മുംബൈ : കൊൽക്കത്ത ട്രാൻസ്ലേറ്റർസ് ഫോറത്തിന്റെ വിവർത്തനത്തിനുള്ള ഈ വർഷത്തെ സമഗ്ര സംഭാവന പുരസ്കാരവും ശരത് സ്മാരക പരിഭാഷാ പുരസ്കാരവും നവി മുംബൈയിലെ ബംഗാളി അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മലയാളത്തിലെ മുതിർന്ന വിവർത്തക ലീലാ സർക്കാരിന് സമർപ്പിച്ചു. തൃശ്ശൂർ സ്വദേശിനിയാണ് ലീല സർക്കാർ.
2026-ലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലീലാ സർക്കാരിനെ പോലുള്ള വിവർത്തകയ്ക്ക് നൽകാനായതിൽ അഭിമാനമുണ്ടെന്ന് ആമുഖ പ്രസംഗം നടത്തിയ എഴുത്തുകാരിയും വിവർത്തകയുമായ തൃഷ്ണ ബസാക് പറഞ്ഞു. നൂറിലധികം കൃതികൾ പരിഭാഷപ്പെടുത്തിയ ലീലാ സർക്കാരിനോട് ബംഗാളികൾ കടപ്പെട്ടിരിക്കുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
അനാരോഗ്യംമൂലം കൊൽക്കത്തയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് അറിഞ്ഞത് കൊണ്ടാണ് ഞങ്ങൾ നവി മുംബൈയിലെത്തി പുരസ്‌കാരച്ചടങ്ങ് നടത്താൻ തീരുമാനിച്ചതെന്ന് പുരസ്‌കാര ദാനം നിർവഹിച്ചുകൊണ്ട് സംസാരിച്ച എഴുത്തുകാരനും ഫോറം അധ്യക്ഷനുമായ ശ്യാമൾ ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വെച്ച് ഈ വർഷത്തെ ശരത് വിവർത്തന പുരസ്‌കാരവും സമ്മാനിക്കുകയുണ്ടായി. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ശരത് പുരസ്കാരം.
നവി മുബൈ ബംഗാളി അസോസിയേഷൻ ഹാളിൽ പ്രവാസി ബംഗാളി സംഘടനയായ മുംബൈ ടാകുമായി സഹകരിച്ച് നടത്തിയ ചടങ്ങിൽ വെച്ച് ലീലാ സർക്കാർ വിവർത്തനം ചെയ്ത തൃഷ്ണ ബസാക്കിന്റെ 'പുനരുജ്ജീവൻ' എന്ന നോവലും ഗീതാഞ്ജലി കൃഷ്ണൻ വിവർത്തനം ചെയ്ത രവീന്ദ്രനാഥ ടാഗോറിന്റെ 'ജല കവിതകൾ' എന്ന കവിതാ സമാഹാരവും പ്രകാശനം ചെയ്തു. പ്രമുഖ വിവർത്തകൻ സുനിൽ ഞാളിയത്ത്, പത്രപ്രവർത്തകൻ എൻ.ശ്രീജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ബംഗാളി കവിതകളുടെ ആലാപനവും സമകാലിക ബംഗാളി നാടകങ്ങളെക്കുറിച്ചുള്ള ചർച്ചയും നടന്നു.
Published: 21 Sept 2026, 12:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented