ബഹിരാകാശത്തെ സൈനികവത്കരിക്കരുത് എന്ന പൊതുധാരണ എല്ലാ രാജ്യങ്ങൾക്കുമുണ്ട്. ഭൂമിയിലുള്ള എല്ലാവർക്കും പൊതുവായി അവകാശപ്പെട്ടതാണ് ബഹിരാകാശമെങ്കിലും അവിടെ യുഎസ്, റഷ്യ, ചൈന, ഇന്ത്യ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ തുടങ്ങിയ ലോകശക്തികൾ മാത്രമാണ് ആധിപത്യം സ്ഥാപിച്ചിട്ടുള്ളത്. ബഹിരാകാശരംഗത്ത് കൂടുതൽ രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത് ഭാവിയിൽ കിടമത്സരത്തിനും ആയുധവത്കരണത്തിനും സൈനികവത്കരണത്തിനും കാരണമാകുമെന്ന് ഭയപ്പെട്ടിരുന്നു. ആ ഭയം യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗോൾഡൻ ഡോം എന്ന പദ്ധതിയിലൂടെ.

To advertise here,

'നിർമാണം പൂർണ്ണമായാൽ ഗോൾഡൻ ഡോമിന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നോ ബഹിരാകാശത്തുനിന്നോ വിക്ഷേപിക്കുന്ന മിസൈലുകളെ പോലും തടയാൻ കഴിയും. രാജ്യത്തിന്റെ വിജയത്തിനും നിലനിൽപ്പിനും ഇത് വളരെ പ്രധാനമാണ്- പദ്ധതി അവതരിപ്പിക്കുമ്പോൾ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. യുഎസ് ബഹിരാകാശ സേന ജനറൽ മൈക്കിൾ ഗെറ്റ്‌ലീൻ പദ്ധതിക്ക് നേതൃത്വം നൽകും. കാനഡ ഇതിന്റെ ഭാഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ബഹിരാകാശ അധിഷ്ഠിത സെൻസറുകളും ഇന്റർസെപ്റ്ററുകളും ഉൾപ്പെടെ കരയിലും കടലിലും ബഹിരാകാശത്തും അടുത്ത തലമുറ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്ന് ട്രംപ് പറയുന്നു. ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ഹൈപ്പർ സോണിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പ്രതിരോധ സംവിധാനമെന്ന് പെന്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്തും വ്യക്തമാക്കി.

അമേരിക്കയെ എല്ലാത്തരത്തിലുമുള്ള ബാഹ്യ ആക്രമണങ്ങളിൽനിന്നും രക്ഷിക്കാനായി പ്രതിരോധ സംവിധാനം വികസിപ്പിക്കുമെന്ന് രണ്ടാമത് അധികാരമേറ്റതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപ് അങ്ങനെ പറഞ്ഞപ്പോഴും ആരും അക്കാര്യത്തിൽ വലിയ അപകടം മണത്തില്ല. എന്നാൽ ഡോൾഡൻ ഡോം സജ്ജമാക്കാനായി അമേരിക്കൻ ആയുധ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ മുന്നോട്ടുവെച്ച പ്രൊപ്പോസലാണ് ഇപ്പോൾ സംശയമുനയിൽ നിർത്തിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ ആശങ്കപ്പെടേണ്ട ഒന്നാണ് ലോക്ഹീഡ് മാർട്ടിൻ മുന്നോട്ടുവെച്ച ഗോൾഡൻ ഡോം.  

placeholder
എഐ നിർമിത പ്രതീകാത്മക ചിത്രം | gemini

എന്താണ് ഗോൾഡൻ ഡോം

ഹൈപ്പർ സോണിക് മിസൈലുകൾ, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ എന്നിവയ്ക്ക് പുറമെ ഭാവിയിൽ ബഹിരാകാശത്തുനിന്നു വരെ ഉണ്ടായേക്കാവുന്ന ആക്രമണങ്ങൾ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഗോൾഡൻ ഡോം. അമേരിക്ക ലക്ഷ്യമാക്കി വരുന്ന ഇത്തരം മിസൈൽ ഡ്രോൺ കൂട്ടങ്ങളെ കണ്ടെത്തുക, പിന്തുടരുക, എതിരിടുക ( detect, track, and intercetp)  എന്നതാണ് ലക്ഷ്യം. ഇതിനായി ട്രംപ് സർക്കാർ 175 ബില്യൺ ഡോളർ ( ഏകദേശം 14.99 ലക്ഷം കോടി രൂപ) പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിന്റെ ചെലവ് ഇതിലൊന്നും നിൽക്കില്ല എന്നാണ് വിലയിരുത്തൽ. ലോക്ഹീഡ് മാർട്ടിന്റെ പദ്ധതി പ്രാബല്യത്തിൽ വരണമെങ്കിൽ വലിയതോതിലുള്ള ഗവേഷണവും സാങ്കേതിക വിദ്യാ വികസനവുമൊക്കെ വേണം. ഇതിനൊപ്പം വലിയൊരു കാലയളവും. എന്നാൽ 2029-ൽ ഗോൾഡൻ ഡോം പ്രവർത്തന സജ്ജമാകുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. 

ഡോൾഡൻ ഡോമിനെ ലോക്ഹീഡ് മാർട്ടിൻ തന്നെ വിശേഷിപ്പിച്ചത് മാൻഹട്ടൻ പ്രോജക്ട് പോലെയുള്ളത് എന്നാണ്. യുഎസിന്റെ ആണവായുധ വികസന പദ്ധതിയായിരുന്നു മാൻഹട്ടൻ പ്രോജക്ട്. അതിനുവേണ്ടി കോടിക്കണക്കിന് ഡോളറും പ്രതിഭാശാലികളായ നിരവധി ആളുകളുടെ അധ്വാനവുമാണ് അമേരിക്ക വിനിയോഗിച്ചത്. അത്രത്തോളമോ അതിനേക്കാളേറെയോ വരുന്ന പ്രതിസന്ധികളും പണച്ചെലവുമൊക്കെ ഇക്കാര്യത്തിൽ അവർ പ്രതീക്ഷിക്കുന്നുമുണ്ട്. 

1983-ൽ അന്നത്തെ യുഎസ് പ്രസിഡന്റായ റൊണാൾഡ് റീഗൻ മുന്നോട്ടുവെച്ച സ്ട്രാറ്റജിക് ഡിഫൻസ് ഇനിഷ്യേറ്റീവിന്റെ ആധുനിക പതിപ്പാണ് ട്രംപിന്റെ ഡോൾഡൻ ഡോം. എഐ അധിഷ്ടിത സെൻസറുകളും കൃത്രിമോപഗ്രഹങ്ങളും ബഹിരാകാശത്തുനിന്നു ശത്രുവിന്റെ ആക്രമണശ്രമങ്ങളെ പരാജയപ്പെടുത്തലുമൊക്കെ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. നിലവിൽ യുഎസിന് പരമ്പരാഗത മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് ഉള്ളത്. ടെർമിനൽ ഹൈ ആൾട്ടിട്യൂഡ് ഏരിയ ഡിഫൻസ് - അഥവാ ഥാഡ്, ഏജിസ് സിസ്റ്റംസ് തുടങ്ങിയവ. ഇതിനെ ഭാവിയിൽ ഗോൾഡൻ ഡോമുമായി ഇണക്കിച്ചേർക്കും.

ഗോൾഡൻ ഡോമിന്റെ ഭാഗമായി ബഹിരാകാശത്ത് നൂറുകണക്കിന് കൃത്രിമോപഗ്രങ്ങളെയാകും വിന്യസിക്കുക. ലോകത്ത് എവിടെനിന്നും ഒരു മിസൈൽ വിക്ഷേപിക്കപ്പെട്ട് കഴിഞ്ഞാൽ ഇവ തിരിച്ചറിയും. അവ ബൂസ്റ്റർ ഘട്ടം കഴിയുന്നതിന് മുമ്പ് തന്നെ ഉപഗ്രഹങ്ങൾ ഇവയെ നിരീക്ഷിക്കാൻ ആരംഭിക്കും. അവയുടെ സഞ്ചാരപാത നിരീക്ഷിച്ച് യുഎസിനൊ അവരുടെ താത്പര്യങ്ങൾക്കോ വിഘാതമുണ്ടാക്കുന്നവയാണോ ഈ മിസൈലുകൾ എന്ന് എഐ അടിസ്ഥാനമാക്കിയുള്ള സെൻസറുകൾ കണക്കുകൂട്ടിയെടുക്കും.  ഇവ യുഎസിന് ഭീഷണിയാണെന്നു കണ്ടെത്തിയാൽ അവ ഭൂമിയിൽ തിരികെ പ്രവേശിക്കുന്നതിന് മുമ്പുതന്നെ നശിപ്പിച്ച് കളയും. പുതിയ കാലത്തെ യുദ്ധമുറകളിലൊന്നായ ഡ്രോൺ ആക്രമണങ്ങളെയും ഫലപ്രദമായി ചെറുക്കാൻ ഇവയ്ക്ക് സാധിക്കുമെന്നാണ് അവകാശവാദം. 

പരമ്പരാഗത ആയുധങ്ങളിൽനിന്നും ആണവാക്രമണങ്ങളിൽനിന്നും യുഎസിനെ സംരക്ഷിക്കുമെന്നാണ് ഗോൾഡൻ ഡോമിന് വേണ്ടി വാദിക്കുന്ന പെന്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്ത് പറയുന്നത്. 

placeholder
എഐ നിർമിത പ്രതീകാത്മക ചിത്രം| gemini

യു.എസിന്റെ കീശ കാലിയാക്കുമോ ഡോൾഡൻ ഡോം?

175 ബില്യൺ ഡോളർ പദ്ധതിയെന്ന് പറയുമ്പോഴും അതിലൊന്നും ഒതുങ്ങില്ലെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. 2029-ൽ പ്രാവർത്തികമാകുമെന്ന് പറയുമ്പോഴും ബഹിരാകാശ സാങ്കേതിക വിദ്യകളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രതിരോധ സംവിധാനം അത്ര പെട്ടെന്ന് സാധിക്കില്ലെന്നാണ് വിമർശനം. മാത്രമല്ല, ഇത്തരം സാങ്കേതിക വിദ്യകൾ വികസിപ്പിക്കേണ്ടതായുണ്ട്. ഇതിനൊക്കെ പണമിറക്കേണ്ടി വരും. 

ഇത് മാത്രമോ? ലോക്ഹീഡ് മാർട്ടിൻ തങ്ങളുടെ ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രതിരോധ സംവിധാനവും ഗോൾഡൻ ഡോമിന്റെ ഭാഗമാക്കി അവതരിപ്പിച്ചിട്ടുണ്ട്. ഒരു ബഹുതല വ്യോമ പ്രതിരോധ സംവിധാനമായി ഇതിനെ വികസിപ്പിക്കുന്നുവെന്ന് പറയുമ്പോഴും ഇപ്പോഴും പൂർണതോതിൽ വികസിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യകളാണ് ഇതിലുപയോഗിക്കുക എന്ന് വിശദീകരിക്കുന്നുണ്ട്. 

ഇതിന് പുറമെ ഗോൾഡൻ ഡോമിന് വേണ്ടിയുള്ള സാറ്റലൈറ്റ് വിക്ഷേപണം സ്‌പേസ്‌ എക്‌സ് വഴിയാകുമെന്ന് ഏകദേശമുറപ്പാണ്. സ്‌പേസ് എക്‌സ് സിഇഒ എലോൺ മസ്‌കാണെങ്കിൽ ട്രംപിന്റെ അടുപ്പക്കാരനും. ഇനി ഇതെല്ലാം കടന്ന് ഗോൾഡൻ ഡോം സജ്ജമാകുമെന്ന് കരുതിയാലും തുക നിലവിലെ കണക്കനുസരിച്ച് 500 ബില്യൺ ഡോളർ ( 42.83 ലക്ഷം കോടി രൂപ ) എങ്കിലുമാകുമെന്നാണ് കരുതുന്നത്. വിവിധ തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങളെ നിരന്തരം പരിപാലിച്ച് നിയന്ത്രിക്കേണ്ടതുള്ളതിനാൽ ഭാവിയിൽ ഇതൊരു വലിയ ബാധ്യത ആകുമെന്ന് വിമർശിക്കുന്നവരും ചെറുതല്ല.

യുഎസിലേക്ക് നേരിട്ട് മിസൈൽ അയക്കാൻ കെൽപ്പുള്ള രാജ്യങ്ങൾ വളരെ കുറവാണ്. റഷ്യയും ചൈനയും മാത്രമാണ് യുഎസിന് സമീപഭാവിയിൽ ഭീഷണി ഉയർത്താൻ സാധ്യതയുള്ള രാജ്യങ്ങൾ. എന്നാൽ, ഈ രാജ്യങ്ങളുമായി യുഎസ് അതിർത്തി പങ്കിടുന്നില്ല എന്നുള്ളതും നേരിട്ടുള്ള ഏറ്റുമുട്ടലുണ്ടാകാനുള്ള സാധ്യത വിരളമാക്കുന്നു.  മറ്റ് രാജ്യങ്ങൾക്ക് യുഎസിലേക്ക് നേരിട്ട് ആക്രമണം നടത്താനുള്ള ആയുധങ്ങളില്ല. ഇവയിൽ പലരും യുഎസിന്റെ സഖ്യകക്ഷികളോ സുഹൃത്തുക്കളോ ആണ്. അപ്പോൾ പിന്നെ എന്തിനാണ് കോടികൾ ചെലവിട്ട് ഒരു പ്രതിരോധ സംവിധാനമെന്ന് ചോദിക്കുന്നവരും കുറവല്ല. 

അതിനേക്കാൾ ആശങ്ക ഉണ്ടാക്കുന്നതാണ് ബഹിരാകാശത്തെ സൈനികവത്കരിക്കുന്നത്. പ്രതിരോധ സംവിധാനത്തിന്റെ മറവിൽ എഐ അധിഷ്ടിത സൈനിക സാറ്റലൈറ്റുകളുടെ വമ്പൻ വ്യൂഹമാണ് ബഹിരാകാശത്തേക്ക് എത്താൻ പോകുന്നത്. ലോകത്ത് എവിടെനിന്ന് മിസൈൽ വിക്ഷേപിക്കപ്പെട്ടാലും തിരിച്ചറിഞ്ഞ് ആക്രമിക്കാനുള്ള സംവിധാനങ്ങൾ അവയിലുണ്ടായേക്കാം. ലേസർ ആയുധങ്ങൾ ബഹിരാകാശത്ത് എത്തിയേക്കാം. യുഎസിന് താത്പര്യമില്ലാത്ത രാജ്യങ്ങളും സാറ്റലൈറ്റുകൾ തകരാറിലാക്കാൻ ശ്രമിച്ചേക്കാം. അങ്ങനെ ഒട്ടേറെ ആശങ്കകളും ഇതിനൊപ്പം ഉയരുന്നുണ്ട്. യുഎസിനെ ചെറുക്കാൻ മറ്റുരാജ്യങ്ങളും ബഹിരാകാശത്ത് ആയുധപ്പുരകൾ ഒരുക്കിയാൽ മറ്റൊരു ആഗോള ശീതയുദ്ധമാകും സംജാതമാകുക.