അമിതഭാര ലോറി ഇടിച്ച് ക്രോസ്ബാർ തകർന്നു

To advertise here,

നെയ്യാറ്റിൻകര : അമിതഭാര വാഹനങ്ങളുടെ ഓട്ടം കാരണം അപകടഭീഷണിയിലായ രാമേശ്വരം-പാലക്കടവ് പാലത്തെ സംരക്ഷിക്കാനായി പോലീസ് സ്ഥാപിച്ച ക്രോസ്ബാർ ലോറി ഇടിച്ചുതകർന്നു. അമിതഭാരവും ഉയരവുമുള്ള വാഹനങ്ങളുടെ ഓട്ടം നിയന്ത്രിക്കാൻ രണ്ടുവർഷം മുൻപാണ് പോലീസ് ക്രോസ്ബാർ സ്ഥാപിച്ചിരുന്നത്. വ്യാഴാഴ്ച പുലർച്ചെ അമരവിളയിൽ ആർ.ടി.ഒ.യുടെ വാഹനപരിശോധനയിൽപ്പെടാതെ ഇതുവഴി കടന്നുപോയ അമിതഭാര ടോറസ് ഇടിച്ചാണ് ക്രോസ്ബാർ തകർന്നത്. ഇതോടെ പാലം വീണ്ടും അപകടഭീഷണിയിലായി.

നെയ്യാറിനു കുറുകേ രാമേശ്വരം-പാലക്കടവ്-കോടതി റോഡിലാണ് ക്രോസ്‌വേയായി പാലം നിർമിച്ചിരുന്നത്. എന്നാൽ അമരവിള ചെക്പോസ്റ്റിലെ വാഹനപരിശോധനയിൽപ്പെടാതിരിക്കാനായി അമിതഭാരം കയറ്റിയ ടോറസുകൾ ഉൾപ്പെടെയുള്ള ചരക്കുവാഹനങ്ങളുടെ നിരന്തര ഓട്ടം കാരണം പാലം അപകടഭീഷണിയിലായി.

തുടർന്ന് വർഷങ്ങൾക്കുമുൻപ് ഇവിടെ ക്രോസ്ബാർ സ്ഥാപിച്ചിരുന്നു. ഇതു പിന്നീട് അമിതഭാരം കയറ്റിയ ലോറി ഇടിച്ചു തകർന്നിരുന്നു.

പിന്നീട് തകർന്ന ക്രോസ്ബാർ പുനഃസ്ഥാപിക്കാൻ പോലീസ് തയ്യാറായില്ല. അമിതഭാര വാഹനങ്ങളുടെ ഓട്ടം കാരണം കണ്ണംകുഴി-പാലക്കടവ്-കോടതി റോഡ് തകർന്നതിനെത്തുടർന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടതിയുടെ ഇടപെടലുമുണ്ടായതോടെ രണ്ടുവർഷം മുൻപ് പോലീസ് പാലത്തിൽ ക്രോസ്ബാർ പുനഃസ്ഥാപിക്കുകയായിരുന്നു. ഇതാണ് വീണ്ടും ഇടിച്ചുതകർത്തത്.

ക്രോസ്ബാർ തകർന്നതോടെ പാലംവഴി വീണ്ടും അമിതഭാര വാഹനങ്ങൾ ഓടാൻ തുടങ്ങി. ഇത്‌ ക്രോസ്‌വേ പാലമായ രാമേശ്വരം-പാലക്കടവ് പാലത്തിന് അപകട ഭീഷണിയാണ്. അതുകൊണ്ട് തകർത്ത ക്രോസ്ബാർ വീണ്ടും പുനഃസ്ഥാപിച്ച് അമിതഭാര വാഹനങ്ങളുടെ ഓട്ടം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാമേശ്വരം പൗരസമിതി പ്രസിഡന്റ് രാമേശ്വരം ഹരി പോലീസിൽ പരാതി നൽകി.

ക്രോസ്ബാർ സ്ഥാപിച്ചില്ലെങ്കിൽ അമിതഭാര വാഹനങ്ങളുടെ ഓട്ടം കാരണം കോടികൾ ചെലവിട്ട് നവീകരിച്ച റോഡ് വീണ്ടും കുണ്ടുംകുഴിയുമായി തകരും. അതുകൊണ്ട് ക്രോസ്ബാർ പുനഃസ്ഥാപിക്കാനും ഇത് ഇടിച്ചുതകർത്ത വാഹനം കണ്ടെത്തി ഉടമയിൽനിന്നു നഷ്ടപരിഹാരം ഈടാക്കാനും നടപടി സ്വീകരിക്കണമെന്നും രാമേശ്വരം ഹരി ആവശ്യപ്പെട്ടു.