നെയ്യാറ്റിൻകര : കേരള സർവകലാശാലയുടെ യു.ഐ.ടി. നെയ്യാറ്റിൻകര സെന്ററിനായി ആറാലുംമൂട്ടിൽ നിർമിച്ച കെട്ടിടം നഗരസഭ കൈമാറുന്നില്ല. ആറു മാസം മുൻപ് ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെ കെട്ടിടം കൈമാറാത്തത് കാരണം യു.ഐ.ടി.ക്ക് വാടകക്കെട്ടിടത്തിൽ നിന്നും ഒഴിയാനാകുന്നില്ല.
യു.ഐ.ടി. നിലവിൽ അതിയന്നൂർ യു.പി. സ്‌കൂളിന് സമീപം വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ആറാലുംമൂട് ചന്ത ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി നിർമിച്ച ഒരുനില കെട്ടിടത്തിന് മുകളിലായി കെ.ആൻസലൻ എം.എൽ.എ.യായിരുന്നപ്പോൾ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഒരുനിലകൂടി നിർമിച്ചാണ് യു.ഐ.ടി.ക്കായി നൽകിയത്.
മാർച്ച് ഒൻപതിന് ഉദ്ഘാടനവും നടത്തി. എന്നാൽ ക്ലാസ് മുറികൾ തിരിക്കാതെയും പെയിന്റിങ്, ഇലക്ട്രിക് ജോലികൾ പൂർത്തിയാക്കാതെയുമാണ് ഉദ്ഘാടനം നടത്തിയത്.യു.ഐ.ടി.യിലേക്ക് പ്രവേശനം നേടിയ പുതിയ ബാച്ചിന്റെ ക്ലാസുകൾ ആറാലുംമൂട് ചന്തയിലെ കെട്ടിടത്തിൽ പ്രവർത്തിക്കുമെന്നാണ് ഉദ്ഘാടന ദിവസം പ്രഖ്യാപിച്ചിരുന്നത്.എന്നാൽ ഇപ്പോൾ അടുത്ത പുതിയ ബാച്ചിന്റെ പ്രവേശന നടപടികൾ തുടങ്ങിയിട്ടും ഇതുവരെ കെട്ടിടം സർവകലാശാലയ്ക്ക് നഗരസഭ കൈമാറിയിട്ടില്ല.
കെട്ടിടം കൈമാറാതെ ഫണ്ട് ലഭിക്കില്ല
ആറാലുംമൂട് ചന്തയിലെ കെട്ടിടം യു.ഐ.ടി.ക്ക് നഗരസഭയാണ് കൈമാറേണ്ടത്. കൈമാറുന്നതിന് മുൻപായി നഗരസഭ വാടക സംബന്ധിച്ച് കേരള സർവകലാശാലയുമായി ധാരണയിലെത്തണം. എന്നാൽ ഇക്കാര്യങ്ങൾ സംബന്ധിച്ച് ഇതുവരെ ചർച്ച നടത്താനായിട്ടില്ല. അതുകൊണ്ടുതന്നെ കെട്ടിടം കൈമാറുന്നതിനുള്ള കരാർ എഴുതാനും കഴിഞ്ഞിട്ടില്ല.കരാർ എഴുതിയാലെ കേരള സർവകലാശാലയ്ക്ക് ക്ലാസ് മുറികൾ വേർതിരിക്കാനുള്ള പ്രവൃത്തികൾക്കായി ഫണ്ട് അനുവദിക്കാൻ കഴിയൂ. പുതിയ മന്ദിരത്തിൽ ശൗചാലയം നിർമിച്ചിട്ടില്ല.
ശൗചാലയം നഗരസഭ നിർമിച്ച് നൽകുമെന്ന് ഉദ്ഘാടന ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ ശൗചാലയം നിർമിക്കുന്നത് സംബന്ധിച്ച് യാതൊരു നടപടിയും നഗരസഭ ചെയ്തിട്ടില്ല.
അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കണം
യു.ഐ.ടി.യിൽ നാല് കോഴ്സുകളിലായി മുന്നൂറിലേറെ വിദ്യാർഥികളാണ് പഠിക്കുന്നത്. ബി.ബി.എ., ബി.സി.എ., ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, എം.കോം എന്നീ കോഴ്സുകളാണ് യു.ഐ.ടി.യിൽ ഉള്ളത്. നിലവിലെ വാടകക്കെട്ടിടം ഒഴിയുന്നതിന് മുൻപായി പുതിയ കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിക്കണം.നിലവിൽ കെട്ടിട നിർമാണ ചുമതല പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് എൻജിനിയറിങ് വിഭാഗത്തിനാണ്. വയറിങ്ങിന്റെ ചുമതല ജില്ലാ പഞ്ചായത്തിനുമാണ്. പുതിയ കെട്ടിടത്തിൽ ക്ലാസ് മുറികൾക്ക് പുറമെ ലാബ്, ഓഫീസ്, ലൈബ്രറി എന്നിവ സജീകരിക്കണം. ഇതിനൊപ്പം ശുചിമുറി കൂടി നിർമിക്കണം.
കെട്ടിട നിർമാണം പൂർത്തീകരിച്ചാലെ നഗരസഭയ്ക്ക് കെട്ടിട നമ്പർ നൽകാനാകൂ. എന്നാലേ സർവകലാശാലയുമായി കരാറിലേർപ്പെടാൻ കഴിയൂയെന്ന നിലപാടാണ് നഗരസഭയ്ക്കുള്ളത്.
Published: 21 Sept 2026, 12:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented