അപകടങ്ങൾ പതിവ്
വെള്ളനാട് : വെള്ളനാട്-കുളക്കോട് റോഡിലെ നടപ്പാത കൈയേറ്റവും അനധികൃത പാർക്കിങ്ങും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. നടപ്പാതകൾ കച്ചവടക്കാർ കൈയടക്കിയതോടെ കാൽനടയാത്രക്കാർക്ക് റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. ഇതുകാരണം അപകടസാധ്യതയും കൂടി. വില്ലേജ് ഓഫീസിനുമുന്നിലും പഴയ ബി.എസ്.എൻ.എൽ. ഓഫീസിനുമുന്നിലും സി.എസ്.ഐ. പള്ളിക്കു മുൻവശത്തുമെല്ലാം അപകടങ്ങൾ പതിവാണ്.
ഒരുമാസത്തിനിടയിൽ വലുതും ചെറുതുമായ പത്തോളം അപകടങ്ങളാണ് ഈ റോഡിൽ നടന്നത്. തിരുവോണദിവസം അനൂപ് അവന്യു റോഡിലേക്കു തിരിയുന്ന ഭാഗത്ത് ബൈക്കും കാറും കൂട്ടിയിടിച്ചതാണ് ഏറ്റവും ഒടുവിൽ നടന്ന അപകടം. ഗുരുതരമല്ലാത്ത പരിക്കുകളോടെ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടെങ്കിലും ഇരുവാഹനങ്ങളും ഭാഗികമായി തകർന്നു.
ആറുമാസംമുൻപ് രാത്രി 10.30-ഓടെ വെള്ളനാട് ഹൈസ്കൂൾ ജങ്ഷനിലുള്ള ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറായ വെള്ളനാട് വില്ലേജ് ഓഫീസിനുസമീപം ബഥേൽഹൗസിൽ താമസിക്കുന്ന ജിനോറോയി (45) വെള്ളനാട് പഴയ ബി.എസ്.എൻ.എൽ. ഓഫീസിനു മുന്നിലെ വളവിൽ അപകടത്തിൽപ്പെട്ടിരുന്നു. ജിനോറോയി സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
റോഡിൽ വീണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ജിനോറോയി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ചു. വെള്ളനാട്ടിൽനിന്ന് നെടുമങ്ങാടു ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർലോറിയും കാട്ടാക്കട ഭാഗത്തേക്കു പോവുകയായിരുന്ന സിമന്റ് കയറ്റിവന്ന ലോറിയും സി.എസ്.ഐ. പള്ളിക്കുമുന്നിൽ കൂട്ടിയിടിച്ച് വൈദ്യുതത്തൂൺ തകർന്നിരുന്നു.
വില്ലേജ് ഓഫീസിനും കുളക്കോട് ജങ്ഷനുമിടയിലുള്ള വളവുകളിലാണ് അപകടങ്ങളേറെയും നടക്കുന്നത്. വെള്ളനാട്-കുളക്കോട് റോഡിനിരുവശത്തെയും
നടപ്പാതകൾ കൈയേറി നടത്തുന്ന അനധികൃത പാർക്കിങ്ങും കച്ചവടവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. നടപ്പാതകൾ കൈയേറി നടത്തുന്ന അനധികൃത പാർക്കിങ്ങും കച്ചവടവും അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികൾ നൽകിയിട്ടും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
Published: 20 Sept 2026, 01:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented