കൊൽക്കത്ത: ക്രിക്കറ്റ് ലോകത്ത് വൈഭവ് സൂര്യവംശിയെന്ന കൗമാരക്കാരൻ പുതുചരിത്രമെഴുതിയ വർഷമാണ് 2025. ഇന്ത്യൻ അണ്ടർ-19 ടീമിനായും ആഭ്യന്തര ടൂർണമെന്റുകളിൽ ബിഹാറിനായും സമാനതകളില്ലാത്ത പ്രകടനമാണ് വൈഭവ് കാഴചവെച്ചത്. വെടിക്കെട്ട് ബാറ്റുകൊണ്ട് ഈ കൗമാരക്കാരൻ കളിക്കുന്ന ടൂർണമെന്റുകളിലെല്ലാം നിറഞ്ഞുനിന്നു. ലോകോത്തരതാരങ്ങൾ ഏറ്റുമുട്ടുന്ന ഐപിഎല്ലിൽ വിസ്മയിപ്പിച്ചാണ് വൈഭവ് 2025 തുടങ്ങിയത്. പരിക്കേറ്റ സഞ്ജു സാംസണിന് പകരക്കാരനായാണ് രാജസ്ഥാൻ റോയൽസിനായി വൈഭവ് ഓപ്പൺ ചെയ്തത്. ആദ്യ പന്ത് തന്നെ അതിർത്തികടത്തിയ വൈഭവ് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ഐപിഎല്ലിലും, അണ്ടർ-19 ഏഷ്യാകപ്പിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം സെഞ്ചുറി നേടി റെക്കോഡിട്ടു. രാജ്യത്തെ കുട്ടികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം (പിഎംആർബിപി) നേടിയാണ് വൈഭവിന്റെ 2025 അവസാനിച്ചത്.
ആദ്യ പന്ത് തന്നെ അതിർത്തി കടത്തിയ തുടക്കം
14-ാം വയസ്സിൽ നിങ്ങളെന്തുചെയ്യുകയായിരുന്നു? നേരിട്ട ആദ്യ പന്ത് തന്നെ അതിർത്തികടത്തി ഇന്ത്യയുടെ വണ്ടർകിഡ് വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചതിന് പിന്നാലെ മുൻ ബംഗാൾ ക്രിക്കറ്റ് താരം ശ്രീവത്സ് ഗോസ്വാമി എക്‌സിൽ കുറിച്ചതിങ്ങനെയാണ്. വെടിക്കെട്ടോടെ ഐപിഎൽ അരങ്ങേറ്റം ഉജ്വലമാക്കിയാണ് വൈഭവ് ഐപിഎല്ലിൽ തുടങ്ങിയത്. ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾ വാഴുന്ന ഐപിഎല്ലിൽ ഒരു 14 കാരന് എന്ത് ചെയ്യാനാകുമെന്ന ചോദിച്ചവർക്കെല്ലാം ഈ ഒരൊറ്റ ഇന്നിങ്‌സുകൊണ്ട് വൈഭവ് മറുപടി നൽകി. ലഖ്‌നൗവിനെതിരേ 20 പന്തിൽ നിന്ന് 34 റൺസെടുത്ത് മടങ്ങുമ്പോൾ ക്രിക്കറ്റ് ലോകമൊന്നടങ്കം വൈഭവിനായി കയ്യടിച്ചു. സഞ്ജു സാംസണിന് പരിക്കേറ്റതിനാൽ പകരക്കാരനായാണ് താരം ആദ്യപതിനൊന്നിലെത്തുന്നത്.
എന്തൊരു അരങ്ങേറ്റമാണിതെന്നാണ് ഗൂഗിൾ സിഇഓ സുന്ദർ പിച്ചൈ എക്‌സിൽ കുറിച്ചത്. ഒരു എട്ടാം ക്ലാസുകാരൻ ഐപിഎല്ലിൽ കളിക്കുന്നത് കാണാൻ നേരത്തേ എഴുന്നേറ്റുവെന്നും സുന്ദർ പിച്ചൈ കുറിച്ചു. വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ വീഡിയോയും അദ്ദേഹം എക്‌സിൽ പങ്കുവെക്കുകയുണ്ടായി. വൈഭവിന്റെ പ്രായം വിഷയമല്ലെന്നും യാതൊരു സഭാകമ്പവും ഇല്ലാതെയാണ് ഇത്രയും വലിയ വേദിയിൽ വൈഭവ് കളിച്ചതെന്ന് കമന്റേറ്റർ ഹർഷ ഭോഗ്‌ലെ കുറിച്ചു. ക്രിക്കറ്റ് ലോകത്തിലെ അടുത്ത താരോദയമാണെന്നാണ് ആരാധകർ വിലയിരുത്തിയത്. ഒട്ടേറെ ക്രിക്കറ്റ് താരങ്ങൾ വൈഭവിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
2008-ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചതിന് ശേഷം 2011 ലാണ് വൈഭവ് ജനിക്കുന്നത് തന്നെ. ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലിൽ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ വൈഭവിന് സ്വന്തമായി. 2019-ൽ 16 വർഷവും 157 ദിവസവും പ്രായമുള്ളപ്പോൾ ആർസിബിക്കായി അരങ്ങേറ്റം കുറിച്ച പ്രയാസ് റായ് ബർമന്റെ പേരിലായിരുന്നു ഇതിനു മുമ്പ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്റെ റെക്കോഡ്.
ഐപിഎല്ലിലെ വൈഭവ താണ്ഡവം
2025 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേയാണ് വൈഭവ് സൂര്യവംശി സെഞ്ചുറിയോടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ഇന്നിങ്‌സിന്റെ തുടക്കം മുതൽ തന്നെ വൈഭവ് സൂര്യവംശി തകർത്തടിച്ചു. നേരിട്ട രണ്ടാം പന്ത് തന്നെ സിറാജിനെ അതിർത്തി കടത്തിയ തുടക്കം. പിന്നീട് ഗുജറാത്ത് ബൗളർമാരെ തലങ്ങും വിലങ്ങും വൈഭവ് പ്രഹരിച്ചു. മൂന്നാം ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 32 റൺസായിരുന്നു രാജസ്ഥാന്റെ സ്‌കോർ. എന്നാൽ നാലാം ഓവറിൽ 14-കാരന്റെ വെടിക്കെട്ട് പൂരത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇഷാന്ത് ശർമ എറിഞ്ഞ നാലാം ഓവറിൽ ഇഷാന്തിനെ പലകുറി അതിർത്തികടത്തിയ വൈഭവ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. മൂന്ന് സിക്‌സറുകളും രണ്ട് ഫോറുകളും അടക്കം രാജസ്ഥാൻ ആ ഓവറിൽ നേടിയത് 28 റൺസ്. അടുത്ത ഓവറിൽ വാഷിങ്ടൺ സുന്ദറിനെയും അടിച്ചുതകർത്തതോടെ 17 പന്തിൽ നിന്ന് വൈഭവ് അർധസെഞ്ചുറി തികച്ചു. സീസണിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയും താരം സ്വന്തമാക്കി.
അർധസെഞ്ചുറി തികച്ചതിന് ശേഷവും വൈഭവ് വെടിക്കെട്ട് തുടരുന്നതാണ് മൈതാനത്ത് കണ്ടത്. ഒരു വശത്ത് യശസ്വി ജയ്‌സ്വാളിനെ നിർത്തിക്കൊണ്ട് വൈഭവ് സൂര്യവംശി ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു. പ്രസിദ്ധും റാഷിദ് ഖാനും കരിം ജാനത്തുമൊക്കെ വൈഭവിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു. പിന്നാലെ 35 പന്തിൽ സെഞ്ചുറി. വൈഭവ് സൂര്യവംശി കത്തിക്കയറിയപ്പോൾ ഗുജറാത്തിന്റെ പ്രതീക്ഷകളെല്ലാം തരിപ്പണമായി. 101 റൺസെടുത്ത് മടങ്ങുമ്പോൾ ഒരുപിടി റെക്കോഡുകളും താരത്തിന്റെ പേരിൽ കുറിക്കപ്പെട്ടിരുന്നു. ടി20 യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ അതിവേഗ ഐപിഎൽ സെഞ്ചുറി എന്നിങ്ങനെ പുതുചരിത്രം കുറിച്ചാണ് വൈഭവ് മടങ്ങിയത്.
യൂത്ത് ഏകദിനത്തിലും റെക്കോഡ് പ്രകടനം
ഇന്ത്യ അണ്ടർ 19 ടീമിനായും വൈഭവ് സൂര്യവംശി മിന്നിച്ചു. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരേ അതിവേഗ സെഞ്ചുറികുറിച്ച വൈഭവ് റെക്കോഡുകൾ തിരുത്തിയെഴുതി. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലാണ് വൈഭവ് സെഞ്ചുറിയുമായി തകർപ്പൻ പ്രകടനം പുറത്തെടുത്തത്. 78 പന്തിൽ നിന്ന് 143 റൺസെടുത്താണ് താരം പുറത്തായത്. 13 ഫോറുകളും 10 സിക്‌സറുകളുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്.
സെഞ്ചുറി പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരൻ പുതുചരിത്രമെഴുതി. യൂത്ത് ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി. ബംഗ്ലാദേശിന്റെ നജ്മുൾ ഷാന്റോയുടെ റെക്കോഡാണ് വൈഭവ് തകർത്തത്. 2013-ൽ സെഞ്ചുറി നേടുമ്പോൾ 14 വർഷവും 241 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. യൂത്ത് ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടവും വൈഭവിന് വന്നുചേർന്നു.സർഫറാസ് ഖാന്റെ റെക്കോഡാണ് വൈഭവ് മറികടന്നു. 2013-ൽ ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ടീമിനെതിരേ സെഞ്ചുറി നേടുമ്പോൾ 15 വർഷവും 338 ദിവസമായിരുന്നു പ്രായം.
യൂത്ത് ഏകദിന ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടവും വൈഭവ് സ്വന്തമാക്കി. 52-പന്തിൽ മൂന്നക്കം തൊട്ട താരം പാക് താരമായ കമ്രാൻ ഖുലാമിന്റെ റെക്കോഡാണ് മറികടന്നത്. 2013-ൽ ഖുലാം 53-പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരേയാണ് അന്ന് പാക് കൗമാരതാരം സെഞ്ചുറി തികച്ചത്.
ഏഷ്യാകപ്പ് റൈസിങ് സ്റ്റാർ ടൂർണമെന്റ്; ഇന്ത്യ എ ടീമിനായി അതിവേഗ സെഞ്ചുറി
2025 ഏഷ്യാകപ്പ് റൈസിങ് സ്റ്റാർ ടൂർണമെന്റിൽ യുഎഇ ടീമിനെതിരേയാണ് ഇന്ത്യൻ എ ടീം ഓപ്പണറായ സൂര്യവംശി താണ്ഡവമാടിയത്. വൈഭവ് 42 പന്തിൽ 144 റൺസ് നേടി. യുഎഇ ടീമിനെതിരേ സൂര്യവംശി 17 പന്തിൽ അർധസെഞ്ചുറിയും 32 പന്തിൽ സെഞ്ചുറിയും തികച്ചു. മത്സരത്തിൽ 15 സിക്‌സും 11 ഫോറുമാണ് സുര്യവംശി നേടിയത്. മുഹമ്മദ് റോഹിദ് ഏറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്തിൽ ഫോർ നേടിയാണ് സൂര്യവംശി ആക്രമണം തുടങ്ങിയത്. അയാൻ അഫ്‌സൽ എറിഞ്ഞ മൂന്നാം ഓവറിൽ 21 റൺസ് നേടി താരം ആക്രമണം കടുപ്പിച്ചു. അഞ്ചാം ഓവറിൽ 20 റണ്ണും ഏഴാം ഓവറിൽ 27 റണ്ണും വന്നു 11-ാം ഓവറിൽ കൗശിക്കിനെതിരേ നാല് സിക്‌സും ഒരു ഫോറുമാണ് സുര്യവംശി നേടിയത്. രണ്ടാം വിക്കറ്റിൽ നമൻ ധീറിനൊപ്പം (34) 163 റൺസാണ് സൂര്യവംശി കൂട്ടിച്ചേർത്തത്. 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 297 റൺസാണ് ഇന്ത്യ എ അടിച്ചെടുത്തത്.
മൂന്നക്കം തൊട്ട വൈഭവ് ടി-20യിൽ ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡിനൊപ്പമെത്തി. ഋഷഭ് പന്തും ഇത്രയും പന്തിൽനിന്ന് സെഞ്ചുറി നേടിയിട്ടുണ്ട്. ഗുജറാത്ത് താരം ഉർവിൻ പട്ടേൽ ത്രിപുരയ്ക്കെതിരേയും പഞ്ചാബ് താരം അഭിഷേക് ശർമ മേഘാലയക്കെതിരേയും 28 പന്തിൽ സെഞ്ചുറിനേടിയതാണ് ഇന്ത്യൻ റെക്കോഡ്. എസ്‌തോണിയയുടെ സാഹിൽ ചൗഹാൻ സൈപ്രസിനെതിരേ 27 പന്തിൽ സെഞ്ചുറി നേടിയതാണ് ലോകറെക്കോഡ്.
സയ്യിദ് മുഷ്താഖ് അലി ട്രോഫി; ബിഹാറിനായി വെടിക്കെട്ട് സെഞ്ചുറി
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രക്കെതിരേയാണ് വൈഭവ് കത്തിക്കയറിയത്. ആദ്യം ബാറ്റുചെയ്ത ബിഹാറിനായി വെടിക്കെട്ട് ബാറ്റിങ്ങാണ് കൗമാരതാരം വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. പതിയെ തുടങ്ങിയ താരം പിന്നീട് കത്തിക്കയറുന്നതാണ് കണ്ടത്. 34 പന്തിൽ നിന്നാണ് താരം അർധെസഞ്ചുറി തികച്ചത്. അതിന് ശേഷം മഹാരാഷ്ട്ര ബൗളർമാരെ അടിച്ചുപറത്തിയ വൈഭവ് അതിവേഗം സെഞ്ചുറിയിലേക്ക് കുതിച്ചു. 58 പന്തിൽ നിന്നാണ് താരം സെഞ്ചുറി തികയ്ക്കുന്നത്. 61 പന്തിൽ നിന്ന് 108 റൺസെടുത്ത വൈഭവ് പുറത്താകാതെ നിന്നു. ഏഴുഫോറുകളും ഏഴു സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമെന്ന റെക്കോഡും വൈഭവ് സ്വന്തമാക്കി.
എന്നാൽ ബിഹാർ നിരയിൽ വൈഭവ് ഒഴികെ മറ്റാർക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. ബിപിൻ സൗരഭ്(4), പിയുഷ് സിങ്(7) എന്നിവർ നിരാശപ്പെടുത്തി. ആകാശ് രാജ് 30 പന്തിൽ നിന്ന് 26 റൺസെടുത്തപ്പോൾ ആയുഷ് ലൊഹാരുക 17 പന്തിൽ നിന്ന് 25 റൺസെടുത്തു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസിന് ബിഹാർ ഇന്നിങ്‌സ് അവസാനിച്ചു. ബിഹാർ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ മഹാരാഷ്ട്ര മറികടന്നു. മഹാരാഷ്ട്രയ്ക്കായി പൃഥ്വി ഷാ അർധസെഞ്ചുറിയോടെ തിളങ്ങി.
അണ്ടർ-19 ഏഷ്യാകപ്പിലും മിന്നിച്ച് വൈഭവ്
അണ്ടർ 19 ഏഷ്യാകപ്പിലും തകർപ്പൻ പ്രകടനവുമാണ് വൈഭവ് സൂര്യവംശി പുറത്തെടുത്തത്. ടൂർണമെന്റിൽ യുഎഇക്കെതിരായ ഉദ്ഘാടന മത്സരത്തിലാണ് താരം തകർത്തടിച്ചത്. ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ വൈഭവ് 171 റൺസെടുത്താണ് പുറത്തായത്. 56 പന്തിൽ നിന്നാണ് താരം സെഞ്ചുറി തികച്ചത്. 14 സിക്സറുകളും 9 ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
ഈ ഇന്നിങ്‌സിനിടെ രണ്ട് ഏഷ്യൻ റെക്കോഡുകൾ താരം സ്വന്തം പേരിലാക്കി. അണ്ടർ 19 ഏഷ്യാ കപ്പിൽ ഒരു ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് വൈഭവ്. 2017 ഏഷ്യാ കപ്പിൽ ഒരു മത്സരത്തിൽ 10 സിക്‌റുകൾ നേടിയ അഫ്ഗാനിസ്താന്റെ ഡാർവിഷ് റസൂലിന്റെ റെക്കോഡാണ് പഴങ്കഥയായത്. ഒരു അണ്ടർ 19 ഏഷ്യാ കപ്പ് ടൂർണമെന്റിൽ തന്നെ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡും ഇതിനോടകം വൈഭവ് സ്വന്തമാക്കിക്കഴിഞ്ഞു. 22 സിക്‌സറുകൾ നേടി റെക്കോഡിട്ട ഡാർവിഷ് റസൂലിന്റെ തന്നെ നേട്ടമാണ് വൈഭവ് മറികടന്നത്. ഈ ടൂർണമെന്റിൽ ഇതുവരെ വൈഭവ് 26 സിക്‌സറുകൾ പറത്തിക്കഴിഞ്ഞു.
ഇതോടൊപ്പം ഒരു യൂത്ത് ഏകദിന ഇന്നിങ്‌സിൽ തന്നെ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരമെന്ന ലോക റെക്കോഡും വൈഭവ് സ്വന്തം പേരിലാക്കി. 2008-ൽ ഓസ്‌ട്രേലിയയുടെ മൈക്കൽ ഹിൽ സ്ഥാപിച്ച 12 സിക്സറുകളെന്ന റെക്കോഡാണ് ഇന്ത്യൻ താരം തിരുത്തിക്കുറിച്ചത്.
വിജയ് ഹസാരെ ട്രോഫിയിലും കത്തിക്കയറി വൈഭവ്
വിജയ് ഹസാരെ ട്രോഫിയിലും ബിഹാറിനായി വെടിക്കെട്ട് പ്രകടനവുമായി കൗമാരതാരം വൈഭവ് സൂര്യവംശി മിന്നി. അരുണാചൽ പ്രദേശിനെതിരായ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിൽ സെഞ്ചുറിയോടെയാണ് താരം കത്തിക്കയറിയത്. 36 പന്തിലാണ് വൈഭവിന്റെ സെഞ്ചുറി നേട്ടം. മത്സരത്തിൽ 84 പന്തിൽ നിന്ന് താരം 190 റൺസെടുത്തു. ഒട്ടേറെ റെക്കോഡുകളും താരം സ്വന്തം പേരിലാക്കി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബിഹാറിനായി വൈഭവും മംഗൾ മഹ്‌റൗറുമാണ് ഓപ്പൺ ചെയ്തത്. വൈഭവ് പതിവുപോലെ വെടിക്കെട്ട് നടത്തിയപ്പോൾ ടീം സ്‌കോർ കുതിച്ചു. മംഗളിനെ ഒരുവശത്തുനിർത്തിക്കൊണ്ട് വൈഭവ് ഒറ്റക്കായിരുന്നു ബിഹാർ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. 12-ാം ഓവറിൽ സെഞ്ചുറിയുമെത്തി. 36 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. അതോടെ റെക്കോഡ് ബുക്കിലും ഇടംനേടി. ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായും ഈ പതിനാലുകാരൻ മാറി.
മത്സരത്തിൽ 33 റൺസെടുത്ത മംഗൾ പുറത്തായെങ്കിലും വൺഡൗണായി ഇറങ്ങിയ പിയുഷ് സിങ്ങിനെ ഒരുവശത്തുനിർത്തി വൈഭവ് പിന്നെയും അടി തുടർന്നു. അതോടെ ബിഹാർ വേഗത്തിൽ 200 കടന്നു. അരുണാചൽ പ്രദേശ് ബൗളർമാരെ വൈഭവ് നിലത്തുനിർത്തിയില്ല. ഫോറുകളും സിക്‌സറുകളും കൊണ്ട് മൈതാനത്ത് റണ്ണൊഴുകി. 150 റൺസും കടന്ന് വൈഭവ് വെടിക്കെട്ട് തുടർന്നു. എന്നാൽ ഇരട്ടസെഞ്ചുറിക്ക് 10 റൺസ് അകലെ പുറത്തായി. 84 പന്തിൽ നിന്ന് 190 റൺസാണ് വൈഭവിന്റെ സമ്പാദ്യം. 16 ഫോറുകളും 15 സിക്‌സറുകളും അടങ്ങുന്നതാണ് ഇന്നിങ്‌സ്.
കരിയറിൽ വഴിത്തിരിവായത് ഓസീസിനെതിരായ പ്രകടനം
ബിഹാർ സമസ്തിപുർ സ്വദേശിയായ വൈഭവ് 2024 ജനുവരി അഞ്ചിനാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പട്‌നയിൽ മുംബൈക്കെതിരെ ഇറങ്ങുമ്പോൾ പന്ത്രണ്ട് വയസ്സും 284 ദിവസവുമായിരുന്നു വൈഭവിന്റെ പ്രായം. ഇതോടെ രഞ്ജി ട്രോഫിയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമായി വൈഭവ് മാറി. യുവരാജ് സിങ്ങിനും സച്ചിൻ തെണ്ടുൽക്കർക്കും മുൻപേ രഞ്ജിയിൽ അരങ്ങേറ്റം കുറിക്കാൻ വൈഭവിനായി. ഇരുവരും പതിനഞ്ച് വയസ്സിനുശേഷമാണ് രഞ്ജി കളിച്ചത്. അലിമുദ്ദീൻ, (12 വർഷവും 73 ദിവസവും) എസ്.കെ.ബോസ് (12 വർഷവും 76 ദിവസവും) മുഹമ്മദ് റംസാൻ (12 വർഷവും 247 ദിവസവും) ആണ് വൈഭവിനേക്കാൾ ചെറിയ പ്രായത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചവർ.
അണ്ടർ-19 ടെസ്റ്റ് മാച്ചിൽ ഓസ്ട്രേലിയക്കെതിരേ നടത്തിയ പ്രകടനമാണ് വൈഭവിന്റെ കരിയറിൽ വഴിത്തിരിവായത്. ഓസീസിനെതിരേ 58 പന്തിൽ സെഞ്ചുറി നേടിയതോടെ സൂര്യവംശിയെ രാജസ്ഥാൻ മാനേജ്‌മെന്റ് നോട്ടമിട്ടിരുന്നുവെന്ന് അടുത്തിടെ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ വ്യക്തമാക്കിയിരുന്നു. 'ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരായ സൂര്യവംശിയുടെ ബാറ്റിങ് രാജസ്ഥാൻ ടീമിന്റെ തീരുമാനങ്ങളെടുക്കുന്ന മാനേജ്മെന്റിലെ പ്രധാനപ്പെട്ട ആളുകളെല്ലാം കണ്ടിരുന്നു. അന്ന് അവൻ കളിച്ച ഷോട്ടുകൾ ശ്രദ്ധിച്ചിരുന്നു. ഇത്തരം ആളുകളെ ഒപ്പം നിർത്തി അവർ ഏത് രീതിയിൽ മുന്നോട്ട് പോകുമെന്ന് കാണണമെന്ന് ഞങ്ങൾക്ക് തോന്നി', എ.ബി. ഡിവില്ലിയേഴ്‌സ് അവതരിപ്പിക്കുന്ന 360 ഷോയോട് സംസാരിക്കവെ സഞ്ജു അന്ന് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ ഇന്ത്യ എ ടീമിനുവേണ്ടി 62 പന്തിൽ നിന്ന് 104 റൺസെടുത്താണ് താരം ശ്രദ്ധ പിടിച്ചുപറ്റിയത്. അന്ന് പതിമൂന്ന് വർഷവും 188 ദിവസവുമായിരുന്നു വൈഭവിന് പ്രായം. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനായി അന്ന് വൈഭവ്. യൂത്ത് ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയായിരുന്നു അന്ന് വൈഭവ് നേടിയത്.
Content Highlights: vaibhav suryavanshi top 2025 performance year ender
Published: 30 Dec 2025, 07:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented