പേരൂർക്കട : സങ്കീർണമായ അസ്ഥിരോഗ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ആധുനിക ചികിത്സാസൗകര്യങ്ങളൊരുക്കി പേരൂർക്കട ജില്ലാ മാതൃക ആശുപത്രി. മുട്ട്, ഇടുപ്പ് സന്ധികൾ മാറ്റിവെയ്ക്കുന്ന ജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയകൾ, സങ്കീർണമായ എല്ലുപൊട്ടലുകൾക്കുള്ള ശസ്ത്രക്രിയകൾ, താക്കോൽദ്വാര ശസ്ത്രക്രിയയായ ആർത്രോസ്കോപ്പി എന്നിവയ്ക്കുള്ള സൗകര്യങ്ങളാണ് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുള്ളത്. രണ്ടുമാസത്തിനിടെ ഇത്തരത്തിൽ പത്തോളം ശസ്ത്രക്രിയകളാണ് നടന്നത്.

To advertise here,

മെഡിക്കൽ കോളേജുകൾക്ക് സമാനമായ ചികിത്സാസംവിധാനങ്ങളൊരുക്കി ആശുപത്രികളെ ശക്തിപ്പെടുത്തുകയെന്നത് സർക്കാർനയമാണെന്നും ഇതിന്റെ ഭാഗമായാണ് പേരൂർക്കട ആശുപത്രിയിലെ മാറ്റമെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു. സ്‍പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും മാത്രം ലഭ്യമായിരുന്ന ഇത്തരം ശാസ്ത്രകിയകൾ പേരൂർക്കട ആശുപത്രിയിലും വിജയകരമായി നടത്തുന്നതോടെ മെഡിക്കൽകോളേജിലെ തിരക്കും നീണ്ട കാത്തിരിപ്പും ഒഴിവാക്കാൻ സാധിക്കുമെന്നു മന്ത്രി കൂട്ടിച്ചേർത്തു.

സ്വകാര്യ ആശുപത്രികളിൽ വലിയ സാമ്പത്തികബാധ്യത വരുത്തുന്ന ഇത്തരം സങ്കീർണ ശസ്ത്രക്രിയകൾ സർക്കാർ ആശുപത്രിയിലൂടെ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണെന്ന് പേരൂർക്കട ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോ. വിവേക് മാത്യു പറഞ്ഞു. കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി (കെ.എ.എസ്.പി.), മെഡിസെപ് തുടങ്ങിയ പദ്ധതികളുടെ ആനുകൂല്യമുള്ളവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ആശുപത്രി സൂപ്രണ്ട് ഡോ. അനു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ബിന്ദു, ആർ.എം.ഒ. ഡോ. അനിൽ രാധാകൃഷ്ണൻ, ഓർത്തോപീഡിക് വിഭാഗത്തിലെ ഡോ. വിനോദ് വി.എസ്., അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ആരതി, ഡോ. വിനായക് എന്നിവരുടെയും നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനമാണ് ആശുപത്രിയുടെ ഈ നേട്ടത്തിന് പിന്നിൽ.

ആധുനിക ചികിത്സാസൗകര്യങ്ങൾ കൂടുതൽ ലഭ്യമാകുന്നതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി രോഗികൾക്ക് മികച്ച കേന്ദ്രമായി പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി മാറുമെന്നാണ് കരുതുന്നത്.

പുറമേ നട്ടെല്ല് ശസ്ത്രക്രിയകളും ഉടൻ തുടങ്ങും. അസ്ഥിരോഗചികിത്സാരംഗത്തെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നട്ടെല്ല് സംബന്ധമായ സങ്കീർണ ശസ്ത്രക്രിയകളും ആശുപത്രിയിൽ ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇതിനായുള്ള പ്രാഥമിക ശ്രമങ്ങൾ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ആരംഭിച്ചതായും ഡോ. വിവേക് മാത്യു പറഞ്ഞു. ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനായാൽ നട്ടെല്ല് ശസ്ത്രക്രിയകളും ഇവിടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

നിലവിൽ ജില്ലയിൽ സർക്കാർ സംവിധാനത്തിൽ നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് സൗകര്യമുള്ളത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രമാണ്. പേരൂർക്കട ആശുപത്രിയിലും അത്‌ യാഥാർഥ്യമാകുന്നതോടെ കൂടുതൽ രോഗികൾക്ക് സമയബന്ധിതമായി ചികിത്സ നൽകാനാകും.