ഇടവ : ഇടവാക്കുളം ഏലായിൽനിന്ന് കായലിലേക്കുള്ള നീരൊഴുക്ക് നിലച്ചതോടെ ഇടവ ഏലാത്തോട് മാലിന്യവാഹിനിയായി മാറി. തോട്ടിൽ സ്ഥിരമായി മാലിനജലം കെട്ടിക്കിടക്കുന്നതിനാൽ കൃമികീടങ്ങളും കൊതുകുകളും പെരുകി. ഇതുകാരണം പ്രദേശവാസികൾ ബുദ്ധിമുട്ടിലാണ്.
ഇടവാക്കുളം ഏലായിൽ തുടങ്ങി ഇടവ കായലിൽ അവസാനിക്കുന്നതാണ് ഏലാത്തോട്. വർഷാവർഷം മഴക്കാലമാകുമ്പോൾ തോട് ശുചീകരിച്ച് നീരൊഴുക്കിനു പ്രാപ്തമാക്കുന്ന പ്രവൃത്തികൾ ചെയ്തിരുന്നതാണ്.
എന്നാൽ, ഇത്തവണ അതുണ്ടായില്ല. തോടിന്റെ ആഴം വർധിച്ചതിനാൽ വെള്ളം ഒഴുകിപ്പോകാൻ സാധ്യമല്ലാത്ത അവസ്ഥയുമായി. വർഷംതോറും തോടുകോരി മണ്ണെടുക്കുന്നതിനാൽ തോടിന്റെ പല ഭാഗങ്ങളിലും ആഴവും കൂടി. ഏലായിൽനിന്ന് തോട് തുടങ്ങുന്ന ഭാഗംമുതൽ കണ്ണംമൂട് കലുങ്കുവരെയാണ് നീരൊഴുക്കിനു തടസ്സം നേരിട്ടിരിക്കുന്നത്. ഈ ഭാഗത്താണ് വെള്ളം എപ്പോഴും കെട്ടിക്കിടക്കുന്നത്.
മഴക്കാലങ്ങളിൽ വെള്ളം ഉയരുമ്പോൾ കലുങ്ക് കടന്ന് കായലിലേക്ക് ഒഴുകിപ്പോകാറുണ്ട്. തോട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ മഴക്കാലം കഴിഞ്ഞാലും ഏലായിൽ വെള്ളം കെട്ടിക്കിടക്കുന്നതും പതിവാണ്. ഏലായിലെ കൃഷിയെയും ഇതു സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി കർഷകർ കൃഷി ചെയ്യുന്ന ഏലായാണ് ഇടവാക്കുളം. കഴിഞ്ഞവർഷം തരിശായിക്കിടന്ന പാടങ്ങൾവരെ കൃഷി ചെയ്തുതുടങ്ങിയിട്ടുണ്ട്. മാസങ്ങൾക്കുമുൻപ് ഇവിടെ കൊയ്ത്തുത്സവംവരെ പഞ്ചായത്ത് നടത്തിയിരുന്നു. വെള്ളം കെട്ടിനിൽക്കുന്നതിനാൽ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു.
തോടിന്റെ കരകളിൽ വസിക്കുന്നവർ മൂക്കുപൊത്തി ജീവിക്കേണ്ട അവസ്ഥയിലാണ്. അത്രയ്ക്ക് മാലിന്യങ്ങളാണ് ഇപ്പോൾ തോട്ടിൽ നിക്ഷേപിക്കുന്നത്. തോടിനോടു തൊട്ടുചേർന്ന് റോഡായതിനാൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നത്.
Published: 08 Nov 2026, 01:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented