പാറശ്ശാല : പരശുവയ്ക്കൽ കവലയിലെ ഡിവൈഡറിലേക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ഇടിച്ചുകയറി അപകടം. ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. തിരുവനന്തപുരം ഭാഗത്തുനിന്ന് നാഗർകോവിലിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
മഴയെ തുടർന്നുണ്ടായ കാഴ്ചക്കുറവും റോഡിനു നടുവിലെ ഡിവൈഡർ വ്യക്തമായി ദൃശ്യമാകാതിരുന്നതുമാണ് അപകടകാരണം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തിനു കേടുപാടുകൾ സംഭവിച്ചു.കരമന-കളിയിക്കാവിള പാതയിൽ പരശുവയ്ക്കൽ കവലയോടു ചേർന്നുള്ള വളവിൽ അപകടങ്ങൾ പതിവാണ്. റോഡിനു നടുവിലെ ഈ ഭാഗത്ത് യാതൊരുവിധ മുന്നറിയിപ്പ് ഫലകങ്ങളോ റിഫ്ലക്ടറുകളോ സ്ഥാപിച്ചിട്ടില്ല. ഡിവൈഡറിന്റെ ആരംഭ ഭാഗത്തുണ്ടായിരുന്ന റിഫ്ലക്ടർ തകർന്നിട്ട് മാസങ്ങളായെങ്കിലും പുതിയത് സ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ല.
തുടർന്ന് നാട്ടുകാർ ഇളകിയ റിഫ്ലക്ടർ ചരട് ഉപയോഗിച്ച് കെട്ടിവയ്ക്കുകയായിരുന്നു. റോഡുകളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ഡിവൈഡറുകളിൽ ഇവയുടെ വീതിയും നീളവും ദൂരത്തുനിന്നുതന്നെ തിരിച്ചറിയാൻ പാകത്തിന് നിശ്ചിത അകലത്തിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കണമെന്നാണ് ചട്ടമെങ്കിലും ഇവിടെ അതൊന്നും പാലിക്കപ്പെടുന്നില്ല. മഴക്കാലത്തും രാത്രികാലത്തും ഇതുവഴി എത്തുന്ന സ്ഥിരം യാത്രക്കാരല്ലാത്ത ഡ്രൈവർമാർക്ക് വളവിലെ ഡിവൈഡർ യഥാസമയം തിരിച്ചറിയാൻ സാധിക്കാത്തത് വലിയ അപകടമാണ്. കഴിഞ്ഞ വർഷത്തിനിടെ ഇവിടെ പതിനഞ്ചോളം വാഹനങ്ങളാണ് ഇത്തരത്തിൽ ഡിവൈഡറിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടത്. നിരന്തരം അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ തികഞ്ഞ അനാസ്ഥ തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിൽ അപകടകരമായി നിലകൊള്ളുന്ന ഡിവൈഡറിൽ അടിയന്തരമായി റിഫ്ലക്ടറുകളും വ്യക്തമായ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
Published: 08 Nov 2026, 01:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented