വെള്ളറട : നിർമാണം പൂർത്തീകരണമാകാതെ നീന്തൽക്കുളവും കളിസ്ഥലവും ഉദ്ഘാടനം ചെയ്തു. സുരക്ഷിതമല്ലാത്ത കുളത്തിൽ അകപ്പെട്ട വിദ്യാർഥി മുങ്ങിമരിച്ചു. അതോടെ അധികൃതർ കുളവും കളിസ്ഥലവും അടച്ചിട്ടു. കുളം നവീകരിച്ചതിലും കളിസ്ഥല നിർമാണത്തിലും അഴിമതി ആരോപണവും പരാതിയുമുണ്ട്‌. കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിലെ ചെറിയകൊല്ല വാർഡിലെ മലയിൻകാവിന് സമീപത്തുള്ള പുനംകുടി കുളമാണ് നീന്തൽക്കുളമാക്കിയത്.

To advertise here,

പദ്ധതി നടപ്പാക്കിയതിൽ അഴിമതിയുണ്ടെന്ന്‌ നാട്ടുകാർ ആരോപിക്കുന്നു. കളിസ്ഥലത്ത്‌ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. വൈദ്യുതീകരണവും പൂർത്തിയായില്ല. നീന്തൽക്കുളത്തിന്റെ അടിഭാഗം ഒന്നുകിൽ ടൈൽ പാകണം. അല്ലെങ്കിൽ ചെളി നീക്കി മണൽ വിരിക്കണം. ചെളി നിറഞ്ഞു കിടക്കുന്നതിനാൽ കുളത്തിൽനിറയെ ആമ്പലും വളർന്നു കിടക്കുകയാണ്. നീന്തൽ പരിശീലനത്തിന്‌ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉദ്ഘാടനം

കളത്തിനോട് ചേർന്നുള്ള ടർഫിന്റെ പണികൾ ഏറക്കുറെ പൂർത്തിയായെങ്കിലും സമീപത്തെ ഷട്ടിൽകോർട്ടിന്റെ പണികൾ ഏങ്ങുമെത്തിയില്ല. ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിന്റെ പണികളും പൂർത്തിയായില്ല. ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല.

വൈകുന്നേരമാകു​ന്നതോടെ ഇവിടം ഇരുട്ടിലാകും. കുളത്തിലെ മലിനജലം ഒഴുകിപ്പോകാനുള്ള ഓടനിർമാണവും പൂർത്തിയായിട്ടില്ല. പണികൾ പൂർത്തിയാകുന്നതിന് മുൻപാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തത്.

പിന്നീട് കുളത്തിൽ ആമ്പൽപ്പൂവ് പറിക്കാൻ കൂട്ടുകാരോടൊപ്പം എത്തിയ ഏഴാംക്ലാസുകാരൻ ഈ കുളത്തിൽ മുങ്ങിമരിച്ചു.

ഇതോടെ ഗ്രാമപ്പഞ്ചായത്ത് അധികൃതരെത്തി കുളവും സമീപത്തെ കളിസ്ഥലവും പൂട്ടുകയായിരുന്നു.

ഇടുങ്ങിയ പാത

പ്രധാന റോഡിൽനിന്ന് കുളത്തിലേയ്ക്കുള്ള പാതയും വളരെ ഇടുങ്ങിയതാണ്. ബൈക്ക് പോലും കടന്നുപോകില്ല. ഇക്കാരണത്താൽ അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന്‌ ബുദ്ധിമുട്ടാണ്‌. പാതയോരത്ത്‌ വൈദ്യുതീകരണവും നടത്തിയിട്ടില്ല. പരിസരത്ത് സമൂഹവിരുദ്ധശല്യവുമുണ്ട്.