പാറശ്ശാല : പൊഴിയൂർ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. കുടിവെള്ള വിതരണത്തിനായി സജ്ജീകരിച്ചിട്ടുള്ള പൈപ്പുകളിൽ കുടിവെള്ളം എത്തുന്നത് ആഴ്ചയിൽ മൂന്നുദിവസംമാത്രം. അതും ലഭിക്കുന്നത് ഒരുമണിക്കൂർമാത്രം.
കിലോമീറ്ററുകൾ അകലെയുള്ള ബന്ധുവീടുകളിൽനിന്ന് ഓട്ടോറിക്ഷകളിൽ കുടിവെള്ളമെത്തിക്കുകയാണ് പ്രദേശവാസികൾ.
അതിർത്തിപ്രദേശത്തെ പ്രധാന മത്സ്യബന്ധന ഗ്രാമമായ പൊഴിയൂർ പരുത്തിയൂർ, തെക്കേ കൊല്ലങ്കോട് മേഖലകളിലാണ് മഴക്കാലത്തുപോലും കടുത്ത കുടിവെള്ളക്ഷാമമുള്ളത്. തീരദേശമായതിനാൽ കിണറുകളിൽ നിന്ന് ലഭിക്കുന്നത് ഉപ്പുവെള്ളമായതിനാൽ കുടിവെള്ളവിതരണ പൈപ്പുകളിൽനിന്നുള്ള വെള്ളത്തെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. ഇതാകട്ടെ മഴക്കാലങ്ങളിൽപ്പോലും ലഭിക്കുന്നത് ആഴ്ചയിൽ മൂന്നുദിവസംമാത്രമാണ്.
ഈ ദിനങ്ങളിൽപ്പോലും ഒരുമണിക്കൂർ മാത്രമാണ് പൈപ്പുകളിൽ കുടിവെള്ളമെത്തുന്നത്. ഒരുമണിക്കൂർമാത്രം ലഭിക്കുന്ന കുടിവെള്ളം ശേഖരിക്കുന്നതിനായി അതിരാവിലെമുതൽ പൈപ്പുകൾക്കുമുന്നിൽ കുടങ്ങൾ സ്ഥാപിച്ച് കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. ഒരു പൈപ്പിനുമുന്നിൽ അൻപതോളം കുടുംബങ്ങളിൽനിന്നുള്ളവരാണ് വെള്ളത്തിനായി കാവൽനിൽക്കുന്നത്.
എല്ലാപേർക്കും ജലം ലഭിക്കുന്നതിനായി ഒരു കുടുംബത്തിനായി മൂന്നുകുടം വെള്ളം എടുക്കാനുള്ള അനുവാദമാണുള്ളത്. പ്രദേശവാസികൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിനായി ഇടവക അധികൃതരും പ്രദേശവാസികളും ചേർന്നാണ് ഈ ധാരണ ഉണ്ടാക്കിയിട്ടുള്ളത്. ഒരു കുടുംബത്തിനു ലഭിക്കുന്ന മൂന്നുകുടം വെള്ളം ഉപയോഗിച്ചുവേണം ഇവർക്ക് രണ്ടുദിവസം കഴിച്ചുകൂട്ടേണ്ടത്. കഴിഞ്ഞ ആറുമാസക്കാലമായി ലഭിക്കുന്ന വെള്ളത്തിന്റെ അളവിലും വലിയ കുറവുണ്ടായത് തീരദേശവാസികളെ കൂടുതൽ ദുരിതത്തിലാക്കുന്നു.
എ.വി.എം. കനാൽ നവീകരിക്കണം
ഇരുപതുവർഷങ്ങൾക്കു മുൻപേ പൊഴിയൂർ തീരദേശവാസികൾ കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കുമായി ആശ്രയിച്ചിരുന്നത് ഇന്ന് മാലിന്യവാഹിനിയായി മാറിയ എ.വി.എം. കനാലിനെയായിരുന്നു.
വേനൽക്കാലത്ത് മറ്റ് പല പ്രദേശങ്ങളിലും കടുത്ത ജലക്ഷാമം അനുഭവപ്പെടുമ്പോൾപ്പോലും എ.വി.എം. കനാലിൽ ശുദ്ധജലം ലഭ്യമായിരുന്നുവെന്ന് പഴയ തലമുറ ഓർക്കുന്നു. എ.വി.എം. കനാലിലെ വെള്ളം കുടങ്ങളിൽ ശേഖരിച്ച് പാചകത്തിനടക്കം ഒരുകാലത്ത് ഉപയോഗിച്ചിരുന്നു. എന്നാൽ, ഇന്ന് എ.വി.എം. കനാൽ പൂർണമായും മാലിന്യനിക്ഷേപകേന്ദ്രമാണ്. എ.വി.എം. കനാൽ നവീകരണമടക്കമുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് രണ്ടുദിവസം മുൻപ് പൊഴിയൂരിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിച്ചിരുന്നു.
എ.വി.എം. കനാൽ പൂർണമായും നവീകരിച്ച് മലിനജലം ഒഴുകിയെത്തുന്നതും മാലിന്യം വലിച്ചെറിയുന്നതും തടഞ്ഞ് എ.വി.എം. കനാലിനെ ജലസ്രോതസ്സാക്കി കുടിവെള്ള പദ്ധതി നടപ്പിലാക്കിയാൽ വേനൽക്കാലത്തടക്കം പൊഴിയൂരിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടില്ലായെന്ന് പ്രദേശവാസികൾ പറയുന്നു.
Published: 27 Sept 2026, 11:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented