വേങ്കവിളയിലെ നീന്തൽക്കുളം തുറക്കണമെന്ന് ആവശ്യം

To advertise here,

ആനാട് : രണ്ടര പതിറ്റാണ്ട് പഴക്കമുള്ള ആനാട് വേങ്കവിളയിലെ നീന്തൽക്കുളത്തിന് (റോയൽ സ്വിമ്മിങ് പൂൾ) താഴുവീണിട്ട് മൂന്നുവർഷം കഴിഞ്ഞു. കുളം തുറന്ന് നവീകരിക്കാനോ പരിശീലനത്തിന് സൗകര്യമൊരുക്കുന്നതിനോ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മുൻപ് 200-ഓളം കുട്ടികൾ ഇവിടെ പരിശീലനം നടത്തിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെയും സർക്കാരിന്റെയും ഫണ്ടുകൾ ഉപയോഗിച്ച് നിർമിച്ച കുളവും ചുറ്റുമതിലും അനുബന്ധ ഉപകരണങ്ങളും ഇപ്പോൾ തകർച്ചയുടെ വക്കിലാണ്.

പ്രധാന കുളം, കുട്ടികൾക്കായി ബേബി പൂൾ, ശൗചാലയം, ചുറ്റുമതിൽ എന്നിവയെല്ലാമുണ്ട്. ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ ഇവിടെനിന്ന് പരിശീലനം ലഭിച്ച താരങ്ങളുമുണ്ട്.

കോവിഡ് കാലത്ത് കുളം കുറച്ചുകാലം അടച്ചിട്ടിരുന്നു. പിന്നീട് തുറന്നെങ്കിലും വെള്ളം ഉപയോഗശൂന്യമായി. നീന്താനിറങ്ങുന്ന കുട്ടികൾക്ക് കണ്ണിൽ നീറ്റലും ശരീരത്തിന് ചൊറിച്ചിലും അനുഭവപ്പെടുന്നത് പതിവായി. തുടർന്ന് വെള്ളം പരിശോധനയ്ക്ക് അയച്ചു. വെള്ളം മലിനമാണെന്നും കുട്ടികളെ നീന്തൽ പരിശീലിപ്പിക്കണമെങ്കിൽ പുതിയ സംവിധാനം ഏർപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

എന്നാൽ അതിനുള്ള സൗകര്യങ്ങളോ, ഫണ്ടോ ഇല്ലാത്തതിനാൽ പരിശീലനം പതിയെ നിർത്തലാക്കുകയായിരുന്നു. ഇടയ്ക്ക് കുളം വീണ്ടും തുറന്നുനൽകിയെങ്കിലും അമീബിക് മസ്തിഷ്കജ്വര സാധ്യതയെത്തുടർന്ന് വീണ്ടും പൂട്ടുകയായിരുന്നു.

മുൻപ് രണ്ട് സ്‌കൂൾവിദ്യാർഥികൾ അധ്യാപകർ അറിയാതെ ഇവിടെ നീന്താനെത്തി മുങ്ങിമരിച്ച സംഭവവും ഉണ്ടായി. കുളം നവീകരിച്ച് എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് വീണ്ടും തുറക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

സ്‌പോർട്‌സ് കൗൺസിൽ നിയമിച്ച കോച്ചിനെ കൂടാതെ റോയൽ ക്ലബ്ബ് സ്വന്തം ചെലവിൽ മൂന്ന് കോച്ചുമാരെ കൂടി ഇവിടെ നിയമിച്ചിരുന്നു. തുടക്കക്കാരായ കുട്ടികളുടെ നീന്തലിന് പ്രത്യേക കോച്ചിന്റെ സേവനവും നൽകിയിരുന്നു.

ഇതെല്ലാം ഉണ്ടായിരുന്നിട്ടും ഫിൽറ്ററിങ്ങും ക്ലോറിനേഷനും ഇല്ലാത്തതിനാൽ കുളം അടച്ചു പൂട്ടേണ്ടി വരികയായിരുന്നു.

ഗ്രാമപ്പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സ്‌പോർട്‌സ് കൗൺസിലും ഒരുമിച്ച് മനസ്സുവെച്ചാൽ വീണ്ടും കുളം തുറക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.