വീടിനുള്ളിൽ ഇഴജന്തുക്കൾ; രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ ഭയം

To advertise here,

അരുവിക്കര : അരുവിക്കരയിലെ വൃഷ്ടിപ്രദേശം സംരക്ഷിക്കാൻ സ്ഥാപിച്ച സംരക്ഷണവേലികളും കാടുകയറിയതുകാരണം നാട്ടുകാർ ദുരിതത്തിലായി. അരുവിക്കര ഡാമിനോടുചേർന്നുള്ള മുള്ളിലവിൻമൂട്, പൊട്ടച്ചിറ, കാഞ്ചിക്കാവിള, കളത്തറ, കാളിയാമൂഴി, വാഴവിള, മുറിവാതുക്കൽ, ഗോതമ്പി, കുന്നംപള്ളി, തൂമ്പറത്തലനട, ആറ്റിൻകര തുടങ്ങിയ പ്രദേശങ്ങളിലെ റിസർവോയറും സംരക്ഷണവേലികളുമാണ് കാടുപിടിച്ചുനശിക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളായ സ്ഥലങ്ങൾ കാടുപിടിച്ച് നശിച്ചുതുടങ്ങിയിട്ട് കാലമേറെയായി. ചെളിയും പാഴ്‌ച്ചെടികളും നിറഞ്ഞ റിസർവോയറുകളിലെ മാലിന്യങ്ങൾ നീക്കംചെയ്ത് സംഭരണശേഷി കൂട്ടണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിന് പരിഹാരമായിട്ടില്ല. കൂവക്കുടിയിൽ മണൽവാരൽ പദ്ധതി ആരംഭിച്ചെങ്കിലും പദ്ധതിക്ക് വേഗതപോരെന്ന പരാതി വ്യാപകമാണ്. കാടുപിടിച്ച റിസർവോയറുകളിൽ മാലിന്യങ്ങൾ തള്ളുന്നത് വ്യാപകമായപ്പോൾ 2021-ൽ തിരുവനന്തപുരം നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യങ്ങൾ നീക്കംചെയ്ത് സംരക്ഷണവേലികെട്ടി സംരക്ഷിക്കാൻ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപടികളെടുത്തെങ്കിലും പിന്നീടാരും തിരിഞ്ഞുനോക്കിയില്ല. പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തപ്പോൾ സ്ഥാപിച്ച ശിലാഫലകവും സംരക്ഷണവേലികളും ഉൾപ്പെടെ ഇപ്പോൾ കാടുപിടിച്ച് നശിക്കുകയാണ്.

പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ

റിസർവോയർ പ്രദേശങ്ങൾ കാടുകയറിയതോടെ ഇവിടങ്ങളിൽ താമസിക്കുന്നവർ ഇരുട്ടുവീണാൽ പുറത്തിറങ്ങാൻ ഭയക്കുകയാണ്. ഇഴജന്തുക്കളും കാട്ടുപന്നികളും തെരുവുനായ്ക്കളും പകൽസമയങ്ങളിൽപ്പോലും ഭീഷണിയായിട്ടുണ്ട്.

മുറിവാതുക്കൽ റാണിയുടെ വീട്ടിൽ, പെരുമ്പാമ്പും തൂമ്പറത്തല ഹരി, മോഹനൻ എന്നിവരുടെ വീട്ടിൽ മൂർഖനും വെള്ളിക്കെട്ടനും കയറിയത് ഈയടുത്തനാളിലാണ്. വിട്ടിയൂട്ടുകോണം, വാഴവിളനട പ്ലാവിറനട തുടങ്ങിയ പ്രദേശങ്ങളിൽ പെരുമ്പാമ്പുകളുടെ ശല്യം വ്യാപകമാണ്. കോഴി, മുയൽ തുടങ്ങിയ വളർത്തുമൃഗങ്ങൾ പലർക്കും നഷ്ടമായി. ഇവിടങ്ങളിൽ കാട്ടുപന്നികളുടെയും നായ്ക്കളുടെയും ശല്യവും രൂക്ഷമാണ്. ചന്ദ്രശേഖരൻ നായർ, സിന്ധു, വിജയൻ, സ്‌റ്റാൻലി എന്നിവരുടെ കാർഷികവിളകൾ പന്നികൾ നശിപ്പിച്ചു. ജോലികഴിഞ്ഞ് രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ വരുന്നവർക്കുനേരേ കാട്ടുപന്നികളുടെ ആക്രമണം സ്ഥിരമാകുന്നതായി നാട്ടുകാർ പറഞ്ഞു.

കുട്ടികൾക്ക് സന്ധ്യകഴിഞ്ഞാൽ വീടിനു പുറത്തിറങ്ങാൻപോലും ഭയമാണ്. റിസർവോയർ പ്രദേശങ്ങളിലെ തെരുവുവിളക്കുകൾ പലയിടങ്ങളിലും കത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്. മുള്ളിലവിൻമൂട് കാഞ്ചിക്കാവിള റോഡിൽ ഡാമിനു പുറകുവശം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായിട്ട് രണ്ടരവർഷത്തിലേറെയായെന്നും

വിജനമായ പ്രദേശമായതിനാൽ സമൂഹവിരുദ്ധരുടെ ശല്യം ഏറിവരുകയാണെന്നും നാട്ടുകാർ പറഞ്ഞു.

​സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണം​

അരുവിക്കര ഡാമിന്റെ റിസർവോയർ പ്രദേശങ്ങളിൽ സമൂഹവിരുദ്ധരുടെ ശല്യം വർധിക്കുന്നു. പ്രദേശങ്ങളിൽ

​സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണം. രാത്രികാലമായാൽ റിസർവോയർ പ്രദേശങ്ങൾ ഇരുട്ടിലാവുകയാണ്. ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി. ഇത് പ്രവർത്തനക്ഷമമാക്കണം. ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും ശല്യംകാരണം നാട്ടുകാർക്ക് പുറത്തിറങ്ങാനാകുന്നില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി.

റിസർവോയർ സംരക്ഷിക്കാൻ നടപടിയെടുക്കും

അരുവിക്കരയിലെ റിസർവോയർ സംരക്ഷിക്കാൻ നടപടിയെടുക്കും. റിസർവോയറുകൾ കാടുപിടിച്ച് നശിക്കുന്നതിനെ സംബന്ധിച്ച് വാട്ടർ അതോറിറ്റിക്ക് കത്തുനൽകിയിട്ടുണ്ട്. പ്രദേശത്തെ ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന നാട്ടുകാരുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിക്കും.​

സെക്രട്ടറി,തീരം റെസിഡെൻസ് അസോസിയേഷൻ​വി.സുജ,​മൈലമ്മൂട് വാർഡ് അംഗം