വാഹനത്തിനകത്ത് വെച്ചൊരു യുവതിയെ ഉപദ്രവിക്കുകയും അവരുടെ മുടിമുറിച്ചുകളയും ചെയ്യുന്നതിന്‍റെ ഒരു വീഡിയോ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിനോദ സഞ്ചാരിയായി ഇന്ത്യയിലെത്തിയ ഈ വിദേശവനിത ബലാത്സംഗം ചെയ്യപ്പെട്ടതായും പോസ്റ്റിൽ ആരോപിക്കുന്നുണ്ട്. ഈ സംഭവം ഇന്ത്യയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ഗൗരവമായ ആശങ്കകൾ ഉയർത്തുന്നതായും സന്ദേശത്തിൽ പറയുന്നു.
എന്നാൽ, ഈ ദൃശ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളതല്ല എന്ന് പരിശോധനയിൽ കണ്ടെത്തി.
അന്വേഷണം
ഒന്നര മിനുറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വാഹനത്തിന് അകത്ത് നിന്നുള്ള ദൃശ്യങ്ങൾ മാത്രമാണുള്ളത്. ഇരുകൈകൾ കൊണ്ട് മുഖം മറച്ചിരിക്കുന്ന യുവതിയോട് മറ്റൊരു സ്ത്രീ സംസാരിക്കുന്നതായി കേൾക്കാം. ഇവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് യുവതി മറുപടി നൽകുന്നുമുണ്ട്. എന്നാൽ ഇതിൽ കേൾക്കുന്ന ഭാഷ ഏതാണെന്ന് വ്യക്തമല്ല.
തുടർന്ന്, വൈറൽ ദൃശ്യങ്ങളിൽനിന്നു കീ ഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നു ഇതേ വീഡിയോ യൂട്യൂബിൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. സബ്രിന എന്ന അക്കൗണ്ടിൽനിന്നു കഴിഞ്ഞ സെപ്തംബർ 23-നാണ് ഇത് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അന്നേ ദിവസം തന്നെ ഇതേ വീഡിയോ ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്. വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത്- “ഉസ്ബെക്കിസ്ഥാനിൽ, ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഒരു സ്ത്രീ യുവതിയെ ആക്രമിച്ചു. കത്രിക ഉപയോഗിച്ച് അവരുടെ മുടി മുറിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ ചർച്ചകൾക്ക് വഴിവെച്ചു. സംഭവം കൃത്യമായി എവിടെയാണ് നടന്നതെന്നോ, നിയമപാലകർ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നോ ഇതുവരെ വ്യക്തമല്ല.” എന്നാണ്.
ഗൂഗിൾ നോട്ട്ബുക്കിന്‍റെ സഹായത്തോടെ വീഡിയോയിലെ സംഭാഷണങ്ങൾ പരിഭാഷപ്പെടുത്തി. വീഡിയോയിൽ കേൾക്കുന്നത് ഉസ്ബക്ക് ഭാഷയാണെന്ന് ഇതിലൂടെ വ്യക്തമായി. വിവാഹിതനായ വ്യക്തിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെ മറ്റൊരു സ്ത്രീ പിടികൂടി ചോദ്യം ചെയ്യുന്നതാണ് സംഭവം. നേരത്തെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും എന്നിട്ടും ബന്ധം തുടർന്നതായുമാണ് ചോദ്യം ചെയ്യുന്ന സ്ത്രീയുടെ ആരോപണം. യുവതിയെക്കൊണ്ട് ഇതെല്ലാം ഏറ്റുപറയിക്കുകയും അവളുടെ മുടി മുറിച്ചുകളയാൻ കാരണം മറ്റൊരാളുടെ കുടുംബം തകർത്തതാണെന്ന് സമ്മതിപ്പിക്കുന്നുമുണ്ട്.
കസാക്കിസ്ഥാൻ മാധ്യമമായ ozgeris ഈ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. "എന്തുകൊണ്ട് ഭർത്താവിനെ തല്ലുന്നില്ല; ഭർത്താവിന്റെ കാമുകിയെ തല്ലുകയും മുടി മുറിക്കുകയും ചെയ്ത സ്ത്രീക്കെതിരെ വിമർശനം" എന്ന തലക്കെട്ടോടെയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറൽ ദൃശ്യങ്ങളിൽനിന്നുള്ള സ്ക്രീൻഷോട്ട് ഈ റിപ്പോർട്ടിനൊപ്പം നൽകിയിട്ടുമുണ്ട്. ഇതിൽനിന്നു പ്രചരിക്കുന്ന വീഡിയോ ഇന്ത്യയിൽനിന്നുള്ളതല്ല എന്ന് സ്ഥിരീകരിക്കാം.
വാസ്തവം
ഇന്ത്യയിലെത്തിയ വിദേശ വിനോദ സഞ്ചാരി അക്രമത്തിന് ഇരയായി എന്ന തരത്തിൽ നടക്കുന്ന ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മറ്റൊരു രാജ്യത്തുനിന്നുള്ള ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: A viral video claims a foreign tourist was raped and assaulted in India., Fact check reveals the video originates from Central Asia (Uzbekistan/Kazakhstan)., The incident involves a personal dispute, not a tourist attack in India., The social media claims linking it to Indian women safety are entirely misleading.
Published: 05 Nov 2026, 06:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented