സാമൂഹിക മാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്‌സ് എന്നിവയിലെ വസ്തുതാപരിശോധകരെ (ഫാക്ട് ചെക്കേഴ്സ്) ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാതൃകമ്പനിയായ മെറ്റ. യുഎസിലാണ് ഈ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. പുറത്ത് നിന്നുള്ള ഏജന്‍സികളാണ് ഫേസ്ബുക്കിന് വേണ്ടി വസ്തുതാ പരിശോധകരായി പ്രവര്‍ത്തിക്കുന്നത്. ഇവരെ ഒഴിവാക്കി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിലെ 'കമ്മ്യൂണിറ്റി നോട്ട്‌സ്' സംവിധാനത്തിന് സമാനമായ സൗകര്യം ഒരുക്കുകയാണ് മെറ്റയുടെ ലക്ഷ്യം. 

To advertise here,

ഉള്ളടക്കങ്ങളുടെ പരിശോധനയില്‍ ഒരുപാട് പിഴവുകള്‍ സംഭവിക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിക്കുകയാണ് മെറ്റ. ദോഷകരമല്ലാത്ത ഒരുപാട്  ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെടുന്നതായും അതിന്റെ പേരില്‍ ഉപഭോക്താക്കള്‍ ഫെയ്‌സ്ബുക്കിന്റെ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുന്നതായും കമ്പനി കണ്ടെത്തി. അത്തരം ഉപഭോക്താക്കളുടെ ആശങ്കകള്‍ കേള്‍ക്കുന്നതില്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് കാലതാമസവും വലിയ പ്രശ്‌നമായി. ഇങ്ങനെ കമ്പനിയുടെ ഫാക്ട് ചെക്കിങ് സംവിധാനത്തിന്റെ പിഴവുകള്‍ പരിധി വിട്ടുവെന്ന് കമ്പനി തുറന്നു സമ്മതിക്കുന്നു. 

ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയിലേക്ക് തിരികെ പോകാനും ആഗ്രഹിക്കുന്നുവെന്നാണ് മെറ്റ ഗ്ലോബല്‍ പോളിസി ടീമിന്റെ പുതിയ മേധാവി ജോയല്‍ കപ്ലാന്‍ ജനുവരി ഏഴിന് പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റില്‍ പറയുന്നത്. 

ഫേസ്ബുക്കിന്റെ വസ്തുതാ പരിശോധന

2016 ലാണ് ഫേസ്ബുക്ക് വസ്തുതാ പരിശോധന പരിപാടി ആരംഭിച്ചത്. വ്യാജവാര്‍ത്ത, സമൂഹത്തിന് ദോഷകരമായ ഉള്ളടക്കങ്ങള്‍, നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഉള്‍പ്പടെയുള്ളവ പരിശോധിക്കുന്നതിനും നീക്കം ചെയ്യുന്നതിനും ലക്ഷ്യമിട്ടാണ് കമ്പനി ഇങ്ങനെ ഒരു സംവിധാനം ആരംഭിച്ചത്. ഇതില്‍ നേരിട്ട് മധ്യസ്ഥരാകാന്‍ താത്പര്യപ്പെടാതിരുന്ന കമ്പനി, ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍ സ്വതന്ത്ര വസ്തുതാ പരിശോധന സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയായിരുന്നു. ഈ വസ്തുതാ പരിശോധകരാണ് അവരുടെ കഴിവിനും അറിവിനും താത്പര്യങ്ങള്‍ക്കും അനുസരിച്ച് ഉള്ളടക്കങ്ങള്‍ വിലയിരുത്തി ഇതുവരെ നടപടി സ്വീകരിച്ചുവന്നത്. 

എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച പോലെ മുന്നോട്ട് പോയില്ലെന്ന് കമ്പനി പറയുന്നു. പ്രത്യേകിച്ചും യുഎസില്‍. വിദഗ്ദരായ ഈ വസ്തുതാ പരിശോധകര്‍ക്കും എല്ലാവരേയും പോലെ അവരുടേതായ രാഷ്ട്രീയ കാഴ്ചപ്പാടുകളും പക്ഷപാതിത്വവുമുണ്ടെന്ന് മെറ്റ തിരിച്ചറിഞ്ഞു. പരിശോധന നടത്താന്‍ ഉള്ളടക്കങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും, അത് വിലയിരുത്തുന്നതിലും ഈ വസ്തുതാ പരിശോധകരില്‍ ചിലരുടെ താത്പര്യങ്ങള്‍ പ്രകടമായിരുന്നു. നിയമപരമായ രാഷ്ട്രീയ പ്രസംഗങ്ങളും സംവാദങ്ങളും വരെ നിയന്ത്രിക്കപ്പെടുന്ന സ്ഥിതി വന്നു. ഫേസ്ബുക്കിന്റെ ലേബലിങ് പോലെയുള്ളവയുടെ ഉപയോഗവും അതിരുകടന്നു. അത് ഉള്ളടക്കങ്ങളുടെ പ്രചാരം നിയന്ത്രിക്കപ്പെടുന്നതിനിടയാക്കി. തങ്ങളുടെ ഫാക്ട് ചെക്കിങ് സംവിധാനം ക്രമേണ ഒരു സെന്‍സറിങ് ടൂള്‍ ആയി മാറിയെന്ന് മെറ്റ തിരിച്ചറിയുകയായിരുന്നു. 

ഇക്കാരണങ്ങളാലാണ് യുഎസില്‍ തേഡ് പാര്‍ട്ടി ഫാക്ട് ചെക്കിങ് പ്രോഗ്രാം അവസാനിപ്പിച്ച് പകരം ഇലോണ്‍ മസ്‌കിന്റെ എക്‌സില്‍ പരീക്ഷിച്ച കമ്മ്യൂണിറ്റി നോട്ട്‌സ് പ്രോഗ്രാമിലേക്ക് മാറുകയാണെന്ന് മെറ്റ പ്രഖ്യാപിച്ചത്. 

എന്താണ് കമ്മ്യൂണിറ്റി നോട്ട്‌സ് ?

ഇലോണ്‍ മസ്‌കിന്റെ എക്‌സിനെയാണ് ഇതില്‍ മെറ്റ മാതൃകയാക്കിയത്. എക്‌സില്‍ പങ്കുവെക്കപ്പെടുന്ന ഉള്ളടക്കത്തിന്റെ സ്വഭാവം എന്താണെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് വേണ്ടിയാണ് കമ്മ്യൂണിറ്റി നോട്ട്‌സ് എന്ന് സംവിധാനം ഒരുക്കിയത്. ഉള്ളടക്കങ്ങള്‍ വിലയിരുത്താന്‍ ഉപഭോക്താക്കളെ തന്നെ ചുമതലപ്പെടുത്തുന്ന രീതിയാണിത്. ഉള്ളടക്കങ്ങള്‍ തെറ്റാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമാണെന്നും തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനായിരിക്കും. 

നിങ്ങള്‍ അടക്കമുള്ള ഉപഭോക്താക്കള്‍ക്ക് ഇതില്‍ അഭിപ്രായം രേഖപ്പെടുത്താനും ആ അഭിപ്രായങ്ങള്‍ക്ക് റേറ്റിങ് നല്‍കാനും സാധിക്കും. കൂടുതല്‍ ആളുകള്‍ പങ്കാളിയാകുമ്പോള്‍ ഈ സംവിധാനം കൂടുതല്‍ ഫലപ്രദമാവുകയും ചെയ്യും. തേഡ് പാര്‍ട്ടി സ്ഥാപനങ്ങളെ ഉള്ളടക്കങ്ങള്‍ വിലയിരുത്താനുള്ള ജോലി ഏല്‍പ്പിക്കുന്നതിനേക്കാള്‍ വസ്തുതാ പരിശോധനയുടെ യഥാര്‍ത്ഥ ഉദ്ദേശം കമ്മ്യൂണിറ്റി നോട്ട്‌സ് സംവിധാനത്തിലാണ് നടക്കുകയെന്നാണ് മെറ്റയുടെ വിലയിരുത്തല്‍. അതിന് പക്ഷപാതിത്വം കുറവായിരിക്കുമെന്നും മെറ്റ പറയുന്നു. 

നേരത്തെയുള്ള വസ്തുതാ പരിശോധന പരിപാടിയിലേത് പോലെ കമ്മ്യൂണിറ്റി നോട്ട്‌സിലും മെറ്റ നേരിട്ട് ഇടപെടില്ല. പോസ്റ്റുകള്‍ വിലയിരുത്തി മെറ്റ സ്വയം എഴുതുകയോ ഏതെല്ലാമാണ് കാണിക്കേണ്ടതെന്ന് തീരുമാനിക്കുകയോ ചെയ്യില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. കമ്മ്യൂണിറ്റി നോട്ട്‌സ് എഴുതുന്നതും അതിന് റേറ്റിങ് നല്‍കുന്നതും പൂര്‍ണമായും ഉപഭോക്താക്കള്‍ തന്നെ ആയിരിക്കും. സോഫ്റ്റ് വെയറുകളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ ഓപ്പൺ സോഴ്സ് പ്രോഗ്രാം ആരംഭിക്കുന്നത് പോലെയാണ് ഒരു തരത്തിൽ ഈ കമ്മ്യൂണിറ്റി നോട്ട്സ് സംവിധാനം.

placeholder
Photo: https://communitynotes.x.com

പക്ഷപാതപരമായ റേറ്റിങുകള്‍ തടയുന്നതിന് വ്യത്യസ്ത കാഴ്ചപ്പാടുള്ളവരുടെ പങ്കാളിത്തം ഇതില്‍ ആവശ്യമാണ്. ഒരു പോസ്റ്റിനെ വിലയിരുത്തിയോ തിരുത്തിയോ ഉള്ള ഒരു ഉപഭോക്താവിന്റെ കുറിപ്പിന് റേറ്റിങിലൂടെ സാധുത നല്‍കാന്‍ മറ്റുള്ള ഉപഭോക്താക്കള്‍ക്ക് സാധിക്കും. താന്‍ കാണാന്‍ പോവുന്ന ഉള്ളടക്കത്തിന്റെ സ്വഭാവം എന്താണെന്ന് മുന്നേ തിരിച്ചറിയാന്‍ ഇതുവഴി ഉപഭോക്താവിനാവും. ഉദാഹരണത്തിന് തെറ്റായ വാദം പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റ് വ്യാജ വാര്‍ത്തയാണെന്ന് കുറിപ്പെഴുതാന്‍ അത് കാണുന്ന ഒരു ഉപഭോക്താവിന് സാധിക്കും. ഈ ഉപഭോക്താവിന്റെ കുറിപ്പിന് പിന്തുണ പ്രഖ്യാപിക്കാന്‍ റേറ്റിങിലൂടെ മറ്റുള്ളവര്‍ക്കുമാവും. ഈ കമ്മ്യൂണിറ്റി നോട്ട് ആ പോസ്റ്റിനൊപ്പം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. 

വരും മാസങ്ങളില്‍ ഘട്ടം ഘട്ടമായി യുഎസില്‍ കമ്മ്യൂണിറ്റി നോട്ട്‌സ് അവതരിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഒരു വര്‍ഷം കൊണ്ട് ഈ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തും. 

ഈ മാറ്റങ്ങള്‍ക്ക് കാരണം

സോഷ്യല്‍ മീഡിയാ സെന്‍സര്‍ഷിപ്പിനെതിരെ പുതിയ ട്രംപ് ഭരണകൂടം നിലപാടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാഥാസ്ഥിതിക വിഭാഗത്തിന്റെ അഭിപ്രായങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെടുന്നുവെന്ന ആരോപണം ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ട്രംപിനെതിരെയുണ്ടായ വധശ്രമത്തിന്റെ ദൃശ്യങ്ങളുടെ മെറ്റയുടെ സ്വയം പ്രവര്‍ത്തിക്കുന്ന ഉള്ളടക്ക നിയന്ത്രണ സംവിധാനങ്ങള്‍ നിയന്ത്രിച്ചതിനെതിരെ ട്രംപ് അനുകൂലികള്‍ ശബ്ദമുയര്‍ത്തിയിരുന്നു. രാഷ്ട്രീയ പ്രസംഗങ്ങളുടെയും ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും അമിതമായ നിയന്ത്രണത്തിനെതിരെ മെറ്റയുടെ മേല്‍നോട്ട സമിതിയും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. 

ഈ സെന്‍സര്‍ഷിപ്പിന് എതിരാണ് ട്രംപ് ഭരണകൂടത്തിന്റെ ഉപദേശകരിലൊരാളും എക്‌സിന്റെ ഉടമയുമായ ഇലോണ്‍ മസ്‌ക്. പുതിയ ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് മെറ്റയുടെ തീരുമാനമെന്നാണ് സൂചന. 

placeholder
ഡൊണാൾട് ട്രംപ് |  Photo - Reuters

പുതിയ മാറ്റം എങ്ങനെ ?

പഴയ ഫാക്ട് ചെക്കിങ്ങിന്റെ ഫലമായി പോസ്റ്റുകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാണ് കമ്പനിയുടെ തീരുമാനം. അവയുടെ പ്രചാരം പരിമിതപ്പെടുത്തുന്നതും അവസാനിപ്പിക്കും.

നേരത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളുള്ള പോസ്റ്റുകളില്‍ സ്‌ക്രീന്‍ മുഴുവനും കാണിക്കുന്ന മുന്നറിയിപ്പ് മെറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് നിര്‍ത്തലാക്കും.  ഉള്ളടക്കങ്ങള്‍ കാണാന്‍ അനുവദിക്കുകയും അതിന് മുമ്പ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കുന്ന രീതി അവലംബിക്കും. അതേസമയം അക്രമാസക്തമായതും നഗ്നത ഉള്‍പ്പടെയുള്ള കാഴ്ചക്കാരെ അസ്വസ്ഥമാക്കുന്ന ഉള്ളടക്കങ്ങളും എങ്ങനെയാണ് നിയന്ത്രിക്കുകയെന്ന് വ്യക്തമല്ല.

പഴയ ഫാക്ട് ചെക്കിങ്, ഉള്ളടക്ക നിയന്ത്രങ്ങള്‍ നീക്കം ചെയ്യുന്നതോടെ കൂടുതല്‍ സ്വതന്ത്രമായ ചര്‍ച്ചകള്‍ക്കും നിയമവിധേയമായ ഉള്ളടക്കങ്ങളുടെ പ്രചാരണത്തിനും മെറ്റയുടെ കീഴിലുള്ള സാമൂഹിക മാധ്യമങ്ങളില്‍ അവസരം ഒരുങ്ങും. കുടിയേറ്റം, ലിംഗം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം മെറ്റ നീക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. 

ഉള്ളടക്ക നിയന്ത്രണങ്ങളില്‍ ലാര്‍ജ് ലാംഗ്വേജ് മോഡലുകളും ഉപയോഗപ്പെടുത്തും. 

ഏത് വിഷയത്തിലും സ്വതന്ത്രമായ അഭിപ്രായ പ്രകടനം മെറ്റ അനുവദിക്കാനാണ് സാധ്യത. അതില്‍ പുരോഗമന, യാഥാസ്ഥിതിക നിലപാടുകള്‍ തമ്മിലുള്ള അന്തരം സൃഷ്ടിക്കില്ല. ആളുകളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി അവലംബിക്കും. ഉള്ളടക്കത്തിന്റെ സ്വഭാവവും അനന്തര ഫലവും വിലയിരുത്താനുമുള്ള ഉത്തരവാദിത്വം ഉപഭോക്താക്കള്‍ക്ക് തന്നെ വിട്ടുകൊടുക്കുന്നത് ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്ന പ്രക്രിയയ്ക്ക് കൂടുതല്‍ സുതാര്യത നല്‍കാനാണ് സാധ്യത.