ഒരേസമയം 24 പേർക്ക് യാത്രചെയ്യാനാകും

To advertise here,

തിരുവനന്തപുരം : വേളി കായലിൽനിന്ന് പാർവതീപുത്തനാറിലൂടെ കഠിനംകുളംവരെ യാത്രപോകാം. സോളാർ ബോട്ട് സർവീസ് ബുധനാഴ്ച ആരംഭിക്കും. രാവിലെ ഒൻപതിന് മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും.

ദിവസവും ഒരു ട്രിപ്പാണുണ്ടാകുക. വേളിയിൽനിന്നാണ് സർവീസ് ആരംഭിക്കുക. ചാന്നാങ്കര, കഠിനംകുളം പോലീസ് സ്റ്റേഷൻ എന്നിങ്ങനെ രണ്ട് സ്റ്റോപ്പുകളാണുള്ളത്. ഒരുവശത്തേക്ക് 14 കിലോമീറ്റർ ദൂരമുണ്ടാകും. രണ്ടുമണിക്കൂറാണ് യാത്രാദൈർഘ്യം. വേളിയിൽനിന്ന് പുറപ്പെട്ട് രണ്ട് സ്റ്റോപ്പുകളിൽ നിർത്തിയശേഷം കഠിനംകുളത്തുനിന്ന് തിരികെ ബോട്ട് വേളിയിൽ എത്തിച്ചേരും.

യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് ട്രിപ്പുകളുടെ എണ്ണം ഉയർത്തും. ഇപ്പോഴത്തെ ട്രിപ്പ് രാവിലെ 9.30-ന് വേളിയിൽനിന്ന് പുറപ്പെട്ട് 11.30-ന് കഠിനംകുളത്ത് എത്തുകയും തിരികെ 1.30-ഓടെ വേളിയിൽ മടങ്ങിയെത്തുകയും ചെയ്യും. കുടുംബശ്രീയുമായി സഹകരിച്ച് യാത്രക്കാർക്ക് ചായയും ലഘുഭക്ഷണങ്ങളും ലഭ്യമാക്കാനുള്ള നടപടികളും അധികൃതരുടെ ആലോചനയിലുണ്ട്. സിയാലിന്റെ സോളാർ ബോട്ട് വാടകയ്‌ക്കെടുത്താണ് സർവീസ് നടത്തുക. സോളാർ പാനലുകളും ഇലക്ട്രിക് ബാറ്ററിയും ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ബോട്ട് പൂർണമായും പരിസ്ഥിതിസൗഹൃദമാണ്. ജലഗതാഗതവകുപ്പിനാണ് നടത്തിപ്പു ചുമതല.

യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രത്യേകം നിരക്കുകളാണ് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത്. വേളിയിൽനിന്നും ചാന്നാങ്കരയിലേക്ക് 50 രൂപയും ചാന്നാങ്കരയിൽനിന്നും കഠിനംകുളത്തേക്ക് 30 രൂപയും വേളിയിൽനിന്നും കഠിനംകുളത്തേക്ക് 80 രൂപയുമാണ് സാധാരണ യാത്രാ നിരക്ക്.

ഒരേസമയം 24 പേർക്ക് യാത്രചെയ്യാനാകും. 12 സീറ്റുകൾ സാധാരണ യാത്രക്കാർക്കും ബാക്കി 12 സീറ്റുകൾ വിനോദസഞ്ചാരത്തിനുമാണ് ഒഴിച്ചിട്ടിരിക്കുന്നത്. സാധാരണ യാത്രക്കാർക്ക് വേളിയിൽനിന്ന് കഠിനംകുളത്തേക്ക് 80 രൂപയും കഠിനംകുളത്തുനിന്നും അധികമായി കായലിന്റെ സൗന്ദര്യം ആസ്വദിക്കുന്ന വിനോദസഞ്ചാരികളിൽനിന്ന് 400 രൂപയും ഈടാക്കും. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യവും അഞ്ചുമുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് 50 ശതമാനം നിരക്കും 11 വയസ്സിനു മുകളിലുള്ളവർക്ക് മുഴുവൻ ടിക്കറ്റ് നിരക്കുമായിരിക്കും.ബോട്ടിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ അഞ്ച് ജീവനക്കാരുണ്ടാകും. അതിനിടെ ബോട്ട് സർവീസ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ജലഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു.

സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് തലസ്ഥാനത്ത് ആദ്യം ബോട്ട് സർവീസ് നടപ്പിലാക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലും തുടങ്ങാനായിട്ടുള്ള പ്രാഥമിക പരിശോധനകൾ നടന്നുവരുകയാണ്. കോഴിക്കോട്ട് ബേപ്പൂർ മുതൽ ഊർക്കടവ് വരെയുള്ള റൂട്ടു പരിശോധനകൾ നടക്കുകയാണ്.