ഓടകളുടെ മൂടി നിർമാണവും സമീപത്തെ കോൺക്രീറ്റിങ്ങും പുനരാരംഭിച്ചു
ഉപ്പുതറ : മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ചപ്പാത്ത് ടൗണിൽ നിലനിന്നിരുന്ന പ്രധാന പരാതികൾക്ക് പരിഹാരമാകുന്നു. അപൂർണമായി കിടന്നിരുന്ന ഓടകളുടെ മൂടി നിർമാണവും സമീപത്തെ കോൺക്രീറ്റിങ്ങും ശനിയാഴ്ച പുനരാരംഭിച്ചു.
ടൗണിന്റെ പല ഭാഗങ്ങളിലും ഓടകൾക്ക് മൂടിയില്ലാതിരുന്നതും, പോസ്റ്റ് ഓഫീസ് മുതൽ ഗവ. ഹോമിയോ ആശുപത്രി വരെയുള്ള ഭാഗങ്ങളിൽ ഐറിഷ് ഓടയോട് ചേർന്നുള്ള ഭാഗത്ത് കോൺക്രീറ്റ് ചെയ്യാതിരുന്നതും കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
നിർമാണം പൂർത്തിയായെന്ന് പറഞ്ഞ് അധികൃതർ നാട്ടുകാരുടെ ആവശ്യങ്ങൾ തുടർച്ചയായി അവഗണിക്കുകയായിരുന്നു.
തുടർന്ന് പ്രശ്നം ചൂണ്ടിക്കാട്ടി മാതൃഭൂമി വാർത്ത നൽകുകയും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.ജെ. സ്റ്റീഫൻ മുഖ്യമന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കരാറുകാരൻ അവശേഷിച്ച പണികൾ ചെയ്യാൻ തയ്യാറായത്.
നേരത്തെ, പൗരസമിതി രൂപവത്കരിച്ച് വ്യാപാരികളും ടാക്സിഡ്രൈവർമാരും നാട്ടുകാരും നടത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് ടൗണിലെ പാലം പണിയാൻ കരാറുകാരൻ തയ്യാറായത്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പണികൾ പൂർത്തിയാക്കാതെ തന്നെ മലയോര ഹൈവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു. പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി ഉൾപ്പെടെയുള്ളവർ ഉറപ്പുനൽകിയെങ്കിലും വീടുകളിലേക്കുള്ള ഏതാനും വഴികൾ നിർമിച്ചതല്ലാതെ മറ്റ് പണികളൊന്നും നടന്നിരുന്നില്ല.
റോഡ് നിർമാണത്തിലെ വിവിധ അപാകതകളെക്കുറിച്ച് ഇപ്പോഴും നാട്ടുകാർക്ക് പരാതിയുണ്ട്. ഹൈവേയിൽ സൗരോർജവിളക്കുകൾ സ്ഥാപിക്കാൻകൂടി നടപടിയുണ്ടായാൽമാത്രമേ ചപ്പാത്ത് ടൗണിലെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകൂയെന്ന് നാട്ടുകാർ പറയുന്നു.
Published: 08 Nov 2026, 01:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented