ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിൽ, 120 അംഗ നെസ്സറ്റിൽ 19 സീറ്റുകൾ നേടി അറബ് പാർട്ടികൾ ചരിത്രപരമായ മുന്നേറ്റമാണ് നടത്തിയത്. ഇതിനു പിന്നാലെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അറബ് പാർട്ടി നേതാക്കൾ ഇസ്രയേൽ പാർലമെൻറിനകത്ത് കൂട്ടത്തോടെ നിസ്കാരം നടത്തി എന്ന വാദത്തോടെയാണിത്. എന്നാൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഇസ്രയേലിൽ നിന്നുള്ളതല്ല എന്നതാണ് യാഥാർത്ഥ്യം.
ഇസ്രയേൽ നെസ്സറ്റിൽ ഇങ്ങനെയൊരു സംഭവം നടന്നതായുള്ള റിപ്പോർട്ടുകളൊന്നുമില്ല. മാത്രമല്ല, പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കർ തിരഞ്ഞെടുപ്പുമെല്ലാം 2026 നവംബർ 10-ന് നടക്കാനിരിക്കുന്നതേയുള്ളൂ. വസ്തുതാ പരിശോധനയുടെ ഭാഗമായി വൈറൽ ദൃശ്യങ്ങൾ സൂക്ഷമായി പരിശോധിച്ചു. ഒരു സഭാ സമ്മേളന മുറിയുടെ നടുത്തളത്തിൽ ഏതാനുംപേർ നിരനിരയായി നിന്ന് പ്രാർത്ഥിക്കുന്നതാണ് ദൃശ്യങ്ങളിൽ.
ഈ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലെ ഭിത്തിയിൽ ഒരു ചിഹ്നം കാണാം. ഇത് ജോർദാനിലെ ഹാഷിമൈറ്റ് രാജവംശത്തിന്റെ ഔദ്യോഗിക ചിഹ്നമാണ്. ജോർദാൻ പാർലമെന്റിലും ഔദ്യോഗിക വേദികളിലും ഈ എംബ്ലം കാണാറുണ്ട്. ജോർദാനിലെ രാജഭരണ വ്യവസ്ഥയെ സൂചിപ്പിക്കുന്ന സ്വർണകിരീടമാണ് ചിഹ്നത്തിന്‍റെ ഏറ്റവും മുകളിൽ. ഇതിന് താഴെയായി ചുവപ്പ് മേലങ്കിയും അതിന് ഇരുവശത്തുമായി അറബ് റവല്യൂഷൻ പതാകകളും മധ്യഭാഗത്തായി ചിറകുകൾ വിരിച്ച കഴുകനേയും കാണാം. പ്രചരിക്കുന്ന ദൃശ്യങ്ങൾ ജോർദാനിൽ നിന്നുള്ളതാകാം എന്ന സൂചനയാണിത് നൽകുന്നത്. തുടർന്ന് വൈറൽ വീഡിയോയിൽ കാണുന്ന എംബ്ലവും ജോർദാൻ പാർലമെൻറിനകത്ത് നിന്നുള്ള ചിത്രവുമായി താരതമ്യം ചെയ്തു. രണ്ടും ഒന്നുതന്നെയാണെന്ന് വ്യക്തമായി.
വൈറൽ വീഡിയോയിൽനിന്നുള്ള കീ ഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിൽ ബിബിസി ന്യൂസ് അറബും ചില ജോർദാൻ മാധ്യമങ്ങളും ഇതേ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 2026 നവംബർ 03-ന് അമ്മാനിലെ ജോർദാൻ പ്രതിനിധി സഭയ്ക്കുള്ളിൽ പാർലമെന്റ് അംഗങ്ങൾ ഉച്ച നമസ്കാരം നിർവഹിക്കുന്ന ദൃശ്യങ്ങളാണ് ഇതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇതിൽനിന്നു പ്രചാരണം വ്യാജമാണെന്നും വൈറൽ ദൃശ്യങ്ങൾ ഇസ്രയേലിൽ നിന്നുള്ളതല്ല മറിച്ച് ജോർദാനിൽ നിന്നുള്ളതാണെന്നും സ്ഥിരീകരിച്ചു.
Content Highlights: Viral video claims Arab party leaders prayed inside the Israeli Knesset., Fact check confirms the video is actually from the Jordan Parliament, filmed in November 2026., The emblem in the background belongs to the Hashemite Kingdom of Jordan., New Israeli Knesset member swearing-in is scheduled for November 10, 2026.
Published: 06 Nov 2026, 05:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented