വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റഷ്യൻ മന്ത്രി, ഇന്ത്യ-ചൈന അതിർത്തി തർക്കത്തെക്കുറിച്ച് പറഞ്ഞ് പരിഹസിച്ചതായി ജയശങ്കർ പറയുന്നതാണ് വീഡിയോയിൽ. "ഇന്ത്യ ഉപദേശം നൽകുന്നതിന് മുൻപ് 25-30 കിലോമീറ്റർ മുന്നേറിയ ചൈനീസ് സേനയുമായുള്ള സ്വന്തം അതിർത്തി തർക്കം പരിഹരിക്കൂ " എന്നായിരുന്നു പരിഹാസം എന്നാണ് വീഡിയോയിൽ പറയുന്നത്. എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി.

To advertise here,

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിൽ ദേശീയ വാർത്ത എജൻസിയായ എഎൻഐയുടെ ലോഗോ കാണാം. വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ദൃശ്യങ്ങൾ 2026 നവംബർ 1-ന് എഎൻഐ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ അറ്റ്ലാന്റയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെക്കുറിച്ചും റഷ്യ-ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ചും ജയശങ്കർ സംസാരിക്കുന്ന ദൃശ്യങ്ങളാണിതിൽ. യഥാർത്ഥ വീഡിയോയിൽ റഷ്യ, യൂറോപ്പ്, യുക്രൈൻ പ്രതിനിധികളുമായി നടന്ന ചർച്ച കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി പുനഃസ്ഥാപിക്കൽ, ഊർജ്ജ മേഖലയിലെ വിഷയങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചതായി മാത്രമാണ് ജയശങ്കർ പറഞ്ഞത്. യുക്രൈനുമായി തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളെ റഷ്യൻ മന്ത്രി പരിഹസിച്ചു എന്ന പ്രസ്താവന ജയശങ്കർ നടത്തിയിട്ടേയില്ല.

വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാൽ, വൈറൽ വീഡിയോയിൽ മന്ത്രിയുടെ കീഴ്ചുണ്ടിന്റെയും താടിയെല്ലുകളുടെയും ചലനങ്ങളിൽ കൃത്രിമത്വം കാണാം. തുടർന്ന് എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് വീഡിയോയുടെ ഓഡിയോ പരിശോധിച്ചു. വീഡിയോയിലെ സംഭാഷണം 99 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ വസ്തുതാ പരിശോധനാ വിഭാഗം (MEA Fact Check) ഈ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോയിൽ 'ബാബ തോക്ക' (Baba Thoka) എന്ന അക്കൗണ്ടിന്റെ വാട്ടർമാർക്ക് കാണാം. മുൻപും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും വ്യാജ വീഡിയോകൾ ഈ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന വീഡിയോ ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്തതാണ്.