നീളം 1.4 കിലോമീറ്റർ
കരുനാഗപ്പള്ളി : ദേശീയപാത 66-ന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ നിർമിക്കുന്നത് ജില്ലയിൽ ഏറ്റവും നീളം കൂടിയ ഉയരപ്പാത. ലാലാജി ജങ്ഷൻമുതൽ സിവിൽ സ്റ്റേഷൻ ജങ്ഷൻവരെയാണ് ആദ്യം ഉയരപ്പാത വിഭാവനംചെയ്തിരുന്നത്. പിന്നീടത് ഹൈസ്‌കൂൾ ജങ്ഷൻവരെ 1.2 കിലോമീറ്ററായി കൂട്ടി. പുതിയ നിർദേശമനുസരിച്ച് ഉയരപ്പാത താലൂക്ക് ആശുപത്രിക്കു സമീപംവരെയാകും. ഇതോടെ നീളം 1.4 കിലോമീറ്ററാകും. നിർമാണം പൂർത്തിയാകുമ്പോൾ ജില്ലയിലെ ഏറ്റവും നീളമുള്ള ഉയരപ്പാതയായി കരുനാഗപ്പള്ളി നഗരത്തിലെ ഉയരപ്പാത മാറും.നിലവിൽ ലാലാജി ജങ്ഷൻമുതൽ ഹൈസ്‌കൂൾ ജങ്ഷൻവരെയാണ് ഉയരപ്പാതയുടെ നിർമാണം നടക്കുന്നത്. ഇതിൽ പടിഞ്ഞാറുവശത്ത് തൂണുകളും ബീമുകളും നിർമിച്ചുകഴിഞ്ഞു. കോൺക്രീറ്റ് ജോലികളും പൂർത്തീകരിച്ചു. കിഴക്കുവശത്ത് തൂണുകളുടെ നിർമാണം പൂർത്തിയാകാനുണ്ട്.
ദേശീയപാത വികസനത്തിന്റെ നിർമാണപ്രവൃത്തികൾ മാസങ്ങളായി നിർത്തിെവച്ചിരിക്കുകയായിരുന്നു. കരാർ കമ്പനിയുമായുള്ള ധാരണപ്രകാരം നിർമാണം പുനരാരംഭിക്കാൻ എൻ.എച്ച്.എ.ഐ. അനുമതി നൽകിയിരുന്നു. കൊറ്റുകുളങ്ങരമുതൽ കാവനാടുവരെ നീളുന്ന റീച്ചിൽ ആദ്യ രൂപരേഖപ്രകാരമുള്ള നിർമാണപ്രവൃത്തികളും അതിനൊപ്പം കൂട്ടിച്ചേർത്ത പ്രവൃത്തികളുമാണ് പൂർത്തിയാക്കാൻ അനുമതി നൽകിയത്.
എന്നാൽ ഇതുവരെ നിർമാണം പുനരാരംഭിച്ചിട്ടില്ല. നിർമാണ സാമഗ്രികളും യന്ത്രങ്ങളും എത്താത്തതാണ് കാരണമെന്നാണ് വിവരം. പണി പുനരാരംഭിക്കുന്നതോടെ കരുനാഗപ്പള്ളിയിലെ ഉയരപ്പാതയുടെ നീളം കൂട്ടുന്ന ജോലികളും തുടങ്ങും. ഉയരപ്പാതയ്ക്കു താഴെ ഇരുവശത്തുമായി സർവീസ് റോഡുകളും ഉണ്ടാകും.
പാലത്തിന്റെ അടിഭാഗം ഉപയോഗപ്പെടുത്തണം
1.4 കിലോമീറ്റർ നീളത്തിലുള്ള ഉയരപ്പാത പൂർത്തിയാകുന്നതോടെ പാലത്തിന് അടിഭാഗം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നഗരത്തിലെ ടാക്‌സി സ്റ്റാൻഡുകൾ പലതും ഇല്ലാതായി. അതിനാൽ പാലത്തിന്റെ അടിഭാഗത്ത് ടാക്‌സി സ്റ്റാൻഡുകൾ അനുവദിക്കണമെന്നാണ് ആവശ്യം.
നഗരം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് പാർക്കിങ്. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ ഇടമില്ല. ഈ സാഹചര്യത്തിൽ കുറച്ചുഭാഗം നഗരസഭയുടെ നിയന്ത്രണത്തിൽ പാർക്കിങ്ങിനായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യവുമുയരുന്നുണ്ട്. ബാഡ്‌മിന്റൺ, വോളിബോൾ തുടങ്ങി വിവിധ കായിക ഇനങ്ങൾക്കായി സ്ഥലം മാറ്റിവയ്ക്കണമെന്നും ആവശ്യമുണ്ട്.
Published: 29 Sept 2026, 01:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented