വെള്ളറട : ജലക്ഷാമം രൂക്ഷമാകുന്ന പ്രദേശത്തെ ജലസമൃദ്ധമായ കുളത്തിലെ വെള്ളം തുറന്നുവിട്ട് വറ്റിച്ചതായി പരാതി. സംഭവം മത്സ്യക്കൃഷിയുടെ മറവിലെന്ന് ആരോപണം.

To advertise here,

ഇതോടെ നാട്ടുകാർ ദുരിതത്തിലായി. വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ വലിയ കുളങ്ങളിൽ ഒന്നായ നെല്ലിശ്ശേരി ചിറത്തലയ്ക്കൽ കുളത്തിലെ വെള്ളമാണ് തുറന്നുവിട്ടത്. ദിവസങ്ങൾക്കു മുൻപാണ് സംഭവം നടന്നത്. മുൻപ്‌ ഈ കുളത്തിൽ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ മത്സ്യക്കൃഷി നടത്തിയിരുന്നു. പിന്നീട് ലേലം നൽകി ഭൂരിഭാഗം മത്സ്യത്തിന്റെയും വിളവെടുപ്പു നടത്തി.

ആഴ്ചകൾക്കു മുൻപ്‌ മത്സ്യം വളർത്തലിനായി ആമച്ചൽ സ്വദേശിക്ക്‌ 27,000 രൂപയ്ക്ക് ലേലം നൽകിയിരുന്നു. മത്സ്യക്കൃഷിക്ക്‌ വെള്ളം വേണമെന്നിരിക്കേ കുളത്തിലെ പഴയ മത്സ്യം പിടിക്കാൻ ലേലമെടുത്തവർ കുളം വെട്ടി തുറന്ന് വറ്റിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

കുളം വറ്റിയതോടെ സമീപത്തെ വീടുകളിലെയും മുട്ടയ്‌ക്കോട് കോളനി ജലവിതരണ പദ്ധതി കിണറ്റിലെയും ജലനിരപ്പ് താഴ്ന്നു. കോളനിയിൽ താമസിക്കുന്ന 90 ഓളം കുടുംബങ്ങൾ ഈ പദ്ധതിയിൽനിന്നുള്ള കുടിവെള്ളമാണ് ഉപയോഗിക്കുന്നത്.

രാവിലെയും വൈകീട്ടും പമ്പിങ് നടത്തിയാണ് ജലം ശേഖരിക്കുന്നത്. എന്നാൽ, ജലനിരപ്പ് താഴ്ന്നത് പമ്പിങ്ങിനെയും പ്രതികൂലമായി ബാധിച്ചു.

ഈ കുളം പല ഘട്ടങ്ങളിലായി നിരവധി ഫണ്ടുകൾ വിനിയോഗിച്ചാണ് നവീകരിച്ച് ഉപയോഗപ്രദമാക്കിയത്.

ജലചോർച്ച തടയാനായി കുളത്തിന്റെ നാലുവശവും കരിങ്കൽഭിത്തി നിർമിച്ചും ബണ്ടുകൾ വീതിയിൽ കോൺക്രീറ്റ് ചെയ്ത് യുവാക്കൾക്കും നാട്ടുകാർക്കും നടക്കാനും മറ്റ് കായികക്ഷമതാ പരിശീലനത്തിനുമുള്ള സ്ഥലസൗകര്യവുമൊരുക്കിയിട്ടുണ്ട്. സമീപ ക്ഷേത്രത്തിൽ കർക്കടക പിതൃദർപ്പണത്തിനും ഈ കുളത്തെയാണ് ആശ്രയിക്കുന്നത്.