തൊടുപുഴ : മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയിൽ കുമാരമംഗലം വില്ലേജിലെ കൈയേറ്റങ്ങൾ പൊതുമരാമത്തുവകുപ്പ് ഒഴിപ്പിച്ചുതുടങ്ങി.
കല്ലംപിള്ളിക്കവല മുതൽ കുമാരമംഗലം വില്ലേജ് ഓഫീസിനു സമീപത്തുവരെയുള്ള 17 കൈയേറ്റങ്ങളാണ് കരിമണ്ണൂർ എ.ഇ. കെ.എം.കാർത്തിക് കൃഷ്ണന്റെ നേതൃത്വത്തിൽ ശനിയാഴ്ച ഒഴിപ്പിച്ചത്. റവന്യൂവിഭാഗം കോട്ട പുറമ്പോക്കെന്നു കണ്ടെത്തി കല്ലിട്ട് തിരിച്ചത് 22 കൈയേറ്റങ്ങളാണ്. ഇതിൽ ഒരു വീട്ടിലെ താമസക്കാർ ഞായറാഴ്ച ഒഴിവാകും. ഒരു വീട്ടിൽ ആൾതാമസമില്ല. ശേഷിക്കുന്ന മൂന്നുവീടുകളിലുള്ളവരെ കുമാരമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തരമായി മാറ്റിപ്പാർപ്പിക്കും. അടുത്തദിവസം ഈ സ്ഥലവും ഏറ്റെടുക്കും.
പൊതുമരാമത്ത് തൊടുപുഴ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ, തൊടുപുഴ എൽ.എ. തഹസിൽദാർ, തൊടുപുഴ എസ്.എച്ച്.ഒ. എന്നിവർക്കാണ് കൈയേറ്റമൊഴിപ്പിക്കലിന്റെ ചുമതല.
ശനിയാഴ്ച വലിയ പോലീസ് സന്നാഹത്തോടെ മണ്ണുമാന്തി ഉൾപ്പെടെയുള്ള സാമഗ്രികളുമായാണ് അധികൃതർ ഒഴിപ്പിക്കാനെത്തിയത്. റവന്യൂവിഭാഗം കോട്ടപുറമ്പോക്കെന്നു കണ്ടെത്തി കല്ലിട്ട് തിരിച്ച മറ്റുസ്ഥലങ്ങളും ഉടൻ തന്നെ ഏറ്റെടുക്കും.
ഇതിനു പുറമേ കോടിക്കുളം, കരിമണ്ണൂർ, ഉടുമ്പന്നൂർ വില്ലേജുകളിലെ കോട്ടപുറമ്പോക്ക് ഭൂമിയും ഉടൻ അളന്നുതിട്ടപ്പെടുത്തും. ഇതിനു പിന്നാലെ ഈ ഭൂമിയും പൊതുമരാമത്ത് ഏറ്റെടുത്ത് അധീനതയിലാക്കുമെന്നും എ.ഇ. പറഞ്ഞു.
കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ കാലതാമസമുണ്ടാകുന്നതായി ചൂണ്ടിക്കാട്ടി ഹൈവേ പുനർനിർമാണ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫാ.ജോസ് കിഴക്കേൽ, വൈസ് ചെയർമാൻ എം.ജെ.ജോൺ മാറാടികുന്നേൽ എന്നിവർ അഭിഭാഷകനായ പീയൂസ് കൊറ്റം മുഖേന ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഈ മാസം 13-ന് ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
റിപ്പോർട്ട് സമർപ്പിക്കാത്ത പക്ഷം കളക്ടർ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചതിനു പിന്നാലെയാണ് കൈയേറ്റമൊഴിപ്പിക്കൽ വേഗത്തിലാക്കിയത്.
Published: 08 Nov 2026, 01:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented