തകർന്നത് കാഞ്ഞിരംകുളം പി.കെ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഓഡിറ്റോറിയം
പൂവാർ : കാഞ്ഞിരംകുളം പി.കെ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ നിർമാണത്തിലിരുന്ന സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ കോൺക്രീറ്റ് തകർന്നുവീണു. ഓഡിറ്റോറിയത്തിന്റെ മേൽക്കൂരയുടെ ഷീറ്റ് മാറ്റി കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടം. നിർമാണത്തൊഴിലാളികൾ ഒാടിമാറിയതിനാൽ ആർക്കും അപകടമുണ്ടായില്ല.
ശനിയാഴ്ച രാവിലെ 6.30-ഓടെയാണ് അപകടം. സ്‌കൂളിലെ പഴയ ഓഡിറ്റോറിയം നവീകരിക്കുന്നതിന്റെ ഭാഗമായാണ് പഴയ ടിൻ ഷീറ്റിട്ട മേൽക്കൂര മാറ്റി കോൺക്രീറ്റ് ചെയ്യാൻ നടപടി ആരംഭിച്ചത്. ഇതിനായി പഴയ തൂണുകൾ നിലനിർത്തി മേൽക്കൂരമാത്രമാണ് മാറ്റിയത്.
അതിനു മുകളിലായിരുന്നു കമ്പികെട്ടി കോൺക്രീറ്റ് ചെയ്യാൻ തുടങ്ങിയത്. രാവിലെ കോൺക്രീറ്റ് ചെയ്യുന്നതിനിടെ കെട്ടിടത്തിന്റെ ഒരുഭാഗം താഴുകയും തുടർന്ന് കമ്പികെട്ടിയൊരുക്കിയ മേൽക്കൂര അടർന്നുവീഴുകയുമായിരുന്നു.
കോൺക്രീറ്റിനായി നിർത്തിയ തൂണുകൾ ഉൾപ്പെടെയാണ് നിലംപതിച്ചത്. മേൽക്കൂര താഴ്ന്നപ്പോൾത്തന്നെ തൊഴിലാളികൾ സ്ഥലത്തുനിന്ന് ഓടിമാറി. അതിനാൽ ആർക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു. തുടർച്ചയായി പെയ്ത മഴ കെട്ടിടത്തിന്റെ തൂണുകളെ ബാധിച്ചതായും കോൺക്രീറ്റിനെ താങ്ങിനിർത്തുന്ന തൂണുകൾക്ക് ബലം ഇല്ലാതിരുന്നതും തകർച്ചയ്ക്കു കാരണമായതാവാമെന്നാണ് പ്രാഥമിക നിഗമനം.
നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തും. എന്നാൽ ഓഡിറ്റോറിയത്തിന്റെ രൂപമാറ്റത്തിന് ആവശ്യമായ അനുമതി വാങ്ങിയത് സംബന്ധിച്ചും വ്യക്തതയില്ല. പഞ്ചായത്തിന്റെ എൻജിനിയറിങ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി.
Published: 08 Nov 2026, 01:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented