ അവസാനിപ്പിച്ച് മടങ്ങിയശേഷം പന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്. കാട്ടുപന്നിയെ വെടിവെക്കാൻ ആളെത്തുമെന്ന പ്രതീക്ഷയിൽ ആഴ്ചകളായി ഇവിടെ കർഷകർ കാത്തിരിപ്പാണ്. പലവർഷങ്ങളിലായി 95 ലക്ഷം രൂപ ചെലവിട്ടുവാങ്ങിയ കാർഷിക ഉപകരണങ്ങൾ പലവീടുകളുടെയും പിന്നാമ്പുറത്ത് തുരുമ്പെടുത്തു നശിക്കുന്നുവെന്ന്‌ പരാതിയുണ്ട്.

പഞ്ചായത്തും കൃഷിഭവനും ഇടപെടണം

:ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും നിയമത്തിന്റെ നൂലാമാലകൾ നോക്കിയിരുന്നാൽ നെൽക്കൃഷിയെ പ്രോത്സാഹിപ്പിക്കാനാവില്ല. നെല്ല് വിറ്റഴിക്കുന്നതിനുള്ള സംവിധാനങ്ങൾ കൃഷിഭവൻ ഏറ്റെടുക്കണം. സപ്ലൈകോയെ കൊണ്ട് നെല്ല് ഏറ്റെടുപ്പിക്കുന്നതിനായി അധികൃതർ മുന്നോട്ടുവരണം. ട്രാക്ടർ, കൊയ്ത്ത് യന്ത്രം എന്നിവ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാടശേഖരത്തിൽ എത്തിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാക്കണം. വന്യമൃഗങ്ങളിൽനിന്നു സംരക്ഷണത്തിനായി സൗരവേലി സ്ഥാപിക്കുന്നതും പരിഗണിക്കണം.

വേണുഗോപാലൻനായർ

പാടശേഖരസമിതി കൺവീനർ